Nammude Arogyam
Healthy Foods

ഭക്ഷണം കഴിക്കുമ്പോൾ……..

ഭക്ഷണം എന്നാൽ ശരീരത്തിനുള്ള ഔഷധം കൂടിയാണ്, രുചി മുകുളങ്ങൾക്ക് സംതൃപ്തി നൽകുക എന്നത് മാത്രമല്ല ആഹാരം കഴിക്കുന്നതിന്റെ ലക്ഷ്യം. നല്ല ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കണം. എന്നാൽ പലരും ഈ കാര്യം മറക്കുന്നു എന്നതാണ് വാസ്തവം. ഇടയ്ക്കെങ്കിലും സമീകൃതാഹാരം കഴിക്കാറുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാകും ഭൂരിഭാഗം പേരുടെയും ഉത്തരം.

മാറി മറിഞ്ഞ ജീവിതശൈലിയിൽ ആഹാരശീലവും പാടെ മാറിയിരിക്കുന്നു. ഇഷ്ടമുള്ള ആഹാരം കൂടുതൽ അളവിലും പതിവായും കഴിക്കുന്നതാണ് മിക്കവരുടെയും രീതി. അതിനിടയിൽ സമീകൃതാഹാരം എന്നൊക്കെ പറഞ്ഞാൽ ആർക്കും ശ്രദ്ധിക്കാൻ നേരം കാണില്ല.

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, പലതരം അർബുദങ്ങൾ, അസ്ഥിക്ഷയം, ദന്തരോഗം തുടങ്ങിയ പ്രശ്നങ്ങളുടെയെല്ലാം മുഖ്യകാരണം അനാരോഗ്യകരമായ ആഹാര രീതിയും വ്യായാമത്തിന്റെ കുറവുമാണ്. ഇന്നത്തെ പലരുടെയും ആഹാര രീതിയിൽ അന്നജം, പൂരിതകൊഴുപ്പുകൾ, മധുരം, ഉപ്പ് എന്നിവ വളരെയധികമുണ്ട്. അതായത് ഒരു ദിവസം നമ്മൾ അകത്താക്കുന്ന ഊർജം ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണ്. അതെ സമയം ആവശ്യത്തിനുള്ള പോഷകങ്ങൾ ഇവ നൽകുന്നുമില്ല. ഇങ്ങനെ ശരീരത്തിലെ അധികമുള്ള ഊർജം കൊഴുപ്പായി മാറി അമിതവണ്ണത്തിന് കാരണമാകുന്നു. അത്കൊണ്ടാണ് പോഷകങ്ങൾ കൂടുതൽ അടങ്ങിയ ആഹാരം ശീലമാക്കണമെന്ന് പറയുന്നത്.

പല തരം പോഷകങ്ങൾ അടങ്ങിയതാകണം നമ്മുടെ ഭക്ഷണം. പോഷകാഹാരമെന്നാൽ പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ചേർന്നതാവണം. ഇവ ഉണ്ടെങ്കിൽ മാത്രമേ ഒരു ദിവസം ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ ഘടകങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാൻ സാധിക്കുകയുള്ളു.

നമുക്ക് വേണ്ട പ്രോട്ടീൻ ലഭിക്കുന്നത് മാംസം, മുട്ട, മത്സ്യം, ബീൻസ്, പയറുകൾ, പരിപ്പുകൾ, കടല മുതലായവയിൽ നിന്നാണ്. മാംസം ഉപയോഗിക്കുമ്പോൾ തൊലികളഞ്ഞ ചിക്കൻ പോലുള്ളവയാണ് നല്ലത്. മാട്, ആട്, പന്നി മുതലായവയിൽ കൊഴുപ്പ് അധികമാണ്. അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാകും ഉചിതം. അല്ലെങ്കിൽ ഇവ പാകം ചെയ്യുന്നതിനുമുമ്പ് കഴിയുന്നത്ര കൊഴുപ്പ് നീക്കം ചെയ്യുക. എണ്ണ, തേങ്ങ, വെണ്ണ, നെയ്യ്, ഉപ്പ് ഇവയുടെ ഉപയോഗം മിതമാക്കാം. ബേക്കിങ്, ബ്രോയ്ലിങ്, ഗ്രില്ലിങ്, നോൺസ്റ്റിക് പാൻ ഉപയോഗിച്ച് എണ്ണകുറച്ച് ചെയ്യാവുന്ന പാചക രീതികൾ തുടങ്ങിയവ പരീക്ഷിക്കാം.

രോഗങ്ങളെ തടയാൻ മികച്ച രോഗ പ്രതിരോധ ശേഷിയുണ്ടെങ്കിൽ കഴിയും, കൊവിഡ് പോലുള്ള പകർച്ചവ്യാധികൾ പലതും തോറ്റുപോകുന്നത് ഒരാളുടെ ശരീരത്തിന്റെ പ്രതിരോധശേഷിയ്ക്ക് മുൻപിലാണ്. ഏത് രോഗകാരി വന്നാലും പ്രതിരോധ ശക്തിയുള്ള ഒരു ശരീരത്തിൽ ഒന്നും ചെയ്യാനാവില്ല. പോഷകാഹാരം കഴിക്കുക എന്നത് തന്നെയാണ് പ്രതിരോധ ശക്തി മെച്ചപ്പെടുത്താനുള്ള എളുപ്പ വഴി.

ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും നിശ്ചിത പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ് ആദ്യം വേണ്ടത്. ഈ കൊവിഡ് കാലത്ത് മിക്ക ആളുകളും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അതിനാൽ വ്യത്യസ്ത വിഭവങ്ങൾ കഴിക്കാനുള്ള ആഗ്രഹം വർധിക്കും. മിക്കപ്പോഴും രുചികരമായ വിഭവങ്ങൾ തന്നെ കഴിക്കുന്ന അവസ്ഥ വരുന്നതോടെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കുക. ഇത് പ്രതിരോധ ശേഷി കുറയ്ക്കുന്നതിലേക്കും ആരോഗ്യം മോശമാകുന്നതിലേയ്ക്കും ശരീരഭാരം കൂടുന്നതിലേയ്ക്കും നയിക്കും.

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രോബയോട്ടിക്‌സ്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ധാരാളം പ്രോബയോട്ടിക്‌സ് ശരീരത്തിലെത്തും. ഇത് കുടലിലെ വിഷാംശങ്ങളെ പുറംതള്ളാൻ സഹായിക്കും. ഇങ്ങനെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വഴി ശരീരത്തിന്റെ പ്രതിരോധ ശക്തി മെച്ചപ്പെടും.

നിത്യവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പഴങ്ങൾ മുഴുവനായോ ജ്യൂസ്‌ രൂപത്തിലോ കഴിക്കാം. ഇതു കൂടാതെ തൈര് ചേർത്തോ അല്ലാതെയോ വിവിധ സലാഡുകളുടെ രൂപത്തിലും പച്ചക്കറികൾ കൂടുതലായി കഴിക്കാം. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കണം.

മിക്ക ആളുകളുടെയും പ്രധാന ആഹാരം ധാന്യങ്ങളാണ്. അന്നജം പ്രദാനം ചെയ്യുന്ന അളവിൽ കവിഞ്ഞ് കഴിക്കുന്ന പതിവ് നിർത്തണം. പാത്രത്തിന്റെ നാലിലൊന്ന് ഭാഗം മാത്രം കഴിക്കാനായി എടുക്കുക. തവിടു കളയാത്ത അരി, ഗോതമ്പ്, ചോളം, റാഗി, ഓട്സ് മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം. തവിടു കളയുേമ്പാൾ നാരുകൾ അടക്കമുള്ള ഒരുപാട് പോഷകങ്ങൾ കുറയുന്നു. പാത്രത്തിന്റെ പകുതി പച്ചക്കറികളും ഫലവർഗങ്ങളും എടുക്കുക. ബാക്കി കാൽഭാഗത്ത് മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഒപ്പം ഒരു പാലുൽപന്നവും കൂടിയാകുമ്പോൾ അത് സമീകൃതാഹാരമായി മാറും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കാനായി ശ്രമിക്കണം.

ആരോഗ്യകരമാകണം നമ്മുടെ ഭക്ഷണശീലം. ആഹാരം കഴിക്കുന്നതിന്റെ ലക്ഷ്യം രുചി മുകുളങ്ങൾക്ക് സംതൃപ്തി നൽകുക എന്നത് മാത്രമാകരുത്. കാരണം ആഹാരം ഔഷധമാണ്. അതിനാൽ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധ വേണം.

Related posts