Nammude Arogyam
Diseases

വീണ്ടും എച്ച്1എൻ1 ; വേണം മുൻകരുതൽ

കേരളത്തിൽ വീണ്ടും എച്ച്1എൻ1 പനി റിപ്പോർട്ട് ചെയ്തതായുള്ള വാർത്തകൾ നാം കണ്ടിരുന്നുവല്ലോ. കോഴിക്കോട് മുക്കത്തെ ഒരു സ്‌കൂളിലാണ് നിരവധിപേരിൽ എച്ച്1എൻ1 പനി ബാധ കണ്ടെത്തിയത്. കൃത്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പനി മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും സ്ഥിതി ഗുരുതരമാകുന്നതിനും കാരണമാകും എന്നതിൽ സംശയമില്ല.

2009ലാണ് ഈ പനി വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. അതുവരെ H3N2 എന്ന വൈറസാണ് ഇൻഫ്‌ളുവൻസ പനിക്ക് കാരണമായിരുന്നത്. 1968നു ശേഷം 2009 വരെ അതായിരുന്നു പ്രധാനമായ കാരണം. 2009നുശേഷം എച്ച്‌വൺ എൻ വൺ ഉണ്ടാകുകയും ആളുകളിൽ അതിനോടുള്ള പ്രതിരോധശേഷം രൂപപ്പെട്ടുവരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ 2009നു ശേഷം അത്ര വലിയ തോതിൽ ഈ രോഗം ഉണ്ടായിട്ടില്ല. പക്ഷേ, എല്ലാ വർഷവും ചെറിയ മാറ്റത്തോടെ (ആന്റിജനിക് ഡ്രിഫ്റ്റ്) വൈറസ് പ്രത്യക്ഷപ്പെടും. വലിയ മാറ്റത്തിന് ആന്റിജനിക് ഷിഫ്റ്റ് എന്നാണ് പറയുന്നത്. അതുണ്ടായാൽ പുതിയ വൈറസ് രൂപപ്പെടുകയാണ് ചെയ്യുക. അപ്പോൾ അതിനോട് ശരീരത്തിന് പ്രതിരോധ ശക്തി ഉണ്ടാകില്ല. രോഗം ഗുരുതരമാകുന്നത് അങ്ങിനെയാണ്.

എന്താണ് എച്ച്1എൻ1 പനി?

ഇൻഫ്‌ളുവൻസ ഗണത്തിൽപ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എച്ച്1എൻ1 പനി. ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ. അഞ്ച് വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ളവർ, ഗർഭിണികൾ, ദീർഘകാല രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഈ അസുഖം മൂലമുള്ള പ്രശ്‌നങ്ങൾ കൂടുതലായി ഉണ്ടാകുക.. രോഗാണു ബാധിച്ച് രണ്ട് മുതൽ മൂന്നു ദിവസത്തിനുള്ളിൽ അസുഖം പ്രത്യക്ഷമാകും. എന്നാൽ ഭൂരിപക്ഷം ആളുകൾക്കും ഈ അസുഖം കുറച്ചു ദിവസത്തിനകം ഭേദമാകാറുണ്ട്.

നിലവിൽ സാധാരണ രോഗപ്രതിരോധശേഷിയുള്ള മനുഷ്യൻ ഈ അസുഖത്തിനെ മറികടക്കാനുള്ള രോഗപ്രതിരോധ സംവിധാനം സ്വായത്തമാക്കിയതിനാൽ എച്ച്‌വൺ എൻവൺ അത്ര ഗുരുതരമാകാറില്ല. എന്നാൽ അഞ്ച് വയസ്സിനു താഴെ പ്രായമുള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, പ്രമേഹവും രക്തസമ്മർദ്ദവും വൃക്കരോഗവും കരൾരോഗവുമൊക്കെപ്പോലെ ദീർഘകാല രോഗമുള്ളവർ എന്നിവർക്ക് ഈ രോഗം ഗുരുതരമാകാറുണ്ട്. എല്ലാത്തവർ ഈ രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.

ഭാവിയിലെപ്പോഴെങ്കിലും ഈ അസുഖത്തിൽ വലിയ മാറ്റം വരികയാണെങ്കിൽ മാത്രമാണ് അസുഖം സാധാരണ ജനങ്ങളിൽ ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയുള്ളൂ. കൃത്യമായ രോഗപ്രതിരോധശേഷി നേടിയെടുക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ കാരണം.

സ്‌കൂളുകളിലും ഹോസ്റ്റലുകളിലും നിന്നുമാണ് എച്ച്‌വൺഎൻവൺ പകരാനുള്ള സാധ്യത ഏറെയുള്ളത്. അസുഖം ഭേദമായാലും 24 മുതൽ 48 മണിക്കൂർ സമയംവരെ ഈ വൈറസ് പകരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 48 മണിക്കൂറിന് ശേഷം മാത്രമേ മറ്റു ആളുകളുമായി അടുത്തിടപഴകാവൂ.

ഈ രോഗാണുക്കൾ വായുവിലൂടെയും സ്പർശനത്തിലൂടെയുമാണ് ഏറെയും പകരുന്നത് രോഗിയിൽ നിന്ന് മേശ, വാതിൽപിടി, പാത്രങ്ങൾ, കിടക്കവിരി, തലയിണകൾ, തോർത്തുകൾ, മാസ്‌കുകൾ തുടങ്ങി പല പ്രതലങ്ങളിലും രോഗാണുക്കൾ വ്യാപിച്ചേക്കാം. ഇത് പ്രതലങ്ങൾക്കനുസരിച്ച് ആറു മുതൽ 24 മണിക്കൂർവരെ അതേപോലെ നിലനിൽക്കാനും മറ്റുള്ളവരിലേക്ക് പകരാനും സാധ്യയുണ്ട്. ഇത്തരം സ്ഥലങ്ങൾ നല്ല രീതിയിൽ അണുനാശിനികളുപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. പ്രത്യേകിച്ച് ആശുപത്രികളിലും രോഗി താമസിക്കുന്നിടങ്ങളിലും മറ്റും.

നിലവിൽ ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാണ്. ഓരോ വർഷവും ഏത് ഇനത്തിൽപെട്ട വൈറസാണ് ഓരോ മേഖലയിലും വ്യാപിക്കുന്നതെന്ന് മനസ്സിലാക്കിയാണ് പ്രതിരോധ മരുന്ന് തയ്യാറാക്കുന്നത്. കഴിഞ്ഞ വർഷം ട്രൈവാലന്റ് വാക്‌സിനാണ് ഉപയോഗിച്ചത്. ഈ വർഷം അത് ക്വാഡ്രിവാലന്റ് വാക്‌സിനാണ്. ഒരു ഡോസ് കുത്തിവയ്പ് മാത്രം എടുത്താൽ മതിയാകും. ഇൻഫ്‌ളുവൻസ എ വൈറസുകളായ H1N1, H3N2 എന്നിവയേയും രണ്ട് ഇൻഫ്‌ളുവൻസ ബി വൈറസുകളേയും പ്രതിരോധിക്കാനുള്ള ശേഷി ഈ കുത്തിവയ്പിനുണ്ട്. ഇന്ത്യയിൽ 18 മുതൽ 64 വയസ്സ്‌ പ്രായമുള്ള ആർക്കും ഈ കുത്തിവയ്‌പെടുക്കാം. ആറുമാസം വരെ രോഗം പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ട്. എല്ലാ വർഷവും ഈ പ്രതിരോധ മരുന്ന് കുത്തിവയ്ക്കണം.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ കൃത്യമായി പ്രതിരോധ കുത്തിവയ്‌പെടുക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. രോഗികളുമായി ഇടപഴകുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണം. എട്ടു മണിക്കൂറിലേറെ ഒരു മാസ്‌ക് ധരിക്കാൻ പാടുള്ളതല്ല. മാസ്‌കിൽ നനവുണ്ടായലുടൻ അത് മാറ്റുകയും ഉപയോഗിച്ചവ ശരിയായ രീതിയിൽ നശിപ്പിക്കുകയും വേണം.

എല്ലാവരിലും എച്ച്‌വൺ എൻവൺ പരിശോധന നടത്തേണ്ട അത്യാവശ്യം ഇല്ലെന്നതാണ് വാസ്തവം. ഭയക്കേണ്ടരീതിയിൽ രോഗം പകരുന്ന സാഹചര്യത്തിൽ മാത്രമേ അത്തരം പരിശോധനകൾ ആവശ്യമായി വരുന്നുള്ളു. കുറഞ്ഞത് 15 വർഷമെങ്കിലുമെടുത്താണ് ഇതിന്റെ വൈറസിൽ ആന്റിജനിക് ഷിഫ്റ്റ് ഉണ്ടാകുക. അപ്പോൾ മാത്രമേ അപകടകരമായ പകർച്ചവ്യാധിയായി ഇതു മാറുകയുള്ളു. 2009ലാണ് അവസാനം അത്തരമൊരു സാഹചര്യമുണ്ടായത്. വൈറസിൽ ഭയക്കേണ്ടതായി എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയാൻ മാത്രമാണ് പരിശോധന ആവശ്യമായി വരുന്നത്.

മുൻകരുതലുകൾ

1. പനി വന്നാൽ ആൾക്കൂട്ടത്തിനിടയിൽ പോകാതിരിക്കുക

2.ചുമയ്ക്കുമ്പോൾ ടവലോ ടിഷ്യു പേപ്പറോ ഉപയോഗിക്കുക

3. ചുമച്ചതിനു ശേഷം ടവൽ/ടിഷ്യൂ പേപ്പർ അണുവിമുക്തമാക്കുകയോ നശിപ്പികുകയോ ചെയ്യുക.

4. കൈകൾ വൃത്തിയായി കഴുകുക. അതിനായി സോപ്പോ ഹാൻഡ് വാഷോ ഉപയോഗിക്കുക. 20 സെക്കൻഡ് സമയമെങ്കിലുമെടുത്ത് കയ്യുടെ എല്ലാ ഭാഗങ്ങളും വൃത്തിയായി കഴുകണം.

5. രോഗികളുമായി ഇടപഴകാതിരിക്കുക. പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.

6. പനിയെ ഗൗരവത്തോടെ കാണുക. പനി ബാധിച്ചാൽ ഡോക്ടറെ സമീപിക്കുക.

7. അസുഖബാധിതർ സ്പർശിച്ച പ്രതലവും വസ്തുക്കളും അണുവിമുക്തമാക്കുക.

8. പ്രതിരോധ മരുന്നുകൾ പ്രോത്സാഹിപ്പിക്കുക

9. രോഗികളെ ശുശ്രൂഷിക്കുന്നവർ മാസ്‌ക് ഉപയോഗിക്കുക

Beware of H1N1

Related posts