Nammude Arogyam
Health & WellnessGeneral

കൈകളിലെ ഈ മാറ്റങ്ങള്‍ ശരീരത്തിലെ ചില അനാരോഗ്യത്തെ സൂചിപ്പിക്കുന്നു

കൈകളിലെ ചില മാറ്റങ്ങള്‍ പറയുന്നത്, ശരീരത്തിലെ ചില അനാരോഗ്യ അവസ്ഥകളാണ്. ഇവ ചിലപ്പോള്‍ ഗുരുതരമായവയുമാകാം. കൈകളിലെ അത്തരം മാറ്റങ്ങള്‍ കണ്ടാല്‍ ഇനിപ്പറയുന്ന അസുഖങ്ങള്‍ ഉള്ളതായി കണക്കാക്കാം.

1.തൈറോയ്ഡ് പ്രശ്‌നങ്ങള്‍

ശരീരോഷ്മാവിനെയും പേശീബലത്തെയുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഗ്രന്ഥി. വീര്‍ത്ത വിരലുകളും തണുത്ത കൈകളും സൂചിപ്പിക്കുന്നത് ചിലപ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളായിരിക്കാം. കൈകളില്‍ ചുവന്ന ചര്‍മ്മമോ, വരണ്ട ചര്‍മ്മമോ പോലുള്ള അടയാളങ്ങള്‍ കണ്ടാല്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

2.പോഷകക്കുറവ്

കൈയിലെ നഖങ്ങള്‍ ഇടയ്ക്കിടെ പൊട്ടുന്നത് സൂചിപ്പിക്കുന്നത് പോഷകക്കുറവാകാം. ദുര്‍ബലമായ നഖങ്ങള്‍ സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി അല്ലെങ്കില്‍ ബയോട്ടിന്‍ എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നു. ഇത് ഹൈപ്പോകാല്‍സെമിയയുടെ ലക്ഷണങ്ങളില്‍ ഒന്നാകാം, അതായത് കുറഞ്ഞ കാല്‍സ്യം. നഖത്തില്‍ അധികമായി വരകള്‍ കാണുന്നുവെങ്കിലും അത് പ്രോട്ടീന്‍ കുറവുകൊണ്ടാകാം.

3.ഹൈപ്പര്‍ഹൈഡ്രോസിസ്

വ്യായാമം ചെയ്യുമ്പോഴോ അമിതമായി ഉത്കണ്ഠ അനുഭവപ്പെടുമ്പോഴോ നമ്മില്‍ പലര്‍ക്കും പതിവായി കൈപ്പത്തിയില്‍ വിയര്‍പ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ അമിതമായി എപ്പോഴും കൈകള്‍ വിയര്‍ക്കുന്നുവെങ്കില്‍ അത് ഹൈപ്പര്‍ഹൈഡ്രോസിസിന്റെ ലക്ഷണങ്ങളിലൊന്നായിരിക്കാം.

4.ഹൃദയാരോഗ്യം

ഉള്ളം കൈയുടെ ബലവും ഹൃദയത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 17 രാജ്യങ്ങളിലായി 140,000 മുതിര്‍ന്നവരില്‍ നടത്തിയ ലാന്‍സെറ്റ് പഠനമനുസരിച്ച് ഉള്ളംകൈയുടെ ബലം അഥവാ ഗ്രിപ്പ് ദുര്‍ബലമായാല്‍ അത് ഹൃദയത്തിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഹൃദയാഘാതം സാധ്യതയും തള്ളിക്കളയാനാവില്ല. കൈയുടെ ഗ്രിപ്പ് അനുസരിച്ച് രക്തസമ്മര്‍ദ്ദനിലയും നിരീക്ഷിക്കാവുന്നതാണ്. മൊത്തത്തിലുള്ള പേശികളുടെയും ഫിറ്റ്‌നസിന്റെയും അടയാളമാണ് ഗ്രിപ്പ് എന്ന് ഗവേഷകര്‍ പറയുന്നു. പ്രായം വിലയിരുത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ് ഗ്രിപ്പ് ബലം എന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

5.പാര്‍ക്കിന്‍സണിന്റെ ലക്ഷണം

കൈകള്‍ വിറയ്ക്കുന്നത് വളരെയധികം കഫീന്‍ ഉപയോഗത്താലോ അല്ലെങ്കില്‍ ആസ്ത്മ മരുന്നുകള്‍, ആന്റീഡിപ്രസന്റുകള്‍ പോലുള്ള ചില മരുന്നുകളുടെ പാര്‍ശ്വഫലമോ ആകാം. എന്നാല്‍ പ്രശ്‌നം ആവര്‍ത്തിച്ചാല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം, ഇടയ്ക്കിടെ കൈ വിറയ്ക്കുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ആദ്യ ലക്ഷണമാകാം. പാര്‍ക്കിന്‍സണുള്ള 80% ആളുകളിലും കൈ വിറയല്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറെ സമീപിക്കുക. തെറാപ്പി അല്ലെങ്കില്‍ മരുന്ന് ഉപയോഗിച്ച് ഇത് ചികിത്സിക്കാവുന്നതാണ്.

6.ആര്‍ത്രൈറ്റിസ്

ചൂണ്ടുവിരലുകളേക്കാള്‍ നീളമുള്ള മോതിര വിരലുകളുള്ള സ്ത്രീകളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യത കൂടുതലാണെന്ന് ആര്‍ത്രൈറ്റിസ് ആന്റ് റുമാറ്റിസം പഠനം പറയുന്നു. സാധാരണഗതിയില്‍ ഇത് ഒരു പുരുഷ സ്വഭാവമാണ്. കുറഞ്ഞ ഈസ്ട്രജന്‍ അളവാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.

7.വൃക്ക തകരാര്‍

കൈവിരലുകളിലെ നഖങ്ങള്‍ നോക്കി വൃക്കയുടെ ആരോഗ്യം മനസിലാക്കാം. വിട്ടുമാറാത്ത വൃക്കരോഗമുള്ളവരില്‍ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം 36 ശതമാനം പേര്‍ക്ക് നഖങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നഖത്തിന്റെ അടിഭാഗം വെളുത്തതും മുകളില്‍ തവിട്ടു നിറമുള്ളതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചില ഹോര്‍മോണുകളുടെയും ക്രോണിക് അനീമിയയുടെയും സാന്ദ്രത വര്‍ദ്ധിക്കുന്നതിനാലാണ് നഖത്തിന് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് വൃക്കരോഗത്തിന്റെ രണ്ട് സവിശേഷതകളാണ്. നഖത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. അവ ചിലപ്പോള്‍ മെലനോമയുടെ ലക്ഷണങ്ങളുമാകാം.

8.വിളര്‍ച്ച

കൈയുടെയും നഖത്തിന്റെയും നിറം നോക്കി വിളര്‍ച്ചയുണ്ടോ എന്ന് അറിയാവുന്നതാണ്. ഒരു വ്യക്തിക്ക് ശരീരത്തിലുട നീളം ഓക്‌സിജന്‍ കൊണ്ടുപോകാന്‍ ആവശ്യമായ ആരോഗ്യകരമായ ചുവന്ന രക്താണുക്കള്‍ ഇല്ലാതിരിക്കുമ്പോള്‍ വിളര്‍ച്ച സംഭവിക്കാം. കൈകളുടെയും, നഖത്തിന്റെയും ഇളം നിറം വിളര്‍ച്ചയുടെ ലക്ഷണങ്ങളായിരിക്കാം. അക്യൂട്ട്, ക്രോണിക് അനീമിയ ഉള്‍പ്പെടെ അനീമിയയ്ക്ക് പല രൂപങ്ങളുണ്ട്. അവ സിക്കിള്‍ സെല്‍ ഡിസീസ്, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

9.ശ്വാസകോശ തകരാറ്

കോച്ചിപ്പിടിച്ച പോലുള്ള വിരലുകളും വളഞ്ഞ വിരലുകളും അറ്റം തടിച്ച വിരലുകളുമൊക്കെ ചിലപ്പോള്‍ ശ്വാസകോശം തകരാറിലാണെന്നതിന്റെ സൂചനയായി കണക്കാക്കാം. ഹൃദയ രോഗങ്ങള്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നിവയുമായും വിരലുകളിലെ ഈ അവസ്ഥകള്‍ ബന്ധപ്പെട്ടിരിക്കുന്നു.

10.എക്സിമ

വലിയ അളവില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിച്ചിട്ടും കൈകള്‍ പരുക്കനായി മാറുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് എക്‌സിമയുടെ ലക്ഷണമാണെന്നാണ്. ഈ അവസ്ഥയില്‍ ചൊറിച്ചിലും തിണര്‍പ്പിനും സാധ്യതയുണ്ട്. എക്‌സിമ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

നമ്മുടെ ശരീരം എന്തെങ്കിലും അസുഖത്തിനു മുമ്പ് ചില സ്വാഭാവിക ലക്ഷണങ്ങള്‍ കാണിക്കുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടറിഞ്ഞ് നേരത്തേ ചികിത്സ തേടുന്നതിലൂടെ പല ഗുരുതര ആരോഗ്യ അവസ്ഥകളും നമുക്ക് ഒഴിവാക്കാവുന്നതാണ്.

Related posts