മുട്ടയുടെ വൈവിധ്യം, പാചക ലോകത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സവിശേഷതകളിലൊന്നാണ്. മുട്ട പോഷകങ്ങളുടെ കലവറയാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. പ്രോട്ടീനുകള്‍ പേശികളെ നന്നാക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പ്രതിരോധശേഷിയും ശക്തിയും നല്‍കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ വിറ്റാമിന്‍ ഡിയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
മുട്ടകള്‍ ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായി കാണപ്പെടുമ്പോഴും, മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോള്‍ നിറഞ്ഞതാണെന്നും അതിനാല്‍ അവ കഴിക്കരുതെന്നും ചില പോഷകാഹാര വിദഗ്ധര്‍ പറയുന്നു. മുട്ടയുടെ മഞ്ഞക്കരുവിനെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും നിലവിലുണ്ട്. എന്നാല്‍ അവയില്‍ പലതും ശരിയല്ല. മുട്ടയുടെ മഞ്ഞക്കരുവിലും പോഷകങ്ങള്‍ ധാരാളമുണ്ട്. അവഗണിക്കാനാവാത്ത നിര്‍ണായക വസ്തുത എന്തെന്നാല്‍, മുട്ടയുടെ വെള്ളയേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്. മുട്ടയുടെ മഞ്ഞക്കരു കഴിക്കാതെ കളയുന്നതിനു മുമ്പ് അവ നമ്മുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മസ്തിഷ്കത്തിലെ പ്രധാന ന്യൂറോ ട്രാന്‍സ്മിറ്ററുകളിലൊന്നായ അസറ്റൈല്‍ കോളിന്റെ പ്രധാന ഘടകമായ കോളിന്റെ ഏറ്റവും സാന്ദ്രമായ ഉറവിടമാണ് മുട്ടയുടെ മഞ്ഞ. മസ്തിഷ്കത്തിന്റെ സാധാരണ വികസനത്തിന് കോളിന് അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു മസ്തിഷ്ക വികാസത്തിന് വളരെ നല്ലതാണ്.
മുട്ടയുടെ മഞ്ഞ കൂടുതല്‍ പോഷക സാന്ദ്രമാണ്. വിറ്റാമിന്‍ ബി 6, ബി 12, എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, സെലിനിയം എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഒമേഗ-3 ഫാറ്റുകളും ഉണ്ട്. വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോള്‍, മുട്ടയുടെ മഞ്ഞക്കരുവും ഫോളേറ്റ്, വിറ്റാമിന്‍ ബി 12 എന്നിവയാല്‍ സമ്പന്നമാണ്. ഈ പോഷകങ്ങളെല്ലാം എളുപ്പത്തില്‍ ലഭിക്കാനായി മുട്ടയുടെ മഞ്ഞക്കരു കഴിക്കാം.
മുട്ടയുടെ മഞ്ഞക്കരുവില്‍ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്സാന്തൈന് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജനറേഷനില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സംഭാവന നല്കുന്ന ഭക്ഷണമാണ് മുട്ടയുടെ മഞ്ഞ. മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഈ കരോട്ടിനോയിഡുകള്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുകയും റെറ്റിനയ്ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
മുട്ടയുടെ മഞ്ഞക്കരുവില്‍ ട്രിപ്റ്റോഫാന്‍, ടൈറോസിന്‍ തുടങ്ങിയ ഹൃദ്രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന അമിനോ ആസിഡുകളാല്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ മുട്ട മുഴുവനായും കഴിക്കുന്നതില്‍ നിന്ന് പിന്തിരിയരുത്. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് ശരീരത്തിന്റെ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ക്ക് പ്രതിദിനം എത്ര മുട്ടകള്‍ കഴിക്കാം എന്നറിയാന്‍ അവരുടെ ഡോക്ടറെ സമീപിക്കാവുന്നതാണ്.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ അഭിപ്രായത്തില്‍, സാധാരണ എല്‍ഡിഎല്‍ ഉള്ള ആളുകള്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ കൊളസ്ട്രോള്‍ 300 മില്ലിഗ്രാം ആയിരിക്കണം. അതിനാല്‍, കൊളസ്ട്രോളിന്റെ അളവ് ഉയര്‍ന്നതാണെങ്കില്‍, ഭക്ഷണത്തില്‍ മുട്ടയുടെ മഞ്ഞക്കരു ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഒരു പഠനത്തില്‍, ആഴ്ചയില്‍ ഏഴ് മുട്ടകള്‍ കഴിക്കുന്ന ആളുകള്‍ക്ക് അതില്‍ കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലല്ലെന്ന് കണ്ടെത്തി. ഏകദേശം 17,000 അമേരിക്കക്കാരെ 14 വര്‍ഷമായി നിരീക്ഷിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്.
ഒരു മുഴുവന്‍ മുട്ടയുടെ ഇരുമ്പിന്റെ അശംത്തില് 93% മഞ്ഞക്കരുവിലും 7% വെള്ളയിലുമാണ്. കാല്‍സ്യത്തിന്റെ അശംത്തില് 90 ശതമാനവും മഞ്ഞക്കരുവിലാണ്. മുട്ടയുടെ രണ്ട് ഭാഗങ്ങളും ആരോഗ്യകരമാണെങ്കിലും പോഷകങ്ങളുടെ ഉള്ളടക്കം നോക്കുമ്പോള്‍ മഞ്ഞക്കരു കൂടുതല്‍ പ്രയോജനകരമാണെന്നാണ് വിദഗ്ദർ പറയുന്നത്. അതിനാല്‍, അടുത്ത തവണ മുട്ടകള്‍ കഴിക്കുമ്പോള്‍ മഞ്ഞക്കരു ഉപേക്ഷിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.
ഒരു മുട്ട മുഴുവനും കഴിക്കുന്നതിലൂടെ എല്ലാ പോഷകങ്ങളും ലഭിക്കുകയും രണ്ടിന്റെയും ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊളസ്ട്രോള്‍ കൂടി ചെറിയ അളവിൽ മുട്ടയിൽ അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിദിനം എത്ര മുട്ടകള്‍ കഴിക്കാം എന്നറിയാന്‍ ഒരു ഡോക്ടറെ സമീപിക്കാവുന്നതാണ്.