Nammude Arogyam
Covid-19

കോവിഡിനിടയിൽ ഭീതി പരത്തി ബ്ലാക്ക് ഫംഗസ്

കോവിഡ് 19 കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ ബി -1617 വകഭേദത്തെ ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ഒരു മുന്നറിയിപ്പായി നല്‍കിക്കഴിഞ്ഞു. സര്‍ക്കാരും ആരോഗ്യ വിദഗ്ധരും ജനങ്ങളെ ചികിത്സിക്കുന്നതിനൊപ്പം കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനായുള്ള പ്രതിരോധവും തീര്‍ക്കുന്നതിനിടയിലാണ് വീണ്ടും ഭീതി പരത്തി പുതിയൊരു പ്രതിസന്ധി ഉടലെടുക്കുന്നത്.

കോവിഡ് പ്രതിരോധത്തിനിടെ ആശങ്കയുയര്‍ത്തി രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ പലയിടത്തും പടരുന്നു. കോവിഡ് മുക്തി നേടിയവരില്‍ കണ്ടുവരുന്ന ഈ രോഗം ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ്. ഈ രോഗം ചികിത്സിച്ചില്ലെങ്കില്‍ ഏറെ അപകടകരമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒരു ഫംഗസ് അണുബാധയാണ് മ്യൂകോര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ്. കാഴ്ചയെയും തലച്ചോറിനെയും വരെ ബാധിച്ചേക്കാവുന്ന ഗുരുതരമായ ഫംഗല്‍ ബാധയാണിത്. പ്രമേഹ രോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡ് മുക്തിക്കുശേഷം ഈ ഒരു സ്ഥിതിവിശേഷം കാണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രശ്‌നമുള്ളവരെയോ അല്ലെങ്കില്‍ രോഗാണുക്കളോടും, രോഗങ്ങളോടും പോരാടാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്ന തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരെയും ഇത് പ്രധാനമായും ബാധിക്കുന്നു.

‘മ്യുക്കോര്‍മൈക്കോസിസ് മണ്ണിലും വായുവിലും ഭക്ഷണത്തിലും പോലും കാണപ്പെടുന്നു. പക്ഷേ അവയില്‍ വൈറല്‍ ലോഡ് കുറവാണ്, സാധാരണയായി അണുബാധയ്ക്ക് കാരണമാകില്ല. കോവിഡിന് മുമ്പ് വളരെ കുറച്ച് കേസുകള്‍ മാത്രമേ ബ്ലാക്ക് ഫംഗസ് ബാധയുടേതായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കോവിഡ് കാരണം ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന് എയിംസ് ഡയറക്ടര്‍ പറയുന്നു.

സ്റ്റിറോയിഡുകള്‍ ദുരുപയോഗം ചെയ്യുന്നത് ഈ അണുബാധയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണ്. പ്രമേഹ രോഗികളിലും കോവിഡ് പോസിറ്റീവ് രോഗികളിലും സ്റ്റിറോയിഡുകള്‍ എടുക്കുന്നവരിലും ഫംഗസ് അണുബാധയുടെ സാധ്യത വര്‍ദ്ധിക്കുന്നു. ഇത് തടയാന്‍ രോഗികള്‍ സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ടതായുണ്ട്. കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ആശുപത്രികളിലെ അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടത് വളരെ പ്രാധാനമാണ്.

ശരീര ഭാഗങ്ങളില്‍ നീര്, തലവേദന, ശരീര വേദന, ചുമ, ശ്വാസംമുട്ട്, ഛര്‍ദി എന്നിവയെല്ലാമാണ് ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കേണ്ട ലക്ഷണങ്ങള്‍. നഖം, ചര്‍മം എന്നിവയുടെ നിറം കറുപ്പായി മാറുന്നതും ലക്ഷണമായി കണക്കാക്കാം. മൂക്ക്, കണ്ണിന്റെ ഭാഗം, തലച്ചോറ് എന്നിവയെയും ഇത് ബാധിക്കും. കാഴ്ച നഷ്ടപ്പെടാന്‍ പോലും ബ്ലാക്ക് ഫംഗസ് കാരണമായേക്കും. കഠിനമായാല്‍ ശ്വാസകോശത്തിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ഹൈപ്പര്‍ ഗ്ലൈസീമിയ നിയന്ത്രിക്കുക

2.കോവിഡ് മുക്തിക്ക് ശേഷം പ്രമേഹരോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നിരന്തരമായി നിരീക്ഷിക്കുക

3.സ്റ്റിറോയിഡ് ഉപയോഗം ശ്രദ്ധിക്കുക. ശരിയായ സമയം, ശരിയായ ഡോസ്, ദൈര്‍ഘ്യം എന്നിവ കൈക്കൊള്ളുക.

4.ഓക്‌സിജന്‍ തെറാപ്പി സമയത്ത് ഹ്യുമിഡിഫയറുകളില്‍ ശുദ്ധവും അണുവിമുക്തവുമായ വെള്ളം ഉപയോഗിക്കുക

5.ആന്റിബയോട്ടിക്കുകള്‍, ആന്റിഫംഗലുകള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

6.മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും അവഗണിക്കാതിരിക്കുക

7.മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കണ്ടാല്‍ മ്യുക്കോര്‍മൈക്കോസിസിന് ചികിത്സ വൈകിപ്പിക്കരുത്.

കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് കേരളത്തില്‍ ആരോഗ്യം വകുപ്പിന്റെ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഫംഗല്‍ ബാധയ്ക്ക് സാധ്യത ഐ.സി.യുവിലെ രോഗികളിലും ഐ.സി.യു അന്തരീക്ഷത്തിലുമാണ്. അതിനാല്‍ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ആശുപത്രി അധികൃതര്‍ പരിശോധന നടത്തണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കുകയും വേണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരണം നല്‍കണം. ഫംഗല്‍ ബാധ തടയാന്‍ മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്നു.

Related posts