Nammude Arogyam
Cancer

സ്കിൻ ക്യാൻസർ വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഏതൊക്കെ?

ക്യാന്‍സര്‍ എന്ന് പറയുമ്പോള്‍ അത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ജീവൻ തന്നെ ഭീഷണിയാകുന്ന ഒരു ഭീകര അസുഖം തന്നെയാണ് ക്യാൻസർ. ശരീരത്തിന്റെ പല ഭാഗങ്ങളെയും കാർന്നു തിന്നുന്ന വിവിധ തരം ക്യാൻസറുകൾ ഉണ്ട്. അതിൽപ്പെട്ട ഒന്നാണ് സ്കിൻ ക്യാൻസർ അഥവാ ചര്‍മ്മാര്‍ബുദം.

സ്‌കിന്‍ ക്യാന്‍സര്‍ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ ഒന്നാണ്, ഇത് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്ന ഒരു തരം കാന്‍സര്‍ കൂടിയാണ്. പക്ഷേ, ആദ്യഘട്ടത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിനാൽ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി ശരീരത്തില്‍ ചര്‍മ്മാര്‍ബുദം വരുന്നത് ഏതൊക്കെ ഭാഗങ്ങളിലാണെന്ന് നോക്കാം.

1.കാല്‍വിരലുകള്‍ക്കിടയില്‍

മിക്ക ആളുകളും വിരലുകള്‍ക്കിടയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ വേനല്‍ക്കാലത്ത് ഈ പ്രദേശങ്ങളിൽ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വേനല്‍ക്കാലത്ത് സൂര്യരശ്മികളില്‍ നിന്ന് സുരക്ഷിതമല്ലാത്തതിനാല്‍ ഇവിടെ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു. കാല്‍വിരലുകള്‍ക്കിടയില്‍ പിങ്ക്, പുറംതൊലി ഉള്ള പാടുകള്‍ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. ഒരുപക്ഷെ ഇത് ചര്‍മ്മ കാന്‍സറിനെയോ മെലനോമയെയോ ( ശരീരത്തിന് നിറം നല്‍കുന്ന വര്‍ണ്ണവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന മെലാനോസൈറ്റ് എന്നറിയപ്പെടുന്ന കോശങ്ങള്‍ അമിതമായി വളരുന്ന അവസ്ഥ ) സൂചിപ്പിക്കാം.

2.ചെവിയില്‍

ചെവിയുടെ പ്രതലങ്ങള്‍ എപ്പോഴും ഒരു പോലെയായിരിക്കില്ല. ചെവി പരിശോധിക്കുമെങ്കിലും ഒരിക്കലും പലരും ചെവിയുടെ അടിഭാഗം പരിശോധിക്കുകയില്ല. എന്തെങ്കിലും വിചിത്രമായ പാലുണ്ണി പോലെയോ, മറുകോ അല്ലെങ്കില്‍ രക്തസ്രാവമോ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ക്രമക്കേടുകള്‍ ഭേദമാകുന്നില്ലെങ്കില്‍ ദയവായി ഡോക്ടറുമായി ബന്ധപ്പെടുക. ഇത് നേരത്തെയുള്ള രോഗനിര്‍ണയത്തിന് സഹായിക്കും.

3.കണ്ണുകള്‍

കണ്ണുകള്‍ക്ക് ചുറ്റും വളര്‍ച്ചയോ അല്ലെങ്കില്‍ മറുകോ കാക്കപ്പുള്ളി ഉണ്ടെങ്കിലോ കണ്‍പീലികള്‍ കൊഴിഞ്ഞ് വീഴാന്‍ തുടങ്ങുന്നുണ്ടെങ്കിലോ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവയെല്ലാം സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. എല്ലാ മാസവും ഇത് പരിശോധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.

4.സ്വകാര്യഭാഗങ്ങള്‍

സ്വകാര്യഭാഗങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. കാരണം ക്യാന്‍സര്‍ ഉണ്ടാവുന്നതിന് പലപ്പോഴും ഏറ്റവുംകൂടുതല്‍ സാധ്യത സ്വകാര്യഭാഗങ്ങളിലാണ്. സ്വകാര്യ ഭാഗങ്ങളും മെലനോമയ്ക്ക് ഇരയാകുന്നു. അതിനാല്‍ വിചിത്രമായ പാടുകള്‍ അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ പൊതുവായ നിറവ്യത്യാസം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

5.കൈകള്‍

നമ്മളെല്ലാ ദിവസവും ഓരോ കാര്യത്തിനും സെക്കന്റുകള്‍ക്ക് ഇടവേളയില്‍ കൈകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കൈയ്യിലുണ്ടാവുന്ന മാറ്റം പലപ്പോഴും പലരും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ് സത്യം. മാസത്തിലൊരിക്കല്‍ അവയെ നന്നായി നോക്കുന്നത് നല്ലതാണ്. കൈകളിൽ തന്നെ പലപ്പോഴും നഖങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. നഖങ്ങള്‍ക്ക് ചുറ്റും ഇരുണ്ട പാടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. നഖത്തിനടുത്തുള്ള വിചിത്രവും അസാധാരണവുമായ മുറിവുകളും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

6.സ്തനങ്ങള്‍ക്ക് താഴെ

പലപ്പോഴും മറുകുകളോ പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലുള്ള പാടുകളോ സ്തനങ്ങള്‍ക്ക് കീഴില്‍ കാണാം. ഒരു കണ്ണാടിയില്‍ ഈ പാടുകള്‍ പരിശോധിക്കാന്‍ കഴിയും. സംശയാസ്പദമായ പാടുകള്‍ കണ്ടാല്‍ ഡോക്ടറെ പരമാവധി നേരത്തെ തന്നെ കാണുന്നതിന് ശ്രമിക്കുക. നേരത്തെയുള്ള രോഗനിര്‍ണയം തന്നെയാണ് രോഗത്തെ ആദ്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്.

7.പാദങ്ങള്‍

എല്ലാ ദിവസവും ശ്രദ്ധിക്കാത്ത മറ്റൊരു സ്ഥലമാണ് കാലുകള്‍. കാലുകളിലും മെലനോമ ഉണ്ടാകാം. അതിനാൽ ചര്‍മ്മത്തിലെ ക്യാന്‍സറിനെ സൂചിപ്പിക്കുന്ന ഒരു അടയാളമായ മറുക്, തടിപ്പ് അല്ലെങ്കില്‍ നിറ വ്യത്യാസം എന്നിവയെല്ലാം ശ്രദ്ധിക്കണം. കൂടാതെ രക്തസ്രാവം അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

8.ടാറ്റൂ

ശരീരത്തിൽ എവിടെയെങ്കിലും ടാറ്റൂ ഉണ്ടെങ്കിൽ എല്ലാ മാസവും ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ പരിശോധിക്കുക. ടാറ്റൂവിന് ചുറ്റും ഒരു തടിപ്പോ, നിറവ്യത്യാസമോ കാണുകയാണെങ്കില്‍ ഉടനേ തന്നെ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍, പച്ചകുത്തിയത് കാരണം ഈ മാറ്റം എളുപ്പത്തില്‍ നമുക്ക് കാണാനാവില്ല.

9.വായയുടെ ഉള്ളില്‍

മാസത്തിലൊരിക്കല്‍ വായ പരിശോധിക്കേണ്ടതാണ്. ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിച്ച് അണ്ണാക്ക്, നാവ്, കവിളുകള്‍ എന്നിവ പരിശോധിക്കുക. എന്തെങ്കിലും പ്രത്യേക കറുത്ത പാടുകള്‍ കാണുന്നുണ്ടെങ്കില്‍ അത് കൂടുതൽ ശ്രദ്ധിക്കണം. ഇത് കൂടാതെ മൂന്നാഴ്ച കഴിഞ്ഞിട്ടും ഭേദമാകാത്ത അള്‍സര്‍ ഉണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം, അത് സ്‌കിന്‍ ക്യാന്‍സറിനെ സൂചിപ്പിക്കാം. പ്രത്യേകിച്ചും, പതിവായി സിഗരറ്റ് കത്തിക്കുന്ന ആളുകള്‍ക്ക് ഇതിന് സാധ്യതയുണ്ട്.

നമ്മുടെ ആരോഗ്യത്തെ ഇഞ്ചിഞ്ചായി കാര്‍ന്ന് തിന്നുന്ന ഒന്നാണ് ക്യാന്‍സര്‍. അതിനാൽ ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Related posts