Nammude Arogyam
General

തലവേദനയും ഭക്ഷണങ്ങളും തമ്മിൽ ബന്ധമുണ്ടോ?

പലപ്പോഴും പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന തലവേദനകള്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അമിതമായ സ്‌ട്രെസ് അല്ലെങ്കില്‍ മറ്റ് എന്തെങ്കിലും പാരമ്പര്യ പ്രശ്‌നങ്ങളാണ് ഈ തലവേദയ്ക്ക് കാരണമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ചിലര്‍ക്കെങ്കിലും ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ തലവേദന എടുക്കുന്നതായി അനുഭവപ്പെട്ടേക്കാം. മധുരം, കാര്‍ബോ ഹൈഡ്രേറ്റ്‌സ്, അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേകം ഭക്ഷണം കഴിക്കുമ്പോഴായിരിക്കും ഇതുണ്ടാകുന്നത്.

കാലാവസ്ഥ വ്യതിയാനം, കടുത്ത മണം, പെര്‍ഫ്യൂമുകള്‍, കടുത്ത വെളിച്ചം, ആര്‍ത്തവം തുടങ്ങിയവയൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഈ കാര്യങ്ങള്‍ ഒന്നും നിയന്ത്രിക്കാന്‍ കഴിയാറില്ല. പക്ഷെ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും. തലവേദന ഉണ്ടാകാതിരിക്കാന്‍ താഴെ പറയുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

1.ചോക്ലേറ്റ്-ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. അതില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഒരു സംയുക്തമായ ടൈറാമിന്‍ അടങ്ങിയിട്ടുണ്ട്. നാലോ അഞ്ചോ കഷണം ചോക്ലേറ്റ് അല്ലെങ്കില്‍ ഒരു ബോക്‌സ് ചോക്ലേറ്റ് ഒക്കെ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

2.പാല്‍-ലാക്ടോസ് അസഹിഷ്ണുത ഉള്ളവരാണെങ്കില്‍ പാല്‍ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമായേക്കാം. ഇടയ്ക്ക് തലവേദന വരുന്നവരാണെങ്കില്‍ അമിതമായി പാല്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

3.ചീസ്-പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഉത്പ്പന്നമാണ് ചീസ്. ഇതിൽ ടൈറാമിന്‍ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ടൈറാമിന്‍ തലവേദനയിലേക്ക് നയിക്കുന്നു. അതിനാൽ അമിതമായി ചീസ് കഴിക്കുന്നത് ഒഴിവാക്കാം.

4.സിട്രസ് പഴങ്ങള്‍-തലവേദനയ്ക്ക് കാരണമാകുന്ന ഒക്ടോപമൈന്‍ എന്ന പദാര്‍ത്ഥം അവയില്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഉള്ള പഴങ്ങള്‍ സഹിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, മുന്തിരി എന്നിവയില്‍ നിന്നും തലവേദന ഉണ്ടാകാം.

5.കൃത്രിമ മധുരം-കൃത്രിമ മധുരം കഴിക്കുന്നതും തലവേദന വര്‍ധിപ്പിക്കാനുള്ള കാരണമാണ്. തലവേദനയുള്ളവര്‍ മിതമായി മാത്രം മധുരം കഴിക്കുന്നതായിരിക്കും നല്ലത്.

6.തൈര്-തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നു.

തലവേദന സ്ഥിരമായി വരുന്നവര്‍, മുകളിൽ പറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.

Related posts