Nammude Arogyam
General

ഇവ ശീലമാക്കൂ:രോഗപ്രതിരോധശേഷി എന്നും കൂടെ

രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് ശരീരത്തെ വൈറസില്‍ നിന്ന് രക്ഷിക്കേണ്ട കാലത്തിലൂടെയാണ് ഓരോരുത്തരും ഇന്ന് കടന്നുപോകുന്നത്. അസുഖങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ഓരോരുത്തരും അവരുടെ ജീവിതശൈലി കൂടി ഇക്കാലത്ത് കണക്കിലെടുക്കേണ്ടതുണ്ട്. പലപ്പോഴും നിങ്ങള്‍ അസുഖങ്ങള്‍ക്ക് വിധേയനാകുന്നതിനു ചിലപ്പോള്‍ യഥാര്‍ത്ഥ കാരണം നിങ്ങളുടെ ജീവിതശൈലിയുമാകാം. അത്തരം സാഹചര്യങ്ങളില്‍ ആദ്യം ചിന്തിക്കുന്നത് നിങ്ങളുടെ ഭക്ഷണരീതി ശ്രദ്ധിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ഉചിതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക എന്നതാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് മാത്രം നിര്‍ണ്ണയിക്കപ്പെടുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രോഗപ്രതിരോധം സങ്കീര്‍ണ്ണമായ ഒരു സംവിധാനമാണ്, മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, ഭക്ഷണ മാറ്റങ്ങള്‍ മാത്രം നിങ്ങള്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കുന്നതിനും അണുബാധകള്‍ക്കെതിരെ കൂടുതല്‍ ശക്തരാകാനും നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

മതിയായ ഉറക്കം നേടുക

ഉറക്കക്കുറവ് ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള സ്‌ട്രെസ് ഹോര്‍മോണുകളെ പുറത്തുവിടുന്നു, ഇത് ശരീരത്തില്‍ കൂടുതല്‍ വീക്കം ഉണ്ടാക്കുന്നു. പതിവായി 8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ടി സെല്ലുകള്‍ ഉണ്ടാക്കുന്നു. ഇത് ഇന്‍ട്രാ സെല്ലുലാര്‍ രോഗകാരികളുമായി പോരാടാന്‍ സഹായിക്കുന്ന ഒരുതരം സെല്ലുകളാണ്. കൂടാതെ, നിങ്ങള്‍ ഉറങ്ങുമ്പോള്‍ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ പ്രോട്ടീനുകളായ സൈറ്റോകൈനുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ആവശ്യമായ, ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ദിവസവും വ്യായാമം ചെയ്യുക

കൃത്യമായ വ്യായാമം നിങ്ങളുടെ ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിലൂടെ നിങ്ങള്‍ക്ക് അണുബാധകളും രോഗങ്ങളും ഒഴിവാക്കാം. പതിവായുള്ള വ്യായാമം നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഈ രണ്ട് ഘടകങ്ങളും പ്രധാനമാണ്. വ്യായാമങ്ങള്‍ രോഗപ്രതിരോധ കോശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു. രോഗകാരികളെ തിരിച്ചറിഞ്ഞ് അവ വേഗത്തില്‍ പോരാടും. വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും ലഭിക്കാന്‍ കഠിനമായ വ്യായാമത്തിന് പകരം മിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് നല്ലത്.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

രക്തത്തിലെ ഡബ്യു.ബി.സി എണ്ണത്തില്‍ സ്വാധീനം ചെലുത്തി, അമിതവണ്ണം നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അമിതവണ്ണം പല അനാരോഗ്യകരമായ അവസ്ഥകള്‍ക്കും വഴിവച്ച് ഇവയെല്ലാം കൂടി രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും കാരണമാകുന്നു. നിങ്ങള്‍ക്ക് അമിതഭാരമുണ്ടോ എന്നറിയാന്‍, നിങ്ങളുടെ ബി.എം.ഐ പരിശോധിക്കാവുന്നതാണ്.

സമ്മര്‍ദ്ദം നിയന്ത്രിക്കുക

ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിത സമ്മര്‍ദ്ദം. നിങ്ങള്‍ അമിത സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, നിങ്ങളുടെ പ്രതിരോധശേഷി കുറയുകയും നിങ്ങളെ രോഗിയാക്കുകയും ചെയ്യുന്നു. അതിനാല്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്.

പുകവലിയും മദ്യപാനവും വേണ്ട

അമിതമായ പുകയിലയും മദ്യപാനവും രോഗപ്രതിരോധ ആരോഗ്യത്തെ ബാധിക്കുകയും ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ അനാരോഗ്യകരമായ മറ്റു പല അവസ്ഥകള്‍ക്കും കാരണമാകുന്നു. അതിനാല്‍ മികച്ച രോഗപ്രതിരോധ സംവിധാനത്തിനായി പുകയിലയോടും മദ്യത്തിനോടും നോ പറയുക.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ധാരാളം പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് സമീകൃതാഹാരം കഴിക്കുന്നത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റുകളില്‍ ഇലക്കറികളും കടും നിറമുള്ള പഴങ്ങളും ധാരാളമുണ്ട്.

വ്യക്തിശുചിത്വം

ഈ കൊറോണക്കാലത്ത് വ്യക്തിശുചിത്വത്തിന്റെ ആവശ്യകത എല്ലാവരും മനസ്സിലാക്കിക്കാണും. വൈറസിനെ ചെറുക്കാന്‍ സഹായിക്കുന്ന ശരിയായ മാര്‍ഗവും ഇതുതന്നെ. വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജലദോഷം, അണുബാധ എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നതാണ്.

ആരോഗ്യ പരിശോധനകള്‍

നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്ക് രോഗങ്ങളുടെ മുന്‍തൂക്കം നിര്‍ണ്ണയിക്കാന്‍ കഴിയും. നിങ്ങളുടെ ശരീരം സമ്മര്‍ദ്ദത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും അടിസ്ഥാന സാഹചര്യങ്ങള്‍ കണ്ടെത്താനും ഇത് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക വഴികാട്ടിയാണ് ഹെല്‍ത്ത് ചെക്കപ്പുകള്‍.

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണ്. എന്നിരുന്നാലും എന്തെങ്കിലും രോഗം വന്നാൽ സ്വയം ചികിത്സക്ക് നിൽക്കാതെ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

Related posts