Nammude Arogyam
Heart DiseaseGeneral

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഇന്ത്യയിൽ ഏകദേശം 10 ദശലക്ഷം ആളുകൾക്ക് രക്താതിമർദ്ദം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവയുടെ അനന്തരഫലങ്ങൾ എന്തൊക്കെയെന്നത് നമ്മളിൽ പലരും പൂർണ്ണമായി മനസിലാക്കാതെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രക്തസമ്മർദ്ദം കൂടുന്നത് രക്തധമനിയുടെ മതിലുകൾക്കെതിരെ രക്തം ചെലുത്തുന്ന ശക്തിയെയും, സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ചിലപ്പോൾ വർഷങ്ങളോളം കണ്ടുപിടിക്കപ്പെട്ടില്ലെന്ന് വരാം. പക്ഷേ തലവേദന, ശ്വാസം മുട്ടൽ, അല്ലെങ്കിൽ മൂക്കിൽ നിന്ന് ഉണ്ടാകുന്ന ചോര എന്നിങ്ങനെയുള്ള ചില അടയാളങ്ങൾ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

രക്തസമ്മർദ്ദ നില 140/90 ന് മുകളിലാണെന്ന് കണ്ടെത്തിയാൽ ഉയർന്ന രക്തസമ്മർദ്ദമുണ്ട് എന്നാണ് അതിനർത്ഥം. ഇത് വളരെക്കാലം തുടരുകയാണെങ്കിൽ, ഹൃദ്രോഗം പോലെയുള്ള ജീവന് ഭീഷണിയാകുന്ന അവസ്ഥയ്ക്കോ അല്ലെങ്കിൽ ഹൃദയാഘാതത്തിനോ കാരണമാകും. അതിനാൽ, ഭാവിയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇതിന്റെ നില പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് വളരെ അത്യാവശ്യമാണ്.

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഭക്ഷണക്രമം നിയന്ത്രിക്കുന്നത് പോലെ തന്നെ എളുപ്പമാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതും. കുറച്ച് കാര്യങ്ങൾ നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ഹൃദയം ആരോഗ്യകരമായി തുടരുന്നുവെന്നത് ഉറപ്പാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ചാട്ട് മസാല

ചാട്ട് മസാലയും അത് പോലുള്ള മറ്റ് മസാലകളും പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് കലർന്ന ചേരുവകളാണ്. ഉപ്പിലെ സോഡിയം അമിതമാകുന്നത് വൃക്കകളെ ബാധിക്കുകയും ശരീരത്തിൽ വെള്ളം നിലനിർത്താൻ ഇടയാക്കുകയും ചെയ്യും. ഈ അധികമായി സംഭരിച്ച വെള്ളം രക്തസമ്മർദ്ദം ഉയർത്തുകയും വൃക്ക, രക്തധമനികൾ, ഹൃദയം, തലച്ചോറ് എന്നിവയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

2. ശീതീകരിച്ച ഭക്ഷണങ്ങൾ

നമ്മളിൽ പലർക്കും, ശീതീകരിച്ച ഭക്ഷണങ്ങൾ ഒരു ബലഹീനതയാണ്. അവ പല രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കാനും ആസ്വദിക്കാനും വളരെ സൗകര്യപ്രദമാണ്. എന്നിരുന്നാലും, അവ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, പ്രത്യേകിച്ചും ഉയർന്ന രക്തസമ്മർദ്ദമുള്ളവരാണെങ്കിൽ.

ഫ്രീസ് ചെയ്‌ത മിക്ക ഭക്ഷണ പദാർത്ഥങ്ങളിലും സ്വാഭാവികമായും ചെറിയ അളവിൽ ഉപ്പ് മാത്രമേ ഉണ്ടാകൂ എന്നതിനാൽ, ഈ ഉൽ‌പ്പന്നങ്ങളുടെ പ്രോസസ്സിംഗ് സമയത്ത് ഗണ്യമായ അളവിൽ ഉപ്പ് വീണ്ടും ചേർക്കുന്നു. അങ്ങനെ അവ കുറെ നാൾ കേടുകൂടാതെ ഇരിക്കുകയും, അവയുടെ രുചി വർദ്ധിക്കുകയും ചെയ്യും. അതിനാൽ ഇത്തരത്തിലുള്ള ശീതീകരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ ഉപദേശിക്കുന്നു.

3. അച്ചാറുകൾ

നമുക്കെല്ലാം വളരെ പ്രിയങ്കരമാണ് പല രുചികളിലുള്ള അച്ചാറുകൾ. അത് മാങ്ങയോ, നാരങ്ങയോ, നെല്ലിക്കയോ അങ്ങിനെ എന്ത് തരം അച്ചാറുമാകട്ടെ, ചപ്പാത്തിയുടെ കൂടെയോ ചോറിന്റെ കൂടെയോ ഒക്കെ വിളമ്പാം. എന്നിരുന്നാലും, അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. അച്ചാറുകൾ കൂടുതൽ നാളുകൾ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ പ്രധാന സംരക്ഷണമാണ് ഉപ്പ്. അതിനാൽ രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗിയാണെങ്കിൽ, അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ അച്ചാറുകൾ ഒഴിവാക്കണമെന്ന് ധാരാളം വിദഗ്ദ്ധർ ഉപദേശിക്കുന്നു.

4. ചുവന്ന മാംസം

മുറിക്കുമ്പോൾ ചുവന്ന നിറത്തിലുള്ളതും പാകം ചെയ്യുമ്പോൾ ഇരുണ്ട നിറത്തിലേക്ക് മാറുകയും ചെയ്യുന്ന മാംസമാണിത്. പന്നിയിറച്ചി, മട്ടൻ, ബീഫ് എന്നിവയാണ് നമ്മൾ സാധാരണയായി കഴിക്കുന്ന ചുവന്ന മാംസം അഥവാ റെഡ് മീറ്റ്. ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്ന രോഗികൾ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് കൊളസ്ട്രോൾ നിറഞ്ഞതാണെന്നും പതിവായി കഴിക്കുന്നത് ഹൃദയത്തിന് ദോഷകരമാണെന്നും പഠനങ്ങളിൽ പറയുന്നു. വാസ്തവത്തിൽ, ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ചുവന്ന മാംസം കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ്.

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക് കഴിക്കാവുന്നത്

ചില ഭക്ഷണങ്ങൾ ഹൃദയത്തിന് ദോഷകരമാകുന്നതു പോലെ, ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളും ഉണ്ട്. അമിത രക്തസമ്മർദ്ദം ഉള്ളവർക്ക് ഈ ഭക്ഷണങ്ങൾ കഴിക്കാം.

1.ബദാം, വാൾനട്ട്, അണ്ടിപ്പരിപ്പുകൾ തുടങ്ങിയവ രക്തസമ്മർദ്ദം നേരിടുന്ന രോഗികൾക്ക് കഴിക്കാവുന്ന നല്ലൊരു ലഘു ഭക്ഷണമാണ്. ഭക്ഷണക്രമത്തിൽ നിന്ന് മറ്റ് നട്ട്സുകൾ ഒഴിവാക്കി, ബദാമും, വാൾനട്ടും, ഹേസൽ നട്ടും ഉൾപ്പെടെയുള്ളവ മിതമായ അളവിൽ കഴിക്കുന്നത് നല്ല ആരോഗ്യത്തിന് സഹായിക്കും.

2.പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ നല്ല ഉറവിടമായ പച്ചമുളക്, അമിതമായ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

3.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നൈട്രേറ്റുകൾ അടങ്ങിയ പച്ച ഇലക്കറികൾ.

4.പഴങ്ങൾ, ഹൃദയത്തിന് ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്നതിനാൽ, അവയുടെ എല്ലാ ആരോഗ്യ ആനുകൂല്യങ്ങളും നേടാനായി ഓരോ ദിവസവും ഇവ . കഴിക്കാം. ഫൈബർ, ബീറ്റാ കരോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമായ മാമ്പഴം ഹൃദയ രോഗികൾക്ക് ശുപാർശ ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം സമയബന്ധിതമായി കൈകാര്യം ചെയ്യണം, ഇല്ലെങ്കിൽ അത് നമ്മുടെ ജീവന് വരെ ഭീഷണിയാകും. അതിന് വേണ്ടി ഭക്ഷണക്രമത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി. അത് കൂടാതെ ഇടക്കിടക്ക് രക്തസമ്മർദ നില പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ജീവിത ശൈലിയിൽ വരുത്തുന്ന ഈ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വൈദ്യസഹായം ഉറപ്പ് വരുത്തണം.

Related posts