ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ വിവിധ തരത്തിലുള്ള ക്യാന്‍സര്‍ മൂലം മരിക്കുന്നു. ഈ ഗുരുതരമായ രോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക ക്യാന്‍സര്‍ ദിനം ആചരിക്കുന്നു.
മറ്റ് രോഗങ്ങളെപ്പോലെ, ക്യാന്‍സറുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പലതരം മിഥ്യകളും കിംവദന്തികളും പ്രചരിക്കുന്നുണ്ട്, ഇവയില്‍ പലതും സത്യമാണെന്ന് ഇതുവരെ വിശ്വസിച്ചിരുന്നിരിക്കണം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, അത്തരം കിംവദന്തികള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും, അതുമൂലം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത്തരം ചില കെട്ടുകഥകളും, കിംവദന്തികളും എന്തൊക്കെയാണെന്ന് നോക്കാം.
ക്യാന്‍സര്‍ പകരുന്നതിനെ കുറിച്ചും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. ക്യാന്‍സര്‍ രോഗികളുമായി, അടുത്തിടപഴകാൻ പലപ്പോഴും ആളുകള്‍ മടിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം ക്യാന്‍സര്‍ ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ്. അര്‍ബുദം, വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന ഒരേയൊരു സാഹചര്യം അവയവമോ ടിഷ്യൂവോ മാറ്റിവയ്ക്കല്‍ മാത്രമാണ്. അവയവ മാറ്റം സംബന്ധിച്ച നിയമങ്ങള്‍ നിലവില്‍ വളരെ കര്‍ശനമാണെങ്കിലും ദാതാവിനെ സൂക്ഷ്മമായി പരിശോധിക്കുന്നതിനാല്‍ ഇതും അപൂര്‍വമാണ്.
നാഷണല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, സ്തനത്തിലെ എല്ലാ മുഴയും അര്‍ബുദമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ഫൈബ്രോഡെനോമ പോലുള്ള മറ്റ് പല അവസ്ഥകളും സ്തനത്തില്‍ മുഴകള്‍ക്ക് കാരണമാകും. എന്നാല്‍ സ്തനത്തില്‍ ഒരു മുഴയോ സ്തനകലകളില്‍ എന്തെങ്കിലും മാറ്റമോ ശ്രദ്ധയില്‍പ്പെട്ടാല്‍, കൃത്യസമയത്ത് ഒരു ഡോക്ടറെ സമീപിച്ച ശേഷം, ഈ അവസ്ഥ ശരിയായി കണ്ടെത്തി ചികിത്സിക്കണം.
ക്യാന്‍സര്‍ രോഗികളുടെ ചിത്രങ്ങളില്‍ പലപ്പോഴും അവരെ കഷണ്ടിയായി കണ്ടിട്ടുണ്ടാകും, ഇതിന്റെ അടിസ്ഥാനത്തില്‍ മുടി കൊഴിച്ചില്‍ ക്യാന്‍സറിന്റെ ലക്ഷണമാകുമെന്ന് ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാൽ, ഇത് തികച്ചും അഭ്യൂഹമാണെന്നാണ് ഡോക്ടര്‍മാര്‍ കണക്കാക്കുന്നത്. മുടി കൊഴിച്ചില്‍ പ്രശ്‌നം ചില കീമോതെറാപ്പി മരുന്നുകളുമായി ബന്ധപ്പെട്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്കിടെ ഉപയോഗിക്കുന്ന രീതികളും മുടി കൊഴിച്ചിലിന് കാരണമാകും, അതിനാൽ മുടി കൊഴിച്ചില്‍ മാത്രം ക്യാന്‍സറിന്റെ ലക്ഷണമായി കണക്കാക്കാനാവില്ല.
മൈക്രോവേവ് ചെയ്ത ഭക്ഷണം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കേട്ടിരിക്കണം. പക്ഷേ വിദഗ്ധര്‍ ഇത് ഒരു മിഥ്യയായി കണക്കാക്കുന്നു. ഭക്ഷണം ചൂടാക്കാന്‍ മൈക്രോവേവ് വികിരണം ഉപയോഗിക്കുന്നു, ഇതിലൂടെ ക്യാന്‍സറിന് സാധ്യതയില്ല. മാത്രമല്ല ചൂടുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ക്യാന്‍സര്‍ വരാമെന്നതിനും യാതൊരു സാധ്യതയില്ല.
സെല്‍ഫോണുകള്‍ ക്യാന്‍സറിന് കാരണമാകുമെന്നതിന് ഇന്നുവരെ ഒരു തെളിവുമില്ല. ഈ ഉപകരണങ്ങള്‍ റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു എന്നതാണ് ഈ മിഥ്യാധാരണ വികസിച്ചതിന് ഒരു കാരണം. ശരീരം ഈ വികിരണം ആഗിരണം ചെയ്യുന്നുവെന്നും പറയുന്നു. അയോണൈസിംഗ് റേഡിയേഷനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്, ഉദാഹരണത്തിന്, എക്‌സ്-റേകള്‍, ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. എന്നാൽ, റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍ നോണ്‍-അയോണൈസിംഗ് റേഡിയേഷനാണ്, ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ക്യാന്‍സര്‍ തീര്‍ച്ചയായും വളരെ മാരകമായ ഒരു രോഗമാണ്, എന്നിരുന്നാലും ആളുകള്‍ക്ക് ഇതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ഉണ്ടെങ്കില്‍, ഈ അവസ്ഥ കൃത്യസമയത്ത് കണ്ടെത്താനാകും. ക്യാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ അതിന്റെ തീവ്രതയും മരണ സാധ്യതയും കുറയ്ക്കാനാകും.
ക്യാന്‍സര്‍ ഒരിക്കലും ഭേദമാക്കാനാവില്ലെന്ന് പലരും കരുതുന്നു. എന്നാല്‍, ക്യാന്‍സര്‍ മൂലമുള്ള മരണ സാധ്യത രോഗത്തിന്റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് മാത്രമാണ്. ക്യാന്‍സര്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ ഇതില്‍ വലിയൊരു ജോലി ചെയ്തിട്ടുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ മിക്ക രോഗികളുടെയും ജീവന്‍ രക്ഷിക്കാനാകും. യുവരാജ് സിംഗ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങള്‍ ഇതിന് ഉദാഹരണമാണ്.
മുകളിൽ പറഞ്ഞവയെല്ലാം ക്യാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകളാണ്. എന്നിരുന്നാലും ഇവയെക്കുറിച്ചെല്ലാം ഇപ്പോഴും വിവിധ പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്.