Nammude Arogyam
Covid-19

മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ?

ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ചില ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ടായിരുന്നു. മുന്‍കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് പ്രശ്‌നമാകുമോ എന്ന് വലിയ തോതില്‍ ചര്‍ച്ചയായി, പ്രത്യേകിച്ചും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള രോഗാവസ്ഥകളുള്ളവര്‍ക്ക്. കോവിഡ് -9 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഹൈപ്പര്‍ടെന്‍ഷന്‍ ബാധിച്ച ആളുകള്‍ വാക്‌സിന്‍ എടുക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും സാധാരണമായ ചില കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ട്. ശരീര വേദന, ചിലപ്പോള്‍ കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് ചുവപ്പും വേദനയും, നേരിയ തോതിലുള്ള പനി എന്നിവയാണ് ഇവ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഇവ ഹ്രസ്വകാല പാര്‍ശ്വഫലങ്ങളാണെന്നാണ്. മിക്ക വാക്‌സിനുകളിലും ഇത് വളരെ സാധാരണവുമാണ്. എന്നിരുന്നാലും, വാക്‌സിനേഷന്‍ എടുക്കുന്നതില്‍ രക്തസമ്മര്‍ദ്ദ രോഗികളുടെ അപകട ഘടകങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്റെ അഥവാ രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്ക് കോവിഡ് അണുബാധയില്‍ നിന്ന് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നാണ്. എന്നിരുന്നാലും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പതിവായി മരുന്ന് കഴിക്കുന്നവരെ അപേക്ഷിച്ച്, അനിയന്ത്രിതവും ചികിത്സ തേടാത്തവരിലുമാണ് അപകടം കൂടുതല്‍. കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്റെ വ്യക്തമായ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ക്ക് വാക്‌സിന്‍ എടുത്താല്‍ ചില സാധാരണ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നാണ്.

ഹൈ ബിപി ലക്ഷണങ്ങള്‍ ഉളളവരിലും ചികിത്സ തേടുന്നവരിലും പൊതുവായ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എസിഇ 2 റിസപ്റ്റര്‍ കോവിഡ് ബൈന്‍ഡിംഗിനുള്ളതാണ്, കൂടാതെ വിവിധ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന റിസപ്റ്റര്‍ കൂടിയാണ് ഇത്. രക്താതിമര്‍ദ്ദത്തിന് ചികിത്സ തേടുന്ന ആളുകളില്‍ കോവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുടെ അപകടസാധ്യത വര്‍ദ്ധിക്കുന്നത് തുടക്കത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കി. എന്നിരുന്നാലും, ഈ മരുന്നുകള്‍ കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്നും രോഗികള്‍ക്ക് അധിക അപകടസാധ്യതയില്ലെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ കഴിഞ്ഞയുടനെ രക്തസമ്മര്‍ദ്ദം ഉയരുന്നത് വിരളമായ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണെങ്കിലും, നിലവില്‍ ഹൈ ബി.പി ഉള്ള ആളുകള്‍ക്ക് കാര്യമായ അപകടസാധ്യതയുണ്ട്. അതിനാല്‍, കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഹൈപ്പര്‍ടെന്‍ഷനുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ഒരു രോഗനിര്‍ണയം നടത്തിയ ശേഷം വാക്‌സിന്‍ എടുക്കുന്നതായിരിക്കും ഉചിതം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പതിവായി മരുന്ന് കഴിക്കുകയാണെങ്കില്‍, കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുമ്പോ ശേഷമോ മരുന്ന് താല്‍ക്കാലികമായി നിര്‍ത്തരുത്. കാരണം ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് ഇടയാക്കും. പകരം, കോവിഡ് വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിര്‍ദേശം കൂടി തേടുക.

ഓരോ വ്യക്തിക്കും തനതായ ശരീരഘടനയും പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍, കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുടെ കൃത്യമായ സ്വഭാവവും തീവ്രതയും പ്രവചിക്കാന്‍ പ്രയാസമാണ്. അതിനാല്‍, രക്താതിമര്‍ദ്ദം പോലുള്ള മുന്‍കാല രോഗങ്ങളുള്ളവര്‍ പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് സ്വീകരിക്കേണ്ട മികച്ച മുന്‍കരുതലുകള്‍ ഇവയാണ്.

1.മരുന്നുകള്‍ സമയബന്ധിതമായി കഴിക്കുക.

2.രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ പരിധിയില്‍ വയ്ക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

3.ഭക്ഷണത്തില്‍ ഉയര്‍ന്ന ഉപ്പിന്റെ അളവ് കുറയ്ക്കുക.

4.ഹൃദയാരോഗ്യം വളര്‍ത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.

5.വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കുക.

6.പുകവലി, മദ്യപാനം ഉപേക്ഷിക്കുക.

7.വാക്‌സിന്‍ എടുക്കുന്നതിന് മുമ്പ് സമ്മര്‍ദ്ദവും ടെന്‍ഷനും കുറയ്ക്കാനുള്ള വഴികള്‍ ശീലിക്കുക.

ശാസ്ത്രീയ അടിത്തറയില്ലാത്ത നിരവധി കിംവദന്തികളും ഊഹാപോഹങ്ങളും പരിഗണിക്കാതെ, ഇന്ത്യയില്‍ രക്തസമ്മര്‍ദ്ദം ഉള്ള വലിയ വിഭാഗം പേരും കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഇതുവരെ ശേഖരിച്ച ഡാറ്റകളില്‍, ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളിൽ വാസ്തവത്തില്‍ കോവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ വര്‍ധിക്കുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, അമിത രക്തസമ്മര്‍ദ്ദം പോലുള്ള മുന്‍കാല അവസ്ഥകളുള്ളവര്‍ പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

Related posts