Nammude Arogyam
Woman

സ്ത്രീകളിലെ സ്‌പോട്ടിംഗ് ഭയക്കേണ്ടതുണ്ടോ?

സ്‌പോട്ടിംഗ് എന്നത് ബ്രൗണ്‍ നിറത്തിലോ അല്ലെങ്കിൽ രക്തത്തിന്റെ ചുവപ്പിലോ പോകുന്ന ഡിസ്ചാര്‍ജാണ്. ഇത് പലപ്പോഴുമുണ്ടാകാം. ചെറിയ രക്തത്തുള്ളികള്‍, അതേ സമയം ബ്ലീഡിംഗുമല്ല. പലപ്പോഴും പല അവസ്ഥകളിലും ഇത്തരം സ്‌പോട്ടിംഗ് കണ്ടു വരാം. ആര്‍ത്തവ മുന്നോടിയായോ തീരുന്നതിനോട് അനുബന്ധിച്ചോ ഉണ്ടാകാം, ഓവുലേഷന്‍ സമയത്തുമുണ്ടാകാം, ഗര്‍ഭധാരണം സംഭവിച്ചാലുമുണ്ടാകാം, ബന്ധപ്പെടുന്ന സമയത്തും ചിലപ്പോഴുണ്ടാകാം, സെര്‍വികല്‍ ഭാഗത്തുണ്ടാകുന്ന ചെറിയ മുറിവുകള്‍ കാരണവും ഇത്തരത്തിൽ സ്‌പോട്ടിംഗ് ഉണ്ടാകാം. ഇത് ചിലപ്പോള്‍ ഉണ്ടായി, പെട്ടെന്ന് തന്നെ മാറുന്നതാണെങ്കിൽ പേടിയ്ക്കാനില്ല. എന്നാല്‍ ഇത്തരം സ്‌പോട്ടിംഗ് നീണ്ടു നില്‍ക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം. സെര്‍വിക്‌സില്‍ പുണ്ണുണ്ടെങ്കില്‍, ദശയുണ്ടെങ്കില്‍ ബന്ധപ്പെട്ട ശേഷം ഇത്തരം സ്‌പോട്ടിംഗ് ഉണ്ടാകുന്നത് സാധാരണയാണ്.

സ്ത്രീ ശരീരത്തില്‍ നടക്കുന്ന പല പ്രക്രിയകളും ഗര്‍ഭധാരണം എന്നതിലേയ്ക്ക് നയിക്കുന്ന ഒന്നാണ്. ആര്‍ത്തവവും തുടര്‍ന്നുണ്ടാകുന്ന ഓവുലേഷനുമെല്ലാം ഇതില്‍ പെടുന്നു. ഗര്‍ഭധാരണം സംഭവിയ്ക്കുന്നത് ഓവുലേഷന്‍ സമയത്താണ്. ഓവുലേഷന്‍ സമയത്ത് ബീജം ലഭ്യമെങ്കില്‍ ഓവുലേഷന്‍ പ്രക്രിയയിലൂടെ പുറത്തു വരുന്ന അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടക്കുന്നു. ഈ ഭ്രൂണോല്‍പാദനം നടക്കുന്നത്, അതായത് അണ്ഡ-ബീജ സംയോഗം നടക്കുന്നത് ഫെലോപിയന്‍ ട്യൂബില്‍ വച്ചാണ്. ഇതു കൊണ്ട് ഗര്‍ഭധാരണം നടന്നുവെന്ന് പറയാനാകില്ല. ഈ ഭ്രൂണം ഫെലോപിയന്‍ ട്യൂബിലൂടെ സഞ്ചരിച്ച് യൂട്രസിലെത്തി യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നു. ഈ സമയത്താണ് കൃത്യമായി ഗര്‍ഭധാരണം എന്ന് ഉറപ്പിച്ച് പറയാനാകൂ. ഈ സമയത്തും സ്‌പോട്ടിംഗ് ഉണ്ടാകാറുണ്ട്. ഇത്തരം സമയത്ത് ഇത് ഗര്‍ഭധാരണ ലക്ഷണം കൂടിയായി കണക്കാക്കാം.

പ്രീ മെന്‍സ്‌ട്രേഷന്‍, പോസറ്റ് മെന്‍സ്‌ട്രേഷന്‍ സ്‌പോട്ടിംഗ് ഉണ്ടാകുന്നതും സാധാരണയാണ്. ആര്‍ത്തവത്തിന് മുന്നോടിയായോ തീരുന്നതിനോട് അനുബന്ധിച്ചോ ഇത്തരത്തിൽ ഉണ്ടാകും. ഇംപ്ലാന്റേഷന്‍ സ്‌പോട്ടിംഗ് 20 ശതമാനം പേരില്‍ മാത്രമേ കാണൂ. ഇത് രണ്ടു ദിവസം കഴിഞ്ഞാല്‍ നില്‍ക്കും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പിസിഒഡി പ്രശ്‌നങ്ങളെങ്കില്‍ ഇടയ്ക്കിടെ ഇത്തരം സ്‌പോട്ടിംഗ് ഉണ്ടാകുന്നത് സാധാരണാണ്. പിസിഒഡി പ്രശ്‌നങ്ങളെങ്കില്‍ ആര്‍ത്തവം ക്രമമായി ഉണ്ടാകില്ല. ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ പത്ത് ഇരുപത് ദിവസം നീണ്ടു നില്‍ക്കും. ഇതിന്റെ അവസാനമോ മറ്റോ രണ്ടു ദിവസം സ്‌പോട്ടിംഗ് ഉണ്ടാകുന്നത് സാധാരണയാണ്.

ഗര്‍ഭധാരണത്തിലെ മറ്റു ചില തകരാറുകളും സ്‌പോട്ടിംഗിന് കാരണമാകാറുണ്ട്. യൂട്രസിലല്ലാതെ ഫെലോപിയന്‍ ട്യൂബ് പോലുള്ളിടത്തുള്ള ഗര്‍ഭധാരണം പോലുള്ള അവസ്ഥകളുണ്ടാകുമ്പോള്‍ ഇത്തരത്തിൽ സ്‌പോട്ടിംഗ് സാധാരണയാണ്. ഇത്തരം സ്‌പോട്ടിംഗ് ചിലപ്പോള്‍ മാസം തികയാതെയുള്ള പ്രസവം നടക്കുമെന്നതിന്റെ ലക്ഷണം കൂടിയാണ്. പ്രസവത്തോട് അനുബന്ധിച്ച്, പ്രത്യേകിച്ചും ഗര്‍ഭം 37 ആഴ്ചകളായാല്‍ ചിലരില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് കാണാറുണ്ട്. ഇത് പ്രസവം അടുത്താകുന്നുവെന്നതിന്റെ സൂചന നല്‍കുന്നു. ഇതു സാധാരണയായി ബ്രൗണ്‍ നിറത്തില്‍ കാണപ്പെടുന്നതാണ്. ഇതല്ലാതെ ചില അണുബാധകളുടെ ഫലമായും ഇത്തരം സ്‌പോട്ടിംഗ് കാണപ്പെടാറുണ്ട്. പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് എന്ന അവസ്ഥയെങ്കിലും ഇത്തരം സ്‌പോട്ടിംഗ് കാണപ്പെടാറുണ്ട്.

എന്നാല്‍ ഇത്തരം കാരണങ്ങള്‍ കൊണ്ടല്ലാതെ അടിക്കടി സ്‌പോട്ടിംഗ് വരുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കണം. ഇത് ഗര്‍ഭാശയ സംബന്ധമായ പല രോഗങ്ങളാലും സെര്‍വിക്കല്‍ സംബന്ധമായ പല പ്രശ്‌നങ്ങളാലും ഉണ്ടാകാം. ഇതല്ലാതെ ഗര്‍ഭധാരണ തുടക്കത്തില്‍ സ്‌പോട്ടിംഗ് സ്വാഭാവികമാണ്. എന്നാല്‍ ഇതല്ലാതെ അബോര്‍ഷന്‍ സാധ്യത കൂടി ഇവിടെയുണ്ടാകാം. അബോര്‍ഷന്‍ തുടക്കത്തില്‍ ഇതു ചിലപ്പോഴുണ്ടാകാം. എന്നാല്‍ ഇത് സ്‌പോട്ടിംഗ് രീതിയില്‍ ആകില്ല, ബ്ലീഡിംഗ് തന്നെയുണ്ടാകാം. ഗര്‍ഭധാരണത്തോട് അനുബന്ധിച്ചുണ്ടാകുന്ന സ്‌പോട്ടിംഗ് പിങ്ക് മുതല്‍ സാധാരണ രക്തച്ചുവപ്പ് വരെയുണ്ടാകാം.

അടിക്കടിയായി ഇത്തരത്തിൽ സ്‌പോട്ടിംഗ് കാണുകയാണെങ്കിൽ കൂടുതൽ വൈകിപ്പിക്കാതെ ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

Related posts