Nammude Arogyam
General

അമ്മമാർ നിർബന്ധമായും ചെയ്തിരിക്കേണ്ട ആരോഗ്യ പരിശോധനകൾ…. Health Checkups that Mothers Must Do

കുടുംബത്തിന്റെ കാര്യങ്ങളിൽ മുഴുകി അമ്മമാർ പലപ്പോഴും അവരുടെ ആരോഗ്യം അവഗണിക്കാറുണ്ട്. എന്നാൽ അമ്മമാരുടെ ആരോഗ്യമാണ് കുടുംബത്തിന്റെ കരുത്തിനും സന്തോഷത്തിനും അടിസ്ഥാനം. ഈ ആരോഗ്യത്തെ സൂക്ഷിക്കുന്നതിൽ ഒരു പ്രധാന മാർഗമാണ് പതിവ് രക്തപരിശോധനകൾ.രക്തപരിശോധനകളിലൂടെ നമ്മുക്ക് നമ്മുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും ചെറുതായിരിക്കുമ്പോൾ തന്നെ കണ്ടെത്തിയാൽ, ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.

അമ്മമാർക്ക് നിർബന്ധമായുള്ള രക്തപരിശോധനകൾ
കമ്പ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC): രക്തത്തിലെ ചുവപ്പ് രക്തകണങ്ങൾ, വെളുത്ത രക്തകണങ്ങൾ, പ്ലേറ്റ്ലറ്റ് തുടങ്ങിയവയുടെ അളവ് പരിശോധിക്കുന്നതാണ് ഈ ടെസ്റ്റ്. ക്ഷീണം, വിളർച്ച , ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ കണ്ടെത്താൻ ഇത് സഹായിക്കും.

ലിപിഡ് പ്രൊഫൈൽ: കൊളസ്‌ട്രോൾ അളവുകളും ഹൃദ്രോഗ സാധ്യതയും പരിശോധിക്കാൻ ഈ ടെസ്റ്റ് ചെയ്യാം. ഹൃദ്രോഗം സ്ത്രീകളിൽ വർധിച്ചു വരുന്ന ഒരു പ്രശ്നമായി കൊണ്ടിരിക്കുകയാണ്.

തൈറോയിഡ് ഫംഗ്ഷൻ ടെസ്റ്റുകൾ: തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിയാണോ എന്നറിയാൻ ഇത് ആവശ്യമാണ്. തൈറോയിഡ് ശരിയാകാതെ വന്നാൽ ക്ഷീണം, അമിതവണ്ണം, മാനസിക അവസ്ഥകളിലെ മാറ്റങ്ങൾ എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്.

വിറ്റാമിൻ D പരിശോധന: ഇന്ന് പലർക്കും വിറ്റാമിൻ D കുറവുണ്ട്. ഇത് എല്ലുകളുടെ ദുർബലത, ക്ഷീണം എന്നിവയ്ക്ക് കാരണമാകും.

ഷുഗർ പരിശോധന: രക്തത്തിലെ ഗ്ലൂക്കോസ് അളവുകൾ പരിശോധിക്കുന്നത് പ്രമേഹത്തിന്റെ സാധ്യത അറിയാൻ സഹായിക്കും. പ്രമേഹം കണ്ടുപിടിക്കാതെ പോയാൽ അത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

ഇരുമ്പ് അളവ്: ശരീരത്തിൽ ഇരുമ്പ് കുറവുണ്ടെങ്കിൽ ക്ഷീണം, തളർച്ച, തലചുറ്റൽ എന്നിവ അനുഭവപ്പെടാം. ഇത് മക്കളുടെ കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ തടസ്സമാകാം.

അമ്മയായ നിങ്ങളുടെ ആരോഗ്യത്തിനായി ഓരോ ചെറിയ ചുവടുവയ്പ്പും കുടുംബത്തിന്റെ സന്തോഷത്തിനും ഭാവിയ്ക്കും വലിയ പ്രയോജനമാകും. നിങ്ങൾ ആരോഗ്യവതിയായിരിക്കുമ്പോഴാണ് കുടുംബം ആരോഗ്യകരമായിരിക്കുക. 😊

Related posts