കുറച്ചു ദിവസമായി വയറിൽ എന്തോ അസ്വസ്തഥായാണോ? വയറ്റിൽ കത്തുന്നത് പോലെ തോന്നുന്നുണ്ടോ? മിക്കവാറും നിങ്ങളോട് നിങ്ങളുടെ വയർ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് —അതായത്, ” കഴിക്കുന്ന ഭക്ഷണവും പാചകവും ഒന്ന് ശ്രദ്ധിക്കണം! ഗാസ്ട്രൈറ്റിസിനോട് അടുപ്പം തുടങ്ങി കഴിഞ്ഞിരിക്കുന്നു.” എന്നാകും. മിക്കവാറും ഇത് വരുന്നത് ആഹാര ശീലങ്ങളിൽ നിന്നാണ്. ഒരു ഗ്ലാസ്സ് സോഡ അല്ലെങ്കിൽ ഒരു കപ്പ് കാപ്പി ഇതെല്ലാം കഴിച്ചു കഴിയുമ്പോൾ വയറിന് ഒരു തീപ്പൊരി കൊണ്ടിടുമ്പോലെ തോന്നും.
മുളകും മസാലയും നിറഞ്ഞ ഭക്ഷണങ്ങൾ ഇത് നമ്മുടെ വയറിനു ഒട്ടും പറ്റാത്ത കൂട്ടുകാരാണ്. ഈ ഭക്ഷണം കഴിച്ചാൽ വെറുതെ, “എന്താ എരിവ്, എന്താ കോംബോ ” എന്നൊക്കെ പറയുക എന്നല്ലാതെ, നമ്മുടെ ആമാശയം ഇത് ദഹിപ്പിക്കാൻ പെട പാട് പെടുന്നത് നമ്മൾ അറിയുന്നുണ്ടോ! നമ്മുടെ ശരീരം ഭക്ഷണം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന മെഷീൻ ആണ് ആമാശയം എങ്കിൽ വറുത്ത കൊഴുപ്പുള്ള ഈ ഭക്ഷണങ്ങളുടെ സ്ഥിരമായ ഉപയോഗം നമ്മുടെ മെഷീനെ കേടുപാടിലാക്കുക തന്നെ ചെയ്യും.

സോഡ, കാറ്ബണേറ്റഡ് പാനീയങ്ങൾ, അങ്ങനെ ‘ബബിള്‍സ്’ കാണുമ്പോ നിങ്ങൾക്ക് കൊതി തോന്നുന്നുണ്ടാവും, എന്നാൽ നിങ്ങളുടെ വയറിനോ! ഒട്ടും ഇഷ്ടപ്പെടുന്നില്ല . ഒന്ന് ചിന്തിച്ചു നോക്കൂ: ദാഹമുള്ള അവസ്ഥ , എന്നാൽ നമ്മൾ കുടിക്കുന്നതോ വാതകം നല്ല സമ്മർദ്ദത്തിൽ ജലത്തിൽ ലയിപ്പിച്ചു ഷുഗറിൽ കുളിപ്പിച്ച ലായനികൾ. ഇത് ദഹനത്തെ എളുപ്പമാക്കുകയാണോ ചെയ്യുക. കഠിനമാക്കുകയാണ്. ഭക്ഷണം ശേഷം ഇത്തരം പാനീയങ്ങൾ ദഹനത്തിനായി കഴിക്കുന്നവരും ഉണ്ട്. എന്നാൽ ആ ശീലം തീർത്തും ഉപേക്ഷിച്ചോളൂ. സോഡ പോലുള്ള ഗ്യാസുള്ള പാനീയങ്ങൾ വയറ്റിൽ അമിത സമ്മർദ്ദം സൃഷ്ടിക്കുമ്പോൾ കാപ്പിയും കഫീൻ ഉള്ള പാനീയങ്ങളും അസിഡ് ഉത്പാദനം വർധിപ്പിച്ച് പ്രയാസങ്ങൾ സൃഷ്ടിക്കും.
മദ്യത്തിന്റെ കാര്യം പറയണ്ട. മദ്യം, കഴിച്ചതിനു ശേഷമുള്ള വയറിന്റെ അവസ്ഥ വളരെ മാരകം തന്നെയാണ്. മദ്യം വയറിന്റെ ആന്തരിക ഭാഗത്തെ ഉരിഞ്ഞു മാറ്റുന്നുണ്ട്. വയറിന്റെ മ്യൂക്കസിനെ നേരിട്ട് നശിപ്പിക്കുന്നതിനാൽ ഗാസ്ട്രൈറ്റിസ് അനുഭവപ്പെടുന്നവർക്ക് ഇത് ഒഴിവാക്കുന്നതാണ് മികച്ചത്. പിന്നെ ചോക്ലേറ്റ്, സ്വാദ് കൊണ്ടും ഇഷ്ടം കൊണ്ടും മറ്റെന്തിനേക്കാളും സ്വീറ്റ്, എന്നാൽ വയറിന് അത്ര നല്ലതല്ല. ചോക്ലേറ്റും മിഠായിയും ദഹനത്തെ മന്ദഗതിയിലാക്കും.
സിട്രസ് ഫലങ്ങൾ ആയ ഓറഞ്ച്, നാരങ്ങ, തുടങ്ങിയവയിലുള്ള ആസിഡ് വയറിന് പ്രയാസം നൽകുന്നതിനാൽ ഈ അവസ്ഥയിൽ ഇത് ഒഴിവാക്കേണ്ടതാണ്. ഉള്ളിയും വെളുത്തുള്ളിയും വലിയ അളവിൽ കഴിക്കുന്നത് വയറിനെ കൂടുതൽ ഉത്തേജിപ്പിക്കാനും അസിഡ് റിഫ്ലക്‌സിന് കാരണമാകാനും ഇടയാക്കും. വയർ അതിന്റെ ജോലി നന്നായി ചെയ്യാൻ തയ്യാറാണ്. എന്നാൽ നമ്മൾ കഴിക്കുന്ന പലതു ആമാശയത്തിന്റെ സ്വാഭാവിക അവസ്ഥയെ താറുമാറാക്കുന്നു.
മുഴുവൻ പാലു ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കൂടാതെ, കുറഞ്ഞ കൊഴുപ്പുള്ള പാലു ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സോയ, ആല്മണ്ട് പോലുള്ള മറ്റുള്ളവ തിരഞ്ഞെടുക്കുന്നത് ഗാസ്ട്രൈറ്റിസിനുള്ള ആശ്വാസമാകും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കുന്നത് ഗാസ്ട്രൈറ്റിസിനെ നിയന്ത്രിക്കാൻ സഹായിക്കും. കൂടുതൽ സംശയങ്ങൾക്ക്, ഡോക്ടറുടെ ഉപദേശം തേടുക. ആരോഗ്യകരമായ ഭക്ഷണം കൊണ്ടും നല്ല ശീലങ്ങൾ കൊണ്ടും വയറിനെ കൂടുതൽ കേടു പാടുകൾ ഇല്ലാതെ സൂക്ഷിക്കാം.