ഒമിക്രോണ്‍ ലോകത്ത് വളരെയധികം വെല്ലുവിളി ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ അവസ്ഥയില്‍ ആശ്വസിക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമിക്രോണ്‍ എന്ന കേസ് കണ്ടെത്തിയത്. 2021 നവംബറില്‍ ആണ് ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിവേഗമാണ് ഇത് ലോകത്തിന്റെ പല കോണിലേക്കും എത്തിയത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മുന്‍പെങ്ങും ഇല്ലാത്തത് പോലെയാണ് കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്.
നിരവധി കാരണങ്ങളാണ് ഒമിക്രോണ്‍ പടരുന്നതിന് പിന്നിലായി ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസിനുണ്ടായ പുതിയ വ്യതിയാനങ്ങള്‍ ആണ് മനുഷ്യ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് വൈറസിനെ സഹായിക്കുന്നത്. എന്നാല്‍ വൈറസിലുണ്ടാവുന്ന പുതിയ ജനിതക മാറ്റങ്ങള്‍ മാത്രമല്ല വൈറസ് പെട്ടെന്ന് പടരുന്നതിന് കാരണമാകുന്നത്.
ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതലായി ആളുകളെ ബാധിക്കുന്നത് ഒമിക്രോണ്‍ ആണ്. നിരവധി കാരണങ്ങള്‍ ഒമിക്രോണ്‍ വ്യാപനത്തിന് കാരണമാകുന്നുണ്ടെങ്കിലും അതിന്റെ അതിവ്യാപനത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ മികച്ച് നില്‍ക്കുന്നതാണ് അതിന് ഫലപ്രദമായി മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഉള്ള കഴിവ്. വൈറസില്‍ കാണപ്പെടുന്ന മ്യൂട്ടേഷനുകള്‍ മനുഷ്യ കോശങ്ങളുമായി കൂടുതല്‍ എളുപ്പത്തില്‍ ചേരുന്നതാണ് ഈ രോഗാവസ്ഥയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നത്.
ചിലരിലെങ്കിലും വാക്‌സിനെ പ്രതിരോധിക്കുന്ന തരത്തില്‍ ഒമിക്രോണ്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ ശരീരത്തില്‍ എത്തുന്നു. വാക്‌സിനുകളും രോഗബാധയും സംഭവിച്ചവരില്‍ ഉണ്ടാവുന്ന പ്രതിരോധ ശേഷിയെ കടന്ന് വൈറസ് ശരീരത്തില്‍ എത്തുന്നതാണ് മറ്റൊരു കാരണം. ഇതിനെ ഇമ്മ്യൂണ്‍ എസ്‌കേപ്പ് എന്ന് വിളിക്കപ്പെടുന്നു. ഇതിനര്‍ത്ഥം ആളുകള്‍ക്ക് മുമ്പ് അണുബാധയുണ്ടായാലോ അല്ലെങ്കില്‍ വാക്‌സിനേഷന്‍ എടുത്താലോ വീണ്ടും അണുബാധയുണ്ടാകുമെന്നാണ്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം തീവ്രമായ അവസ്ഥയുണ്ടാവുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ഈ അവസ്ഥയില്‍ ഉള്ളവര്‍ക്ക് നല്‍കേണ്ടതാണ്.
ഒമിക്രോണിനെ കൈമാറുന്നത് എളുപ്പമാക്കുന്ന മൂന്നാമത്തെ ഘടകം എന്ന് പറയുന്നത് മനുഷ്യ ശരീരത്തില്‍ ശ്വാസകോശ നാളിയുട മേല്‍ഭാഗത്ത് വൈറസ് വര്‍ദ്ധിക്കുന്നതാണ്. ഡെല്‍റ്റ പോലുള്ള വ്യതിയാനം സംഭവിച്ച അവസ്ഥയില്‍ ഇത് ശ്വാസകോശ നാളിയുടെ താഴയാണ് സംഭവിക്കുന്നത്. എന്നാല്‍ ഒമിക്രോണ്‍ അവസ്ഥയില്‍ ഇത് ഡെല്‍റ്റയില്‍ നിന്നും മറ്റ് വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമായി ശ്വാസനാളിയുടെ മുകളിലാണ് വര്‍ദ്ധിക്കുന്നത്. ഇത്തരം മൂന്ന് കാര്യങ്ങളാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതിനും ഒമിക്രോണ്‍ അതിവേഗം പടരുന്നതിനും കാരണമാകുന്നത്.
ഡെല്‍റ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണില്‍ നിന്ന് ഗുരുതരമായ അസുഖം പിടിപെടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും, രോഗബാധ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നത് തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആളുകള്‍ കൂടുതല്‍ ഇടകലരുന്നത് ശ്രദ്ധിക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇതില്‍ അലംഭാവം കാണിക്കുന്നതാണ് പലപ്പോഴും രോഗവ്യാപനം രൂക്ഷമാക്കുന്നത്. അതുകൊണ്ട് തന്ന ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണം.