ക്യാൻസർ (Cancer) അഥവ അർബുദം എന്ന് കേൾക്കുന്നത് തന്നെ പേടിയുള്ള കാര്യമാണ് പലർക്കും.ക്യാൻസർ ചികിത്സയുടെ ഒരു പ്രധാന ഘടകമാണ് വ്യായാമം (Exercise). ആരോഗ്യം നല്ല രീതിയിൽ നിലനിർത്താൻ ഡോക്ടർമാർ എപ്പോഴും ശുപാർശ ചെയ്യുന്ന ഒന്ന് കൂടിയാണ് വ്യായാമമെന്ന് എല്ലാവർക്കുമറിയാം. ചികിത്സയുടെ ഓരോ ഘട്ടത്തിലും സ്ഥിരമായുള്ള വ്യായാമം ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ക്യാൻസർ രോഗനിർണയത്തിന് മുമ്പ് ഒരുപക്ഷെ വ്യായാമം ചെയാതിരുന്നവർക്ക് പോലും പിന്നീട് ജീവിതശൈലി മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യാവുന്നതാണ്.
ക്യാൻസർ രോഗികൾ ചികിത്സയ്ക്കിടെ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ശരീരം ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിക്കാൻ ഇത് സഹായിക്കും. തുടർച്ചയായുള്ള ക്ഷീണം മാറ്റാനും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ഫിറ്റ്നസ്, ശാരീരിക ശേഷി, ശക്തി എന്നിവ നിലനിർത്താനും സഹായിക്കും. കൂടാതെ രോഗത്തെക്കുറിച്ചുള്ള വിഷമവും ഉത്കണ്ഠയും ഇല്ലാതാക്കും. രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കാൻ ഇത് സഹായിക്കും. പേശികളുടെ ബലം വീണ്ടെടുക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ക്യാൻസർ രോഗികളിൽ നിരാശയും വിഷവുമൊക്കെ കൂടുതലായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവഗണിക്കാൻ ഒരു പരിധിവരെ വ്യായാമത്തിന് കഴിയും.
ക്യാൻസർ രോഗികൾ വ്യായാമം ചെയ്യുന്നത് നിരവധി ശാരീരികവും മാനസികവുമായ നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങളിലും പറയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ തുടരുന്നതിനോ മുമ്പായി എപ്പോഴും ഒരു ഡോക്ടറുടെ മാർഗനിർദ്ദേശം തേടുകയും ജാഗ്രതയോടെ സമീപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
വ്യായാമം ശാരീരികമായി മെച്ചപ്പെടുത്താൻ നല്ലതാണ്. ക്ഷീണം കുറയ്ക്കുക, മാനസികാവസ്ഥ വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുക എന്നിവയ്ക്ക് ഇത് സഹായിക്കും. പക്ഷെ ക്യാൻസർ ചികിത്സകൾ ശരീരത്തെ ദുർബലപ്പെടുത്തുകയും ചില രോഗികൾക്ക് വ്യായാമം ഒരു വെല്ലുവിളിയാക്കുകയും ചെയ്‌തേക്കാമെന്നത് മറക്കരുത്. ഓരോ രോഗിക്കും മികച്ച വ്യായാമ പദ്ധതി നിർണ്ണയിക്കാൻ ഡോക്ടർക്ക് കഴിയും.
വ്യക്തിഗത കഴിവുകൾക്കനുസരിച്ച് ശാരീരിക പ്രവർത്തനങ്ങൾ നടത്തണം. ഡോക്ടർക്ക് രോഗിയുടെ കഴിവുകളും പരിമിതികളും വിലയിരുത്താനും അവരുടെ അദ്വിതീയ ചികിത്സാ പദ്ധതിയെ അടിസ്ഥാനമാക്കി വ്യക്തിഗത ശുപാർശകൾ നൽകാനും കഴിയും. നടത്തം, യോഗ അല്ലെങ്കിൽ നീന്തൽ എന്നിവയാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. രോഗികൾ അവരുടെ ശരീരം ശ്രദ്ധിക്കുകയും അമിതമായ അദ്ധ്വാനം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ വ്യായാമ വേളയിലോ ശേഷമോ എന്തെങ്കിലും വേദനയോ ശ്വാസതടസ്സമോ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ക്യാൻസർ രോഗികളോ അല്ലെങ്കിൽ ചികിത്സയിൽ ഇരിക്കുന്നവരോ വ്യായാമം ആരംഭിക്കുന്നത് മുൻപ് തീർച്ചയായും ഡോക്ടറുടെ ഉപദേശം തേടണം. രോഗത്തിന് മുൻപ് ചെയ്തിരുന്ന വ്യായാമങ്ങൾ ഒരു പക്ഷെ രോഗത്തിന് ചികിത്സ തുടരുന്ന സമയത്ത് ചെയ്യാൻ സാധിച്ചെന്ന് വരില്ല. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നതിൽ അല്ല കാര്യം മറിച്ച് ആരോഗ്യത്തോടെ ഇരിക്കുകയാണ് വേണ്ടത്.
ചികിത്സയ്ക്ക് ശേഷം ക്യാൻസറിന് മുൻപുള്ള അതേ ഫിറ്റ്നെസിലേക്ക് തിരിച്ചെത്താൻ സമയം എടുക്കും. ഏത് വ്യായാമ ആണോ മികച്ചതെന്ന് കൃത്യമായി ഡോക്ടറുടെ ഉപദേശത്തോടെ തിരഞ്ഞെടുക്കണം. ശരീരത്തെ ബാധിച്ച അർബുദം, ചികിത്സ, പാർശ്വഫലങ്ങൾ, ശാരീരിക അവസ്ഥ, മറ്റ് രോഗങ്ങൾ എന്നിവയെല്ലാം പരിഗണിച്ച ശേഷം മാത്രമേ വ്യായാമം തിരഞ്ഞെടുക്കാൻ പാടുള്ളൂ..
ചികിത്സ തുടർന്ന് കൊണ്ടിരിക്കുന്നവർ തീർച്ചയായും വ്യായാമം ചെയ്യുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാർശ്വഫലങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ വേണം വ്യായാമം ആരംഭിക്കാൻ. വ്യായാമം ആരംഭിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.സാവധാനം ആരംഭിക്കുക: ക്യാൻസർ ചികിത്സയ്ക്ക് മുമ്പ് ശാരീരികമായി സജീവമായിരുന്നെങ്കിൽ പോലും ചികിത്സ സമയത്തോ അതിന് ശേഷമോ സാവധാനത്തിൽ മാത്രമേ വ്യായാമം വീണ്ടും തുടങ്ങാൻ പാടുള്ളൂ. ഇത് പരിക്ക് ഒഴിവാക്കാനും നിരുത്സാഹപ്പെടുത്താതിരിക്കാനും സഹായിക്കും.
2.സുരക്ഷിതമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യുക: ചികിത്സ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അണുക്കൾ എളുപ്പത്തിൽ പടരുന്ന വലിയ ജിമ്മുകൾ ഒഴിവാക്കുക. നല്ല കാലാവസ്ഥയാണെങ്കിൽ വീട്ടിലോ പുറത്തോ വ്യായാമം ചെയ്യാം.
3.ശരീരത്തെ ശ്രദ്ധിക്കുക: ശരീരത്തിലെ എനർജി ലെവൽ കുറവാണെങ്കിൽ, എത്ര സമയം അല്ലെങ്കിൽ എത്ര കഠിനമായി വ്യായാമം ചെയ്യുന്നു എന്നത് കൃത്യമായി ക്രമീകരിക്കുക.
4.ജലാംശം നിലനിർത്തുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക: നിർജ്ജലീകരണം ഒഴിവാക്കാൻ വ്യായാമ സമയത്തും ദിവസം മുഴുവനും ധാരാളം വെള്ളം കുടിക്കുക. പോഷകാഹാരങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, വ്യായാമത്തിന് ശേഷം ശരീരം വീണ്ടെടുക്കാൻ സഹായിക്കുന്നു. പോഷകാഹാര പദ്ധതി വികസിപ്പിക്കാൻ ഒരു ഓങ്കോളജി ഡയറ്റീഷ്യൻ സഹായിക്കും.
പതിവായി ഡോക്ടറെ കാണുക. ചികിത്സയിലുട നീളം ശരീരത്തിനും ആരോഗ്യത്തിനും പല മാറ്റങ്ങൾ ഉണ്ടാകാം. പതിവ് പരിശോധനയ്ക്കിടെ ബ്ലഡ് കൗണ്ടൊക്കെ പരിശോധിക്കുന്നത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണോയെന്ന് എന്നത് കൂടി ഉറപ്പ് വരുത്തും.