മധുരം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് പഞ്ചസാര എന്നത് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്. ബുദ്ധിശക്തി, പേശി ഊര്‍ജ്ജം, ശരീരകോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിലേക്കുള്ള ഇന്ധനം എന്നിവയുടെ ഉറവിടമാണ് പഞ്ചസാര എന്ന്, ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് അഭിപ്രായപ്പെടുന്നു. പഞ്ചസാരയിലെ കലോറി മറ്റേതൊരു ഭക്ഷണത്തില്‍ നിന്നുള്ളതുപോലെ തുല്യമാണ്. എന്നാല്‍ വേണ്ടത്ര കലോറി കത്തിക്കാതിരിക്കുകയോ വളരെയധികം കലോറി കഴിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പ്രതിവര്‍ഷം ഇന്ത്യയില്‍ ഒരാളുടെ പ്രതിശീര്‍ഷ പഞ്ചസാര ഉപഭോഗം 19 കിലോഗ്രാം ആണ്. പഞ്ചസാര ഒരു ‘വെളുത്ത വില്ലനാ’ണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഒരു ദിവസം എത്ര പഞ്ചസാരയാണ് കഴിക്കേണ്ടത് എന്ന് ആർക്കുമറിയില്ല.
പഞ്ചസാരയുടെ രണ്ട് പ്രധാന ഉറവിടങ്ങളുണ്ട്.
1.സ്വാഭാവിക പഞ്ചസാര- ഭക്ഷണങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്നത്. 2.കൃത്രിമ പഞ്ചസാര – തരികള്‍ വഴിയും സംസ്കരിച്ച ഭക്ഷണങ്ങളിലും കാണുന്നത്.
പഴങ്ങള്‍, പാല്, ധാന്യങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരത്തിന് അധികം പ്രശ്നമാകാത്തവയാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍, ഒരു ശരാശരി അമേരിക്കക്കാരന് ഒരു ദിവസം 22 ടീസ്പൂണ്‍ കൃത്രിമ പഞ്ചസാര ഉപയോഗിക്കുന്നു എന്നാണ്. അമിതവണ്ണവും ഹൃദ്രോഗവും തടയാന്‍ സഹായിക്കുന്നതിനായി ആഡഡ് ഷുഗര്‍ കുറയ്ക്കാന്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് (എഎച്ച്എ) പറയുന്നു.
പ്രതിദിനം ഏകദേശം 10 സ്പൂണ്‍ പഞ്ചസാര വച്ച് ഒരു ശരാശരി ഇന്ത്യക്കാരന് പ്രതിവര്‍ഷം 18 കിലോ പഞ്ചസാര കഴിക്കുന്നു. നാം കഴിക്കുന്ന വിവിധ സംസ്കരിച്ച ഭക്ഷ്യവസ്തുക്കളില്‍ ഉള്ള പഞ്ചസാരയുടെ അളവ് കൂടാതെയാണിത്. ഒരു കാന്‍ ഷുഗര്‍ ഡ്രിങ്കില്‍ തന്നെ 40 ഗ്രാം (10 ടീസ്പൂണ്‍) പഞ്ചസാര അടങ്ങിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള പഞ്ചസാരയുടെ അളവ് സ്ത്രീകള്‍ക്ക് പ്രതിദിനം 100 കലോറിയില്‍ കൂടുതല്‍ (ഏകദേശം 6 ടീസ്പൂണ്‍ അല്ലെങ്കില്‍ 24 ഗ്രാം പഞ്ചസാര) നിര്‍ദ്ദേശിക്കുന്നു. പുരുഷന്മാര്ക്ക് ഇത് പ്രതിദിനം 150 കലോറിയില്‍ കൂടുതല്‍ (ഏകദേശം 9 ടീസ്പൂണ്‍ അല്ലെങ്കില്‍ 36 ഗ്രാം പഞ്ചസാര).
ആഡഡ് ഷുഗര്‍ കഴിക്കുന്നതിലൂടെ യാതൊരു പോഷകവും ശരീരത്തിന് ലഭിക്കുന്നില്ല. ധാരാളം പഞ്ചസാര അടങ്ങിയ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക എന്നതാണ് ആരോഗ്യത്തിന് നല്ലത്. 1 ടീസ്പൂണ്‍ പഞ്ചസാര എന്നത് 4 ഗ്രാം ആണെന്ന് ഓര്‍ത്തുവയ്ക്കുക. ചായയിലും മധുരപലഹാരങ്ങളിലും ചേര്‍ത്ത് നാം കഴിക്കുന്ന വെളുത്ത പഞ്ചസാര മാത്രമല്ല ദിവസവും നമ്മുടെ ശരീരത്തില്‍ എത്തുന്നത്. കെച്ചപ്പ്, റൈസ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, പാല്, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്.
പാക്കേജുചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതിന്റെ ലേബല്‍ വായിച്ച് പഞ്ചസാരയുടെ അളവ് പരിശോധിക്കുക. ഉദാഹരണത്തിന്, ഒരു ടേബിള്‍ സ്പൂണ്‍ കെച്ചപ്പില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഫ്.ഡി.എ അനുസരിച്ച് പഞ്ചസാര ഉപഭോഗം ദൈനംദിന കലോറി ഉപഭോഗത്തിന്റെ 10 ശതമാനത്തില്‍ കൂടരുത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇതിനെ 10ല്‍ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട് എന്നതാണ് അതിലും പ്രധാനം.
യുഎസ് ലൈബ്രറി ഓഫ് മെഡിസിന് പഠന പ്രബന്ധം അനുസരിച്ച് ഇന്ത്യയിലെ 80 ശതമാനം മരണങ്ങള്‍ക്കും കാരണം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം എന്നിവയാണ്. ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയാണ് ഈ അസുഖങ്ങള്‍ക്ക് ഒരു പരിധി വരെ വില്ലനാകുന്നത്. ഈ ഘടകങ്ങള്‍ തടയാനായി ആരോഗ്യവകുപ്പ് ഉത്സാഹം കാണിക്കുന്നുമില്ല. പഞ്ചസാരയുടെ ആളോഹരി ഉപഭോഗം 2000ല്‍ 22 ഗ്രാം ആയിരുന്നു 2010 ല്‍ അത് 55.3 ഗ്രാം ആയി ഉയര്‍ന്നു. ഉപ്പിന്റെ പ്രതിദിന ഉപഭോഗം 9 മുതല്‍ 12 ഗ്രാം വരെയായി. കൊഴുപ്പ് ഉപഭോഗം 2000 ല്‍ 21.2 ഗ്രാം ആയിരുന്നത് 2010 ല്‍ 54 ഗ്രാം ആയി വര്‍ദ്ധിച്ചു. അതേ കാലയളവില്‍, ഹൈഡ്രജന്‍ സസ്യ എണ്ണയുടെ ഉപഭോഗം (പാം ഓയില്‍ ഉള്‍പ്പെടെ) പ്രതിദിനം 1.67 ല്‍ നിന്ന് 2.8 ഗ്രാം ആയി വര്‍ദ്ധിച്ചു.
പഞ്ചസാരയെ ‘വെളുത്ത വിഷം’ എന്ന് വിളിക്കുന്നത് തെറ്റാണ്. ശരിക്കും വേണ്ടത് നമ്മുടെ ദൈനംദിന ഉപഭോഗത്തിന്റെ നിയന്ത്രണവും മിതമായ അളവില്‍ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതുമാണ്. നടത്തം, ഓട്ടം, ജോഗിംഗ്, യോഗ, സൈക്ലിംഗ് മുതലായവ പഞ്ചസാര ഉപഭോഗത്തിന്റെ ദോഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും. പഞ്ചസാരയുടെ അളവ് ശുപാര്‍ശ ചെയ്യപ്പെടുന്ന കലോറി ഉപഭോഗത്തിന്റെ 5% വരെയായി നിലനിര്‍ത്തുകയും മിതമായ വ്യായാമം ചെയ്യുകയും ചെയ്താല്‍ യാതൊരു പ്രശ്നവും സംഭവിക്കില്ല.