ചോറ് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ചും മലയാളികള്‍ക്ക് പ്രിയ ഭക്ഷണമാണ്. ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാതിരിയ്ക്കാന്‍ സാധിയ്ക്കാത്തവരാണ് മിക്കവാറും പേരും. എന്ത് രോഗമുള്ളവരാണെങ്കിലും, ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ഇതല്ലാതെ ദിവസവും മൂന്നു നേരവും നാലു നേരവുമെല്ലാം ചോറ് കഴിയ്ക്കുന്നവരുമുണ്ടാകും. എന്നാൽ ചോറ് വാസ്തവത്തില്‍ തടി കൂടാനുള്ള ഒരു കാരണമാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ് ഇതിന് കാരണം. ഇതു പോലെ പ്രമേഹ രോഗികളുടെ ശത്രുവാണ് ചോറ് എന്നും പറയാം. അത്കൊണ്ട് തന്നെ ചോറ് ഒരു മാസം നാം കഴിയ്ക്കാതിരിയ്ക്കുന്നുവെന്ന് കരുതുക. എന്ത് സംഭവിയ്ക്കും എന്ന് നോക്കാവുന്നതാണ്.
പ്രത്യേകിച്ച് ഒന്നും സംഭവിയ്ക്കില്ല എന്നതാണ് മറുപടി. കാരണം ചോറിന് പകരം നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ കാരണം. ചോറ് ഉപേക്ഷിച്ച് പകരം നാലഞ്ച് ചപ്പാത്തി വീതം കഴിയ്ക്കുന്നവരുണ്ടാകും. ചോറിനെ അപേക്ഷിച്ച് ഗ്ലൈസമിക് ഇന്‍ഡെക്‌സ്, അതായത് രക്തത്തില്‍ ഷുഗര്‍ ഉയര്‍ത്തുന്ന തോത് കുറവാണെങ്കിലും എണ്ണത്തില്‍ കൂടുതല്‍ ചപ്പാത്തി കഴിയ്ക്കുമ്പോള്‍ ചോറ് കഴിയ്ക്കുന്ന ഒരേ ഇഫക്ട് തന്നെയാണ് വരുന്നത്. രാത്രിയില്‍ ചോറിന് പകരം കുറേ ചപ്പാത്തി കഴിയ്ക്കുന്നവരുടെ കാര്യത്തിലും സംഭവിയ്ക്കുന്നത് ഇതു തന്നെയാണ്. കാര്യമുണ്ടാകില്ലെന്നര്‍ത്ഥം.
നാം ചോറ് ഉപേക്ഷിച്ചാലും, പ്രത്യേകിച്ച് മലയാളികളുടെ കാര്യമെടുത്താല്‍, അരി ഉള്‍പ്പെടുന്ന ഇഡ്ഢലി, ദോശ, അപ്പം, പുട്ട് തുടങ്ങിയവയെല്ലാം കഴിയ്ക്കുന്നവരാണ് മിക്കവാറും പേര്‍. ഇതിലെ അരിയും കഴിയ്ക്കുന്ന ചോറുമെല്ലാം തന്നെ ഒരേ ഫലം തന്നെയാണ് നല്‍കുന്നത്. പ്രത്യേകിച്ചും പുളിപ്പിച്ച് അതായത് ഫെര്‍മെന്റ് ചെയ്ത് കഴിയ്ക്കുന്ന അരിപ്പലഹാരം സാധാരണ ചോറിനേക്കാള്‍ ദോഷമാണെന്ന് തന്നെ പറയാം. ഇതിനാല്‍ ചോറ് ഉപേക്ഷിച്ച് ഇത്തരം പലഹാരങ്ങളും കൂടുതല്‍ ചപ്പാത്തി, മില്ലെറ്റ് അഥവാ തിന തുടങ്ങിയ ധാന്യങ്ങള്‍ കഴിച്ചാലും കാര്യമുണ്ടാകില്ലെന്നര്‍ത്ഥം. ചോറ് ഉപേക്ഷിയ്ക്കുന്നവര്‍ അരി കൊണ്ടുള്ള ഇത്തരം വിഭവങ്ങളും കൂടെ നിര്‍ത്തിയാലേ പൂര്‍ണ ഗുണം ലഭിയ്ക്കൂ.
ദോഷമില്ലാതെ തന്നെ ചോറ് കഴിയ്ക്കാനായി നാം ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. തവിട് കളയാത്ത അരി കൊണ്ടുള്ള ചോറ് കഴിയ്ക്കാം. വെള്ളരിയ്ക്ക് പകരം മട്ട അരി ഉപയോഗിയ്ക്കുക. ഇതു പോലെ ഇത് വാര്‍ത്തു മാത്രം ഉപയോഗിയ്ക്കുക. ചോറിന്റെ അളവ് പ്രധാനമാണ്. ഒരു പിടി ചോറ് എന്നത് ശീലമാക്കുക. ചോറ് ഒരു പാത്രം നിറയെ കഴിയ്ക്കുമ്പോഴാണ് ദോഷമാകുന്നത്. കഴിവതും രാത്രിയില്‍ ചോറ് ഒഴിവാക്കുക. കാരണം രാത്രിയിലെ ഭക്ഷണ ശീലം തടിയും വയറുമെല്ലാം ചാടാനുള്ള പ്രധാന കാരണമാണ്.
ചോറ് ഉപേക്ഷിയ്ക്കുന്നവരെങ്കില്‍ മുകളില്‍ പറഞ്ഞ അരി വിഭവങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ ഗുണമുണ്ടാകൂ. ചോറ് ഉപേക്ഷിച്ച് തടി കുറയ്ക്കാന്‍ നോക്കുന്നവരെങ്കില്‍ ആരോഗ്യകരമായ മറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കാം. സാലഡുകളും സൂപ്പുമെല്ലാം ഏറെ നല്ലതാണ്. വിശപ്പു കുറയ്ക്കാനും പോഷകം നല്‍കാനും ഇത് സഹായിക്കും. മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ പുഴുങ്ങിക്കഴിയ്ക്കാം. കടലയും ചെറുപയറുമെല്ലാം ഏറെ ഗുണകരമാണ്. തൈര് പോലുള്ള ആരോഗ്യകരമായ ഭക്ഷണ വസ്തുക്കളും ഇതിന്റെ കൂടെ ഉൾപ്പെടുത്തുക.
ചോറ് കഴിയ്ക്കുന്നരാണെങ്കില്‍, പാത്രത്തില്‍ കാല്‍ ഭാഗം മാത്രം ചോറ് എടുത്ത് ബാക്കി ഭാഗം കറികളും മററും കൊണ്ട് നിറയ്ക്കുക. അതല്ലാതെ പാത്രത്തില്‍ കൂടുതല്‍ ചോറ്, മറ്റ് വിഭവങ്ങള്‍ പേരിന് മാത്രം എന്ന രീതി തെറ്റാണ്.