Nammude Arogyam
Maternity

മുലപ്പാല്‍ കെട്ടി നിന്ന് മാറിടങ്ങളില്‍ വേദനയും അണുബാധയും ഉണ്ടാകാറുണ്ടോ? does breastfeeding cause sore breasts and infections

മുലയൂട്ടുന്ന അമ്മമാരില്‍ ചിലപ്പോള്‍ മാറിടത്തില്‍ അണുബാധയു്ണ്ടാകാറുണ്ട്. ഏറെ വേദനയുണ്ടാക്കുന്ന ഒന്നാണിത്. മാസ്റ്റിറ്റൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണയായി മുലയൂട്ടലിന്റെ ആദ്യ മൂന്നു മാസങ്ങളിലാണ് ഇതുണ്ടാകാറെങ്കിലും ചിലപ്പോള്‍ ഇത് കഴിഞ്ഞും, അതായത് മുലയൂട്ടുന്ന ഏതു കാലത്ത് വേണമെങ്കിലും ഇതുണ്ടാകുന്നു.

ഒരു മാറിടത്തിലോ ഇരു മാറിടങ്ങളിലോ ഇതുണ്ടാകാം. പാല്‍ ഗ്രന്ഥികളിലുണ്ടാകുന്ന തടസങ്ങളെ തുടര്‍ന്ന് പാല്‍ വേണ്ട രീതിയില്‍ പുറത്തു വരാതെ കെട്ടിക്കിടന്ന് ബാക്ടീരിയല്‍ വളര്‍ച്ചയുണ്ടായിട്ടാണ് ഈ അണുബാധയുണ്ടാകുന്നത്. നിപ്പിള്‍ മുറിവുണ്ടാകുന്നുവെങ്കില്‍ ഇതിലൂടെയും ബാക്ടീരിയല്‍ അണുബാധ അഥവാ മാസ്റ്റിറ്റൈറ്റിസ് ഉണ്ടാകാം. വേദന, മാറിടത്തില്‍ തടിപ്പും ചുവപ്പും, ഫ്‌ളൂ പോലുളള അവസ്ഥ എല്ലാം ഇതു കൊണ്ടുണ്ടാകാം. ഈ പ്രശ്‌നത്തിന് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചില പ്രത്യേക ഓയിലുകള്‍ കൊണ്ട് മസാജ് ചെയ്യുന്നത് നല്ലതാണ്. അതിനായി ടീട്രീ ഓയില്‍ നല്ലതാണ്. ഇതിന് ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുണ്ട്. ഇതിലെ ടെര്‍പിനൈന്‍ 4 ഒഎല്‍ എന്ന ഘടകമാണ് ഈ ഗുണം നല്‍കുന്നത്. ഇത് നേര്‍പ്പിച്ച് ഉപയോഗിയ്ക്കാം. മറ്റ് ഓയിലുകള്‍ക്കൊപ്പം, അതായത് ആവണക്കെണ്ണ, ഒലീവ് ഓയില്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് മസാജ് ചെയ്യാം. ഇതെല്ലാം നല്ലതു പോലെ മാറിടത്തില്‍ നിന്നും നീക്കം ചെയ്ത ശേഷം മാത്രം കുഞ്ഞിന് പാല്‍ നല്‍കണം എന്നത് ഏറെ പ്രധാനമാണ്. വെളുത്തുള്ളി, വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കുന്നതും നല്ലതാണ്. ക്യാബേജില മാറില്‍ വയ്ക്കുന്നത് നല്ലതാണ്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. ക്യാബേജില നല്ലതു പോലെ കഴുകി ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് മാറിടത്തില്‍ വയ്ക്കാം. ഫ്രിഡ്ജില്‍ 30 മിനിറ്റ് വച്ചാല്‍ മതിയാകും. ഇത് എത്ര തവണ വേണമെങ്കിലും ചെയ്യാം. മാറിടത്തിലെ വേദനയും അസ്വസ്ഥതയും മാറാന്‍ ഇത് നല്ലതാണ്. ക്യാബേജില നല്ലതു പോലെ കഴുകി വേണം, ഉപയോഗിയ്ക്കാന്‍. ഇത് ഉപയോഗിച്ച ശേഷവും മാറിടം നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വേണം, കുഞ്ഞിന് പാല്‍ നല്‍കാന്‍.

ഇതുപോലെ ഉപയോഗിക്കുന്ന മറ്റൊന്നാണ് കറ്റാര്‍ വാഴ ജെല്‍. നല്ല ശുദ്ധമായ കറ്റാര്‍ വാഴ ജെല്‍ മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് മില്‍ക് ഗ്ലാന്റുകളിലെ തടസം നീക്കാനും പാല്‍ പുറത്ത് വരാനും നല്ല രീതിയില്‍ സഹായിക്കും. മാറിടത്തിന് ചുറ്റുഭാഗത്ത് നിന്നും നിപ്പിള്‍ ഭാഗത്തേയ്ക്ക് വിരല്‍ത്തുമ്പുകളാല്‍ മസാജ് ചെയ്യാം. അല്‍പം ചൂടാക്കിയ ഒലീവ് ഓയിലോ ആവണക്കെണ്ണയോ ഇതിനായി ഉപയോഗിയ്ക്കാം. ഇത് മാറിടത്തിലെ വേദന കുറയ്ക്കാനും നീര് മാറാനുമെല്ലാം ഏറെ നല്ലതാണ്.

ഇവയേക്കാളുമെല്ലാമുപരി മുലപ്പാല്‍ കുഞ്ഞിന് നല്‍കിക്കൊണ്ടിരിയ്ക്കുക എന്നതാണ് ഒരു പ്രതിവിധി. ഇത് കെട്ടിക്കിടക്കുന്ന പാല്‍ പുറത്ത് കളയാനുള്ള വഴിയാണ്. ഇതിനാല്‍ കുട്ടിയ്ക്ക് ഇന്‍ഫെക്ഷനുണ്ടാകുമെന്ന പേടി വേണ്ട. കാരണം കുഞ്ഞിന്റെ വായിലെ ദഹന രസങ്ങളില്‍ ഈ ബാക്ടീരിയ നശിച്ചു പോകും. കുഞ്ഞിന് പാല്‍ നല്‍കുന്നതിന് മുന്‍പായി ചെറുചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി മാറിടത്തിന് മുകളിലായി അല്‍പനേരം ഇടുന്നത് നല്ലതാണ്. ഇത് അസ്വസ്ഥത മാറാനും പാല്‍ എളുപ്പത്തില്‍ പുറത്ത് വരാനും സഹായിക്കും.

Related posts