Nammude Arogyam
General

മസ്തിഷ്ക്ക രോഗങ്ങളിൽ പ്രധാനികളിലൊരാളായ അപസ്മാരത്തെക്കുറിച്ഛ് ഒരു പഠനം

ഇന്ത്യയിൽ 2 കോടിയിലേറെ ആളുകളെ ബാധിക്കുന്ന മസ്തിഷ്ക്ക രോഗങ്ങളിൽ ഒന്നാണ് അപസ്മാരം. ജനിതകമായ കാരണങ്ങൾ, തലച്ചോറിന് ക്ഷതം സംഭവിക്കുകയോ അണുബാധയുണ്ടാവുകയോ ചെയ്യുക, ഹൃദയാഘാദം, ബ്രെയിൻട്യൂമർ എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് അപസ്മാരം ഉണ്ടാകാറുണ്ട്. വൈദ്യശാസ്ത്ര മേഖല ഇത്രയൊക്കെ വികസിച്ചിട്ട് പോലും അപസ്മാരത്തെക്കുറിച്ഛ് ഇപ്പോഴും സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. അപസ്മാര രോഗത്തെക്കുറിച്ഛ് പൊതുവായി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

തലച്ചോറിലെ നാഡീ വ്യൂഹത്തിനകത്ത് സംഭവിക്കുന്ന തകരാറുകളാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. സ്ത്രീ-പുരുഷ ഭേദമേതുമില്ലാതെ, ഏത് പ്രായപരിധിയിലുള്ളവരേയും അപസ്മാരം ബാധിക്കാം. താല്‍ക്കാലികമായ ആശയക്കുഴപ്പം, പെട്ടെന്നുള്ള തുറിച്ച് നോട്ടം, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ബോധം നഷ്ടപ്പെടല്‍, ഭയം, ഉത്കണ്ഠ പോലുള്ള മാനസിക രോഗലക്ഷണങ്ങള്‍ മുതലായവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാക്കപ്പെടുന്നു. എപ്പഴെങ്കിലും ഒരിക്കല്‍ ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാര ബാധിതനാകണമെന്നില്ല. കാരണമില്ലാതെ രണ്ട് തവണയെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയാണെങ്കിലാണ് പ്രധാനമായും അപസ്മാര നിര്‍ണ്ണയത്തിലേക്ക് കടക്കാറുള്ളത്. തലച്ചോറിനുള്ളില്‍ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കല്‍ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവര്‍ത്തനത്തെയും അപസ്മാരം സ്വാധീനിക്കും.

അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് കൈകാലുകളുടെ അനിയന്ത്രിത ചലനവും മറ്റും അഞ്ച് മിനിറ്റില്‍ കൂടുതലായി നീണ്ടുനിന്നാലോ, ലക്ഷണങ്ങള്‍ അവസാനിച്ചിട്ടും ശ്വാസമോ ബോധമോ തിരിച്ച് വരാതെ നിന്നാലും, ഒരു തവണ വന്ന ശേഷം ഉടനടി തന്നെ വീണ്ടും ഇത് ആവര്‍ത്തിച്ചാലും, അപസ്മാരത്തിന്റെ ഭാഗമായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

ആധുനിക വൈദ്യശാസ്ത്രത്തില്‍ അപസ്മാരം എന്ന രോഗാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന നിരവധി ചികിത്സാ രീതികള്‍ ലഭ്യമാണ്. എന്നാല്‍ ഈ അറിവുകള്‍ പലര്‍ക്കും അറിയില്ല. ഭൂരിഭാഗം അപസ്മാര രോഗികളെയും മരുന്നിലൂടെതന്നെ ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. രോഗിയെ വിശദമായി പരിശോധിക്കുകയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ കൃത്യമായി വിലയിരുത്തുകയും ചെയ്ത ശേഷം, അസുഖത്തിന്റെ വകഭേദം, രോഗിയുടെ ഭാരം, രോഗിക്കുള്ള മറ്റ് അസുഖങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നുകള്‍ തീരുമാനിക്കുന്നത്. ചില അപസ്മാര രോഗികള്‍ക്ക് ജീവിത കാലം മുഴുവന്‍ മരുന്ന് ഉപയോഗിക്കേണ്ടതായി വരും, മറ്റ് ചിലരിലാകട്ടെ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം മരുന്നുകള്‍ അവസാനിപ്പിക്കാവുന്നതുമാണ്.

കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ചില രോഗാവസ്ഥകള്‍ കാലാന്തരത്തില്‍ ക്രമേണ മറികടക്കാന്‍ സാധിക്കുന്നവയാണ്. മറ്റ് ചിലരിലാകട്ടെ ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വര്‍ദ്ധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന് വരും. ഇത്തരക്കാര്‍ക്ക് ശസ്ത്രക്രിയയാണ് ഫലപ്രദം.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി അസ്വാഭാവികമായ വൈദ്യുത വികിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാന്‍ സാധിക്കും. ഈ പ്രഭവ കേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്താല്‍ അനായാസേന അപസ്മാര രോഗത്തിന്റെ ഭീഷണിയെ ഫലപ്രദമായി അതിജീവിക്കാന്‍ സാധിക്കും. വീഡിയോ ഇ.ഇ.ജി റെക്കോര്‍ഡിംഗുകള്‍, എപ്പിലെപ്‌സി പ്രോട്ടോക്കോള്‍ എം.ആര്‍.ഐ, പെറ്റ് സ്‌കാന്‍, സ്റ്റീരിയോ ഇ.ഇ.ജി മുതലായവ ഉപയോഗിച്ചാണ് പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ അപസ്മാരത്തിന്റെ പ്രഭവ ഭാഗം തിരിച്ചറിയാന്‍ സാധിക്കും എന്നാല്‍ കൃത്യമായ ഒരു കേന്ദ്രത്തെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത്തരംസന്ദര്‍ഭങ്ങളില്‍ തലച്ചോറിന്റെ ഇതരഭാഗങ്ങളുമായി ഈ മേഖലയ്ക്കുള്ള ബന്ധം വിച്ഛേദിക്കുന്നതിലൂടെ അസുഖത്തെ അതിജീവിക്കുവാന്‍ സാധിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളില്‍ വലിയ ഒരു വിഭാഗത്തിനും പൂര്‍ണ്ണമായുള്ള ശമനം ലഭ്യമാകുന്നു. ഇതിലൂടെ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും സാധിക്കുന്നു. കുറച്ച് പേരില്‍ അസുഖത്തിന്റെ തീവ്രതയും തുടര്‍ച്ചയായ ആവര്‍ത്തനങ്ങളും ഇല്ലാതാക്കാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും ശസ്ത്രക്രിയ സഹായകരമാകുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്ത ചിലരില്‍ വേഗല്‍ നര്‍വ് സ്റ്റിമുലേഷന്‍ പോലുള്ള ഉപാധികളും വിജയകരമായി മാറാറുണ്ട്. ശരിയായ രോഗനിര്‍ണ്ണയം കൃത്യ സമയത്ത് നടത്തി, ഉചിതമായ ചികിത്സാ രീതി സ്വീകരിച്ചാല്‍ അപസ്മാരത്തെ ഏവര്‍ക്കും മറികടക്കാവുന്നതേ ഉളളൂ.

Related posts