Nammude Arogyam
Covid-19

മാസ്ക് ഉപയോഗം മുഖത്തെ അസ്വസ്ഥമാക്കുന്നുണ്ടോ?എങ്കിൽ പരിഹാരമിതാ

കൊറോണ വൈറസ് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ മാസ്ക്കും, സാനിറ്റൈസറും നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗങ്ങളാണ്. കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് വേണ്ടി ധരിക്കുന്ന മാസ്കുകൾ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഈ പ്രശ്നം കൃത്യമായി പരിഹരിക്കേണ്ടതുണ്ട്. മാസ്ക് പതിവായി ധരിക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ ഇവയാണ്.

• തിണർപ്പ്

• മുഖക്കുരു

• റോസേഷ്യ (ത്വക്ക് രോഗം)

• മുഖം വരണ്ടു പോകുന്ന അവസ്ഥ

• ചർമ്മത്തിൽ അസ്വസ്ഥത

ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്ങനെ

മാസ്ക് വളരെ ഇറുകിയതുകൊണ്ടോ അല്ലെങ്കിൽ മാസ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച സോപ്പ് ചർമ്മത്തിന് അലർജിയായതിനാലോ തിണർപ്പ് ഉണ്ടാകാം. പോളിസ്റ്റർ അല്ലെങ്കിൽ നൈലോൺ പോലുള്ള ചില തുണികൾ കൊണ്ടുള്ള മാസ്ക് ചർമ്മത്തെ കൂടുതൽ ചൂടാക്കുകയും വിയർപ്പിന് കാരണമാക്കുകയും ചെയ്യും; കുടുങ്ങിയ ശ്വാസവും ചർമ്മത്തിലെ എണ്ണമയവും വിയർപ്പും കൂടി ചേർന്ന് മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു.

ചർമ്മ പ്രശ്നങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ

1.മൃദുവായതും ശ്വസിക്കാൻ കഴിയുന്നതുമായ ഒരു മാസ്ക് തിരഞ്ഞെടുക്കുക. എന്നിരുന്നാലും മാസ്‌കിന്റെ തുണി നന്നായി തുന്നിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക, കോട്ടൺ ഫെയ്സ് മാസ്കുകൾ ഒരു നല്ല തിരഞ്ഞെടുപ്പാണ്.

2.പോളിസ്റ്റർ അല്ലെങ്കിൽ നൈലോൺ മാസ്കുകൾ ധരിക്കുന്നത് ഒഴിവാക്കുക.

3.മാസ്‌ക് കഴുകുമ്പോൾ ലോലമായ ചർമ്മത്തിന് സുരക്ഷിതമായ ഒരു സോപ്പ്, ഫാബ്രിക് സോഫ്റ്റ്നർ എന്നിവ ഉപയോഗിക്കുക.

4.ഒരു നോൺ-കോമഡോജെനിക് ക്രീം അല്ലെങ്കിൽ സെറം ഉപയോഗിച്ച് ചർമ്മത്തിന് നനവ് പകരുക. ഇത് ചർമ്മം വരണ്ടുപോകുന്നതിൽ നിന്ന് തടയുകയും ചർമ്മത്തെ മൃദുവും ജലാംശം നിറഞ്ഞതുമാക്കി മാറ്റുവാനും സഹായിക്കുന്നു.

5.എണ്ണമയമുള്ള ചർമ്മമാണെങ്കിൽ, വെള്ളം അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചറൈസർ ഉപയോഗിക്കുക, ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തേണ്ടത് പ്രധാനമാണ്, പക്ഷേ മോയ്‌സ്ചറൈസർ ചർമ്മത്തിന്റെ ഉപരിതലത്തെ എണ്ണമയമുള്ളതാക്കരുത്, കാരണം ഇത് മുഖക്കുരുവിന് കാരണമാകും. ചർമ്മത്തിന് എളുപ്പത്തിൽ വലിച്ചെടുക്കുവാൻ സാധിക്കുന്നതും മലിനീകരണ വിരുദ്ധവുമായ മോയ്‌സ്ചറൈസറുകളും സെറമുകളും പരീക്ഷിക്കുക.

6.മുഖത്തെ തിണർപ്പ് ബാധിച്ച ഭാഗങ്ങളിൽ സിങ്ക് ഓക്സൈഡ് പുരട്ടുക. ചെവിക്കു പിന്നിലുള്ള ഭാഗം, മൂക്കിന്റെ പാലം, താടിക്ക് താഴെ എന്നിവിടങ്ങളിൽ ആയിരിക്കും ചർമ്മത്തിൽ തിണർപ്പ് കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങൾ. മാസ്കിന്റെ സ്ട്രാപ്പുകൾ വളരെ ഇറുകിയതാണെങ്കിലോ അല്ലെങ്കിൽ മാസ്‌കിന്റെ തുണിയോ അത് കഴുകുവാൻ ഉപയോഗിച്ച ഡിറ്റർജന്റോ ചർമ്മത്തിലെ തിണർപ്പിനും അസ്വസ്ഥതയ്ക്കും കാരണമാകും.

7.സിങ്ക് ഓക്സൈഡ് ഉള്ള മോയ്‌സ്ചറൈസറുകൾ അല്ലെങ്കിൽ സൺസ്ക്രീനുകൾ തിരഞ്ഞെടുക്കാം. ഹൈപ്പോഅലോർജെനിക് രാസവസ്തു ചർമ്മത്തിന് നല്ലതായതിനാൽ, ഇവ ഒരു സൗമ്യമായ മോയ്‌സ്ചറൈസറിനോടൊപ്പം പ്രയോഗിക്കുക.

8.മാസ്ക് ധരിക്കുന്നതിന് മുമ്പും ശേഷവും ചർമ്മം വൃത്തിയായി സൂക്ഷിക്കുക. മാസ്‌ക് ധരിക്കുന്നതിന് മുൻപ് മുഖം നന്നായി കഴുകി വൃത്തിയാക്കി തുടയ്ക്കുക. മാസ്‌ക് ഊരിയതിന് ശേഷവും മുഖം സോപ്പ് അല്ലെങ്കിൽ ഫേയ്‌സ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാസ്‌ക് ധരിക്കുന്നത് മൂലം ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുവാനുള്ള സാധ്യത നമുക്ക് ഒഴിവാക്കാം.

ലോലമായ ചർമ്മം ഉള്ളവരാണെങ്കിൽ, എന്ത് മുൻകരുതലുകൾ എടുത്താലും ചർമ്മ സംരക്ഷണ വിദഗ്ദ്ധനെ കണ്ട് നിർദ്ദേശം തേടേണ്ടതാണ്.

Related posts