‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ ഈ ഒരു ഡയലോഗ് കേൾക്കാത്തവരായിട്ട് ആരുമുണ്ടാകില്ല. ടി.വി കാണുമ്പോൾ ഈ ഡയലോഗ് ഒരു പരസ്യ രൂപത്തിൽ ഇടക്കിടെ കയറി ഇറങ്ങിപ്പോകുന്നത് നാം കേട്ടിട്ടുണ്ട്. ഈ ഡയലോഗിലൂടെ ശ്വാസകോശാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യം വെക്കുന്നത്. ഡയലോഗ് മാത്രമല്ല, അതിൽ പറയുന്ന കാര്യങ്ങളും കൂടി നാം ഓരോരുത്തരും മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ്. ഇനി ഡയലോഗ് വിട്ടിട്ട് കാര്യത്തിലേക്ക് വരാം.
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും പുകവലിക്കാത്തവരിലും ശ്വാസകോശ അര്‍ബുദം ഉണ്ടാകാം. ശ്വാസകോശ അര്‍ബുദം പലപ്പോഴും തലച്ചോറും അസ്ഥികളും പോലുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഈ മാറ്റം സംഭവിക്കുമ്പോള്‍ വേദന, ഓക്കാനം, തലവേദന അല്ലെങ്കില്‍ മറ്റ് അടയാളങ്ങള്‍ക്കും ലക്ഷണങ്ങളും പ്രകടമാകും. ശ്വാസകോശ അര്‍ബുദം ശ്വാസകോശത്തിനപ്പുറത്തേക്ക് വ്യാപിച്ചുകഴിഞ്ഞാല്‍, ഇത് സാധാരണയായി ഭേദമാക്കാനാവില്ല. എന്നാല്‍ അടയാളങ്ങളും ലക്ഷണങ്ങളും കുറയ്ക്കുന്നതിനും കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നതിനും ചികിത്സകള്‍ ലഭ്യമാണ്.
ലക്ഷണങ്ങള്‍
ശ്വാസകോശ അര്‍ബുദം സാധാരണഗതിയില്‍ അതിന്റെ ആദ്യഘട്ടത്തില്‍ അടയാളങ്ങളും രോഗലക്ഷണങ്ങളും കാണിക്കാറില്ല. രോഗം പുരോഗമിക്കുമ്പോള്‍ ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ പതിയെ വെളിവാകുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടാം:
1.നിര്‍ത്താതെയുള്ള ചുമ
2.ചുമയ്ക്കുമ്പോള്‍ രക്തം വരിക
3.ശ്വാസം മുട്ടല്‍
4.നെഞ്ച് വേദന
5.ശരീരഭാരം കുറയല്‍
6.അസ്ഥി വേദന
7.തലവേദന
ശ്വാസകോശ അര്‍ബുദത്തിന്റെ കാരണങ്ങള്‍
പുകയില ഉപയോഗമാണ് ശ്വാസകോശ അര്‍ബുദത്തിനു പ്രധാന കാരണം. എങ്കിലും മറ്റു ഘടകങ്ങളും നിങ്ങളെ ഈ രോഗത്തിലേക്ക് നയിച്ചേക്കാം. മറ്റേതെങ്കിലും ചികിത്സയുടെ ഭാഗമായി നിങ്ങള്‍ നെഞ്ചിലേക്ക് റേഡിയേഷന്‍ തെറാപ്പിക്ക് വിധേയനായിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഈ അര്‍ബുദത്തിന് കാരണമാകുന്നതാണ് റാഡോണ്‍ വാതകം. മണ്ണ്, പാറ, വെള്ളം എന്നിവയിലെ യുറേനിയത്തിന്റെ സ്വാഭാവിക തകര്‍ച്ച കാരണമാണ് റാഡോണ്‍ നിര്‍മ്മിക്കുന്നത്, അത് നിങ്ങള്‍ ശ്വസിക്കുന്ന വായുവിന്റെ ഭാഗമായി മാറുന്നു. വീടുകള്‍ ഉള്‍പ്പെടെ ഏത് കെട്ടിടത്തിലും സുരക്ഷിതമല്ലാത്ത റാഡോണ്‍ ശേഖരിക്കപ്പെടുന്നു. ആസ്ബറ്റോസ്, അര്‍സെനിക്, ക്രോമിയം, നിക്കല്‍ എന്നിവ പോലുള്ള മറ്റ് വസ്തുക്കളുമായി ജോലിസ്ഥലത്ത് ഇടപഴകുന്നതും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ശ്വാസകോശ അര്‍ബുദത്തിന്റെ കുടുംബ ചരിത്രമുള്ളവരിലും ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.
നിങ്ങള്‍ക്ക് ഇനിപ്പറയുന്ന ജീവിതശൈലീ മാറ്റങ്ങളിലൂടെ ശ്വാസകോശ അര്‍ബുദത്തിന്‍ന്റെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുന്നതാണ്.
1.പുകയില ഉപയോഗം കുറയ്ക്കുക
ശ്വാസകോശ അര്‍ബുദങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് പുകവലി ഉപയോഗത്താലാണ്. പുകവലിക്കാരിലും സെക്കന്‍ഡ് ഹാന്‍ഡ് പുക ശ്വസിക്കുന്നവരിലും ശ്വാസകോശ അര്‍ബുദം സംഭവിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില്‍ 7000ലധികം രാസവസ്തുക്കള്‍ ഉണ്ട്. ഇവയില്‍ കുറഞ്ഞത് 250 എണ്ണം ദോഷകരമാണെന്നും 69 എണ്ണത്തോളം കാന്‍സറിന് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും, കാന്‍സര്‍ മരണനിരക്കിന്റെ ഏറ്റവും വലിയ അപകട ഘടകമാണ് പുകയില ഉപയോഗം. ശ്വാസകോശത്തെ ബാധിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതിലൂടെ പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു.
2.സെക്കന്‍ഡ് ഹാന്‍ഡ് പുക ഒഴിവാക്കുക
പുകവലി മാത്രമല്ല, സിഗററ്റില്‍ നിന്നുള്ള പുക ശ്വസിക്കുന്നവരും ശ്വാസകോശ കാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നില്ല. ഇതിന് സെക്കന്‍ഡ് ഹാന്‍ഡ് പുകവലി എന്നറിയപ്പെടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് പുകയ്ക്ക് സുരക്ഷിതമായ തോതില്‍ എക്‌സ്‌പോഷര്‍ ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പ്രതിവര്‍ഷം ഇത് 1.2 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്കും ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ലോകത്തെ പകുതിയോളം കുട്ടികളും പൊതുസ്ഥലങ്ങളില്‍ സിഗററ്റ് പുക അടങ്ങിയ വായു പതിവായി ശ്വസിക്കുന്നു, കൂടാതെ ഓരോ വര്‍ഷവും 65,000 പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് പുക മൂലമുള്ള അസുഖങ്ങളാല്‍ മരിക്കുകയും ചെയ്യുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
അന്തരീക്ഷത്തിലെ മോശം അവസ്ഥകളും നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കിയേക്കാം. മലീമസമായ വായു ശ്വസിക്കുന്നതും നിങ്ങളുടെ ശ്വാസകോശ ആരോഗ്യത്തിനു ഹാനികരമാണ്. മലിനീകരണ തോത് കൂടുതലായിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങുന്നതിന് മുമ്പ് മാസ്‌ക് ധരിക്കുക. വീട്ടിലും ആരോഗ്യകരമായ അന്തരീക്ഷം നിങ്ങള്‍ ഉറപ്പാക്കണം. നിങ്ങളുടെ വീട് കൃത്യമായി വൃത്തിയാക്കുകയും മലിനീകരണം നിയന്ത്രിക്കുകയും ചെയ്യുക.
3.ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമീകൃതാഹാരം കഴിക്കുന്നത് ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും പരമാവധി ഉള്‍പ്പെടുത്തുക. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഭക്ഷണ സ്രോതസ്സുകള്‍ മികച്ചതാണ്. വലിയ അളവില്‍ വിറ്റാമിനുകള്‍ ഗുളിക രൂപത്തില്‍ കഴിക്കുന്നത് ഒഴിവാക്കുക, കാരണം അവ ദോഷകരമാണ്.
4.പതിവായി വ്യായാമം ചെയ്യുക
കൃത്യമായ വ്യായാമം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യകരമായ ശ്വാസകോശത്തിനും വ്യായാമം പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിനും ശ്വാസകോശത്തിനുമായി ദിവസത്തില്‍ 30 മിനിറ്റെങ്കിലും നിങ്ങള്‍ വ്യായാമത്തിനായി സമയം കണ്ടെത്തുക.
ഏതു രോഗത്തെയും നേരത്തേ കണ്ടറിഞ്ഞ് ചികിത്സിക്കുന്നത് ആ രോഗത്തില്‍ നിന്ന് കരകയറാന്‍ നമ്മെ കൂടുതല്‍ പ്രാപ്തരാക്കുന്നു. അതുപോലെ തന്നെയാണ് ശ്വാസകോശ അര്‍ബുദവും. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് രോഗനിര്‍ണയത്തിനായി സഹായിക്കുന്നു, പ്രത്യേകിച്ചും നിങ്ങളുടെ കുടുംബത്തില്‍ ശ്വാസകോശ അര്‍ബുദത്തിന്റെ പാരമ്പര്യം ഉണ്ടെങ്കില്‍. രോഗനിർണയത്തിലൂടെ ശ്വാസകോശാർബുദത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടൻ തുടർ ചികിത്സ തുടങ്ങേണ്ടതാണ്.