Nammude Arogyam
Covid-19

ആരാണ് കേമൻ? മാസ്കോ അതോ ഫെയ്സ് ഷീൽഡോ

കൊറോണ…..കൊറോണ…..

എവിടെയും കൊറോണ തന്നെ. ലോകത്തെല്ലായിടത്തും അതിങ്ങനെ പടർന്നു പന്തലിച്ച് നിൽക്കുകയാണ്. പ്രായഭേദമന്യേ എല്ലാവരെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നമ്മൾ പരമാവധി അതിനോട് പൊരുതി നിൽക്കാൻ ശ്രമിക്കുന്നുണ്ട്. വൈറസിനെതിരെ പല ആയുധങ്ങളും മാറി മാറി പരീക്ഷിച്ച് കൊണ്ടേയിരിക്കുന്നു. എങ്കിൽ പോലും രോഗവ്യാപന വർധനവ് കൂടി കൊണ്ടിരിക്കുകയാണ്.

വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാനും തടയാനുമുള്ള ആയുധങ്ങളിലൊന്നാണ് ഫെയ്‌സ് മാസ്കുകൾ. ശ്വസനകണികകൾ ചുറ്റുമുള്ള വായുവിലേക്ക് വ്യാപിക്കുന്നത് മാസ്കുകൾ തടയുന്നു എന്ന് നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ COVID-19 ബാധിച്ച വലിയൊരു ശതമാനം ആളുകൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ  മാസ്കുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

എങ്കിലും മാസ്കുകൾ ധരിക്കാനും, ധരിച്ചുകൊണ്ട് ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും മാസ്കിന് ബദലായി മറ്റെന്തെകിലും ലഭ്യമാണോ എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്താണ് പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ വിപണിയിലെത്തുന്നത്. മുഖം പൂർണ്ണമായും മറയ്ക്കുന്ന പ്ലാസ്റ്റിക് ഫെയ്സ് ഷീൽഡുകൾ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ശ്വസിക്കാനുള്ള ബുദ്ധിമുട്ടില്ല, വൃത്തിയാക്കാനും വളരെ എളുപ്പം. എന്നാൽ ഇവ നമുക്ക് എത്രത്തോളം സംരക്ഷണം തരുന്നുണ്ട്.

ഫെയ്‌സ് ഷീൽഡുകൾ മാത്രം ധരിക്കുന്നതുകൊണ്ട് നമുക്ക് വൈറസിനെ തടഞ്ഞുനിർത്താനാകില്ല. ഇത്തരം ഷീൽഡുകൾ മാത്രം ധരിക്കുന്നതിനേക്കാൾ ഫെയ്‌സ് മാസ്കുകളോടൊപ്പം ഇവ ധരിക്കുന്നതാണ് ശരിയായ രീതി. അതായത് ഫെയ്‌സ് മാസ്കുകൾക്ക് ബദലായി പ്ലാസ്റ്റിക് ഫെയ്‌സ് ഷീൽഡുകൾ ഉപയോഗിക്കാനാവില്ല എന്ന് തന്നെ.

വിദഗ്ധരുടെ അഭിപ്രായത്തിൽ ശ്വസനകണികകൾ വഴിയുള്ള വൈറസ് വ്യാപനം തടയാൻ ഇത്തരം മുഖം കവചങ്ങൾ സഹായകമാണ്. സാധാരണഗതിയിൽ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത് മൂക്ക്, വായ, കണ്ണുകൾ എന്നിവയിലൂടെയാണ്. മുഖത്തെ പൂർണ്ണമായും മറയ്ക്കുന്നതിനാൽ തുള്ളികൾ വഴി വൈറസ് ശരീരത്തിലെത്താനുള്ള സാധ്യത ഫെയ്‌സ് ഷീൽഡുകൾ കുറയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫെയ്സ് ഷീൽഡുകൾ മാസ്കുകളോടൊപ്പം ഉപയോഗിക്കുന്നത് നമ്മുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കിയേക്കാം. എന്നാൽ ഒരിക്കലും അവ തനിച്ചു മാത്രം ഉപയോഗിക്കരുത്.

ഫെയ്‌സ് ഷീൽഡുകൾ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?

1.ഫെയ്‌സ് മാസ്കിനൊപ്പം മാത്രം ഷീൽഡ് ധരിക്കുക-ഫെയ്സ് മാസ്കിനൊപ്പം ധരിക്കുമ്പോഴാണ് ഫെയ്സ് ഷീൽഡുകൾക്ക് ഏറ്റവും പ്രയോജനപ്രദം. മാസ്കുകൾ ധരിക്കുന്നത് മറ്റുള്ളവരുടെ സുരക്ഷ  ഉറപ്പാക്കുമ്പോൾ ഫെയ്‌സ് ഷീൽഡുകൾ നിങ്ങൾക്ക് അധിക സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്.

2.ഷീൽഡ് കൃത്യമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക-ഷീൽഡ് താടിയെക്കാൾ താഴെയായിരിക്കണം. നെറ്റിയുമായി മുട്ടുന്ന ഭാഗത്ത് വിടവുകൾ ഉണ്ടാവരുത്.

3.ഓരോ തവണയും ഉപയോഗത്തിനും ശേഷം ഷീൽഡ് കൃത്യമായി അണുവിമുക്തമാക്കുക-ചെറുചൂടുള്ള വെള്ളം, ഡിറ്റർജന്റ് എന്നിവ ഉപയോഗിച്ച് ഷീൽഡുകൾ വൃത്തിയാക്കാം. തുടർന്ന് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകിക്കളയുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റയിസ്റുകൾ ഷീൽഡ് അണുവിമുക്തമാക്കാൻ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഷീൽഡിന്റെ ആന്റിഗ്ലെയർ, ആന്റിഫോഗിംഗ് മുതലായ പ്രത്യേകതകൾ ആൽക്കഹോൾ തകരാറിലാക്കാൻ സാധ്യതയുണ്ട്.

കൊറോണ വൈറസിനെ ഓടിക്കാൻ കൂടുതൽ പ്രതിരോധം നമ്മൾ സൃഷ്ടിക്കുക തന്നെ വേണം. ഇതിനായി ഏത് പ്രതിരോധ മാർഗ്ഗങ്ങളും അവലംബിക്കാം. പക്ഷെ തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ നമുക്ക് പ്രയോജനപ്പെടണമെന്ന് മാത്രം. ഫെയ്‌സ് മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, ശാരീരിക അകലം പാലിക്കുക, കഴിയുന്നത്ര സമയം വീട്ടിൽ തന്നെ ചിലവഴിക്കുക എന്നതെല്ലാം വളരെ ഫലപ്രദമായ മാർഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം നമുക്ക് ചേർക്കാവുന്ന ഒരു അധിക പ്രതിരോധമാണ് ഫെയ്‌സ് ഷീൽഡ്(മുകളിൽ പറഞ്ഞ പോലെ മാസ്കിൻ്റെ കൂടെ ധരിക്കുന്നതാണ് ശരിയായ രീതി.)

ഈ വൈറസിനെ തളച്ചിടാനുള്ള പൂട്ട് ഒരിക്കൽ നമുക്ക് കിട്ടുക തന്നെ ചെയ്യും. അത് വരെ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈ കഴുകിയും നമുക്ക് ഒന്നിച്ച് പോരാടാം.

Related posts