Nammude Arogyam
General

കറിവേപ്പില ഉപയോഗശൂന്യമാണോ?

മിക്ക ഇന്ത്യൻ അടുക്കളകളിലും ദൈനംദിന പാചകത്തിൽ രുചിക്കും, മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. പക്ഷെ ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മൾ ആ കറിവേപ്പിലകൾ അതിൽ നിന്ന് എടുത്ത് മാറ്റി വയ്ക്കുന്നു. എന്നാൽ ഈ ഇലകൾ നൽകുന്ന അത്ഭുതകരമായ നേട്ടങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ, മാറ്റി വയ്ക്കുന്നതിന് പകരം അവ കഴിക്കാൻ തുടങ്ങുമെന്ന കാര്യം തീർച്ചയാണ്. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മൾട്ടിവിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിനും തടയുന്നതിനും പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിക്കുന്നു. കറിവേപ്പിലയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.പ്രമേഹത്തെ നിയന്ത്രിക്കുന്നു

കറിവേപ്പില ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവേപ്പിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബറിന്റെ സാന്നിധ്യം കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി മാറുന്നത് മന്ദഗതിയിലാക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. കുറഞ്ഞ ജി‌ഐ (ഗ്ലൈസെമിക് സൂചിക) ഭക്ഷണത്തിലേക്ക് കറിവേപ്പില ചേർക്കുന്നത് പ്രമേഹമുള്ളവർക്ക് അത്ഭുതകരമായി പ്രവർത്തിക്കുന്നു.

2.വിളർച്ചയെ തടയുന്നു

ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകൾക്ക് ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡിന്റെ ഉയർന്ന ഉള്ളടക്കം ആ പ്രശ്നം പരിഹരിക്കുന്നു. കൂടാതെ, രക്തം ശുദ്ധീകരിക്കുന്നതിനും കറിവേപ്പില ഫലപ്രദമായി പ്രവർത്തിക്കുന്നു.

3.ദഹനം മെച്ചപ്പെടുത്താൻ

കറിവേപ്പിലയ്ക്ക് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്, ഇത് കാരണം അവ ദഹനത്തിന് വളരെ ഫലപ്രദമാണ്. നാരുകൾ കൂടുതലായതിനാൽ കറിവേപ്പില മലവിസർജ്ജനം നിയന്ത്രിക്കുന്നു. അവ പ്രകൃതിദത്ത ഉത്തേജകമാണ്, അതിനാൽ വിശപ്പ് വർദ്ധിപ്പിക്കാനും കഴിയും. കൂടാതെ, കറിവേപ്പിലയിലെ ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയറിളക്കം, ഛർദ്ദി, പൈൽസ്, വായുകോപം, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു.

4. മുടിയുടെ വളർച്ചയ്ക്ക്

മൾട്ടിവിറ്റാമിനുകൾ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ ഒരു കലവറയാണ് കറിവേപ്പില. കേടായ മുടിയെ ചികിത്സിക്കുന്നതിനും, രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും, താരൻ ചികിത്സിക്കുന്നതിനും, ആത്യന്തികമായി മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു.

5.എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന്

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ഇത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയുന്നതിനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കറിവേപ്പിലയുടെ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ സവിശേഷതകൾ വായയുടെ നല്ല ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കറിവേപ്പിലയിലെ അവശ്യ എണ്ണകൾ മോണകളെയും പല്ലുകളെയും ശക്തിപ്പെടുത്താനും വിവിധ അണുബാധകളിൽ നിന്ന് അവയെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഇവ കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കുക, ക്യാൻസറിനെ തടയുക തുടങ്ങിയ ആരോഗ്യപരമായ മറ്റ് നിരവധി ഗുണങ്ങൾ കൂടിയുണ്ട് കറിവേപ്പിലക്ക്.

ഈ കയ്പേറിയതും എന്നാൽ രുചികരമായതുമായ ഇലകൾ ഭക്ഷണത്തിന് സുഗന്ധവും രുചിയും പകരുക മാത്രമല്ല, ഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കറിവേപ്പിലകൾ പാഴാക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ, ആരോഗ്യ ഗുണങ്ങൾക്കായി അവ കഴിക്കുക.

Related posts