Nammude Arogyam
MaternityWoman

അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു. ഇത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന തകര്‍ച്ചകള്‍ നിസ്സാരമല്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതുകൊണ്ട് തന്നെ അബോര്‍ഷന്‍ എന്ന അവസ്ഥ പലര്‍ക്കും കൈകാര്യം ചെയ്യുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ശാരീരിക അവശതകള്‍ മാറിയാലും പലരിലും മാനസികമായുള്ള അവശതകള്‍ വിടാതെ നില്‍ക്കുന്നു.

ഇത്തരം അവസ്ഥകളില്‍ അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി ദമ്പതികള്‍ ശ്രമിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് എങ്ങനെ ശ്രദ്ധിക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഓരോ ദമ്പതികളും മനസ്സിലാക്കേണ്ടതാണ്.

ആദ്യത്തെ അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് അല്‍പം സമയം കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം എന്തുകൊണ്ടാണ് അബോര്‍ഷന്‍ സംഭവിച്ചത്, ഇനി അപ്രകാരം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, എത്ര കാലത്തിന് ശേഷം അടുത്ത ഗര്‍ഭധാരണത്തിന് ശ്രമിക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് നല്ലൊരു ഡോക്ടറെ സമീപിച്ച് മനസ്സിലാക്കേണ്ടതാണ്.

ആര്‍ത്തവ ചക്രം മൂന്ന് മാസമെങ്കിലും കൃത്യമായി വരുന്നത് വരെ കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അബോര്‍ഷന് ശേഷം ആര്‍ത്തവ ചക്രത്തില്‍ മാറ്റങ്ങള്‍ വരാം. അത് പലപ്പോഴും മൂന്ന് മാസം വരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല ശാരീരികമായും മാനസികമായും മെച്ചപ്പെടുന്നതിനുള്ള സമയം തന്നെ എടുക്കണം.

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നല്ല രീതിയില്‍ ആവുന്നത് വരെ കാത്തിരിക്കുന്നതില്‍ തെറ്റില്ല. കാരണം ഒരു നഷ്ടത്തെ നേരിടുന്നതിന് വേണ്ടി അടുത്ത ഗര്‍ഭധാരണത്തിന് ഉടന്‍ ശ്രമിക്കുമ്പോള്‍ അത് ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. മാനസികമായി സ്വയം തയ്യാറായതിന് ശേഷം വൈകാരികമായി അടുത്ത ഗര്‍ഭധാരണത്തിന് തയ്യാറാണ് എന്ന് മനസ്സില്‍ ഉറപ്പിച്ച ശേഷം ശ്രമിക്കുക. അല്ലാത്ത പക്ഷം അത് അടുത്ത ഗര്‍ഭധാരണത്തേയും ബാധിക്കും എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അടുത്ത കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കും.

അബോര്‍ഷന് ശേഷം ഡോക്ടറെ കാണുന്നതില്‍ വീഴ്ച വരുത്തരുത്. പ്രത്യേകിച്ച് ദമ്പതികള്‍ ഒരുമിച്ച് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പല കാരണങ്ങള്‍ കൊണ്ട് അബോര്‍ഷന്‍ സംഭവിക്കാം. ഇതില്‍ ഗര്‍ഭപാത്രത്തിന്റെ പ്രശ്‌നമോ അണ്ഡോത്പാദനത്തിലെ പ്രശ്‌നമോ പങ്കാളിയുടെ ബീജത്തിന്റെ അനാരോഗ്യമോ മറ്റെന്തെങ്കിലും പ്രശ്‌നമോ എല്ലാം അബോര്‍ഷന്‍ സാധ്യതയിലേക്ക് നയിക്കുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഡോക്ടറെ കണ്ടതിന് ശേഷം എന്താണെന്നത് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഡോക്ടറെ കാണിക്കുന്നതില്‍ നാം കാണിക്കുന്ന വിമുഖത നമ്മുടെ ആരോഗ്യം മാത്രമല്ല അടുത്ത തലമുറയുടെ ആരോഗ്യത്തേയും വളരെ മോശമായാണ് ബാധിക്കുന്നത് എന്ന കാര്യം ഓര്‍ക്കണം. പരിചയസമ്പന്നനായ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം.

ഗര്‍ഭകാലം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് പ്രമേഹം. പ്രമേഹത്തിന്റെ അളവ് കുറക്കുക എന്നത് വളരെയധികം ശ്രദ്ധേയമാണ്. കാരണം പല അബോര്‍ഷനിലേക്കും നയിക്കുന്നത് പ്രമേഹമെന്ന വില്ലനാണ്. എന്നാല്‍ ഇത് പലരും പരിശോധിക്കാതെ വിടുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുന്നു. അതുകൊണ്ട് അബോര്‍ഷന് ശേഷം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിനും ശ്രദ്ധിക്കുക. അനിയന്ത്രിതമായുണ്ടാവുന്ന പ്രമേഹം പലപ്പോഴും കൂടുതല്‍ സമയമെടുത്ത് മാത്രമേ ചികിത്സിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഗര്‍ഭധാരണം സംഭവിച്ചാലും അത് പലപ്പോഴും ജനനവൈകല്യങ്ങള്‍ക്കും അബോര്‍ഷനിലേക്കും എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

അബോര്‍ഷന്‍ മാനസികമായി പ്രശ്‌നത്തിലാക്കും എന്ന് നമുക്കറിയാം. പ്രത്യേകിച്ച് സ്ത്രീകളില്‍. ഇത് മോശം ശീലങ്ങള്‍ എന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഡയറ്റ് നോക്കാതെയുള്ള ഭക്ഷണശീലവും വ്യായാമത്തിന്റെ അഭാവവും എല്ലാം ഉണ്ടായിരിക്കാം. അമിതമായി കാപ്പിയുടെ ഉപയോഗവും, ചില ദു:ശീലങ്ങളായ പുകവലി, മദ്യപാനം തുടങ്ങിയവയും പലരും കൂടെക്കൂട്ടുന്നു. ഇത്തരം ശീലങ്ങളെല്ലാം തന്നെ പൂര്‍ണമായും ഉപേക്ഷിക്കുക. എന്ന് മാത്രമല്ല വ്യായാമവും കൃത്യമായ ഡയറ്റും മെഡിറ്റേഷനും യോഗയും എല്ലാം ശീലമാക്കുന്നതിന് ശ്രമിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്യുക. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നല്ല ആരോഗ്യകരമായ ഒരു ഗര്‍ഭകാലം ഉണ്ടാവും എന്നതില്‍ സംശയം വേണ്ട.

Related posts