ഇൻഫെക്ഷൻ അഥവാ അണുബാധ ശരീരത്തിന്റെ പല ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ അണുബാധയുണ്ടാകാം. ചിലപ്പോഴെങ്കിലും ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി അണുബാധകളുണ്ടാകുന്നതും സാധാരണയാണ്. രോഗം ആരംഭിക്കുന്നതും ഗുരുതരമാകുന്നതുമെല്ലാം അണുബാധകളിലൂടെ സൂചനയായി എത്തുന്നു. ഇത്തരത്തിൽ ശരീരത്തിലെ ഉൾഭാഗത്തേയും പുറംഭാഗത്തേയുമെല്ലാം പല തരത്തിലും അണുബാധകൾ കീഴടക്കാം.
ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമായ പ്രമേഹത്തിന്റെ ഒരു ലക്ഷണം കൂടിയാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന അണുബാധ. മോണ, പാദങ്ങള്‍, ചര്‍മ്മം, മൂത്രാശയം, വൃക്കകള്‍ എന്നിങ്ങനെ പലയിടങ്ങളിലായി പ്രമേഹത്തിന്റെ ഭാഗമായുള്ള അണുബാധ കാണാം. പലപ്പോഴും ആവര്‍ത്തിച്ച് അണുബാധകള്‍ വരുമ്പോള്‍ മാത്രമാണ് രോഗിയില്‍ പ്രമേഹമുണ്ടെന്ന് പോലും സ്ഥിരീകരിക്കപ്പെടുന്നത്. രക്തത്തില്‍ ഷുഗര്‍ നില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോള്‍ ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അണുക്കളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായിത്തുടങ്ങും. ഇങ്ങനെയാണ് പ്രമേഹത്തില്‍ അണുബാധകള്‍ സാധാരണമായി മാറുന്നത്.
പ്രമേഹത്തിന്റെ മറ്റൊരു സൂചന കാല്‍പാദങ്ങളില്‍ വ്രണമുണ്ടാവുകയും അത് പിന്നീട് പഴുക്കുകയും ചെയ്യുന്നതാണ് .ഇത് പലപ്പോഴും പ്രമേഹം അധികരിക്കുമ്പോള്‍ മാത്രമാണ് സംഭവിക്കുന്നത്. ആദ്യമേ ചെറിയ മുറിവോ പൊട്ടലോ ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങള്‍ പിടിച്ചാണ് വ്രണം ഉണ്ടാകുന്നത്. ഗുരുതരമാകുന്നതിന് മുമ്പാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് വ്രണം ഭേദപ്പെടുത്താന്‍ സാധിച്ചേക്കാം. പ്രമേഹ രോഗികളില്‍ പൊതുവേ മുറിവുകള്‍ കരിയാനും കൂടുതല്‍ സമയം പിടിയ്ക്കുന്നു.
മൂത്രാശയ സംബന്ധമായ അണുബാധ പ്രമേഹത്തിന്റെ ഭാഗമായുണ്ടാകാം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടവിട്ട് മൂത്രശങ്ക, മൂത്രത്തിന് രൂക്ഷഗന്ധം, കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം യൂറിന്‍ അണുബാധയില്‍ കാണുന്നതാണ്. അസഹ്യമായ വേദനയും എരിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. പ്രമേഹമുള്ളവരില്‍ ഇത് അടിയ്ക്കടി കാണാനുള്ള അല്ലെങ്കിൽ വരാനുള്ള സാധ്യത ഏറെയാണ്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും യീസ്റ്റ് അണുബാധയുണ്ടാകുന്നത് പ്രമേഹലക്ഷണമാകാം. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിലാണ് അണുബാധയെങ്കില്‍. ഇത് സ്ത്രീകളിലും പുരുഷന്മാരിലും സമാനം തന്നെ. കക്ഷം, വിരലുകള്‍, വായ, ഗുഹ്യഭാഗം എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ഈസ്റ്റ് അണുബാധയുണ്ടാകാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വേദനയും അനുഭവപ്പെടാം.
ആരോഗ്യത്തെ ഹാനിയ്ക്കുന്നവയാണ് അണുബാധകൾ എന്നത്. അതിനാൽ എന്തെങ്കിലും തരത്തിലുള്ള അണുബാധകൾ ഉണ്ടായാൽ അത് കൂടുതലാകുന്നതിന് മുൻപ് വൈദ്യസഹായം തേടേണ്ടതാണ്. അല്ലാത്തപക്ഷം അത് കൂടുതൽ സങ്കീർണതകളിലേക്ക് എത്തിക്കും.