Nammude Arogyam
General

ചർമ്മം തിളങ്ങാൻ പച്ചക്കറികൾ

സൗന്ദര്യം ഉള്ളിൽ നിന്ന് വരുന്നു എന്ന് പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടില്ലേ? ഇത് വളരെ സത്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചാണ് പറയുന്നത്. കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണം ചർമ്മ സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിന് തിളക്കം നൽകുന്നതിന് ആവശ്യമായ എല്ലാ ഭക്ഷണ തരങ്ങളിലും വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. അത്തരം ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ആണ് ഇന്ന് നോക്കാൻ പോകുന്നത്.

വെറുമൊരു പച്ചക്കറി മാത്രമാണ് കുക്കുമ്പർ എന്നു കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി. ശരീരത്തിന് ഉയർന്ന അളവിൽ ജലാംശം നൽകാൻ ശേഷിയുള്ള കുക്കുമ്പറിന് ചർമത്തിലെ അധിക സെബം സ്രവണം നിയന്ത്രിച്ചു നിർത്താനുള്ള കഴിവുണ്ട്. ചർമത്തിന് നിറം നൽകുന്ന മെലാനിൻ്റെ ഉൽപാദനം നിയന്ത്രിതമാക്കാനും അമിത ഉൽപ്പാദനത്തെ തടയാനും കുക്കുംബറിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ എ, സി, തുടങ്ങിയ മറ്റ് ആന്റിഓക്‌സിഡന്റുകളും ഇതിൽ നിറഞ്ഞിരിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ബാഹ്യ നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഒരേ സമയം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ചീര നിങ്ങളുടെ ചർമ്മത്തിന് നല്ല ഗുണങ്ങൾ നൽകുന്നതിന് പിന്നിലെ പ്രധാന കാരണം അതിന്റെ ബീറ്റാ കരോട്ടിൻ പോഷകങ്ങളാണ്. ബീറ്റാ കരോട്ടിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് സൂര്യപ്രകാശം മൂലം ചർമ്മത്തിലുണ്ടായ കേടുപാടുകളെ സംരക്ഷിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചർമ്മകോശങ്ങളുടെ നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിനായി ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും ഇവ സഹായിക്കുന്നു. നിരവധി ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഈ പച്ച ഇലക്കറിയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിൻ്റേയും ഫോളേറ്റിൻ്റേയും ഗുണങ്ങൾ ചർമ്മത്തിലെ രക്ത വിതരണത്തെ മെച്ചപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ തിളക്കമുള്ള ചർമ്മം നൽകാൻ സഹായിക്കും.

കയ്പേറിയ കൈപ്പക്ക ജ്യൂസ് കുടിക്കാൻ ഇഷ്ടപ്പെടാത്തവർ ആയിരിക്കും കൂടുതൽ പേരും. എന്നാൽ ഇതിലെ ഈ കയ്പ്പിന് നിങ്ങളുടെ ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകാനുള്ള ശേഷിയുണ്ട് എന്ന കാര്യം അറിയാമോ ?. നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റാനും മുഴുവൻ ശരീരത്തെയും ശുദ്ധീകരിച്ചുകൊണ്ട് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്ന ഒരു ഏജന്റാണ് കയ്പക്ക. ഈ സവിശേഷ പച്ചക്കറിയുടെ ആന്റി മൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിനും മറ്റ് തകരാറുകൾക്കും കാരണമാകുന്ന അണുബാധയുളയും ബാക്ടീരിയകളേയും അകറ്റി നിർത്തുന്നു. കളങ്കങ്ങളെ ലഘൂകരിക്കാനും തിളങ്ങുന്ന മുഖം ലഭിക്കാനുമെല്ലാം പാവയ്ക്ക കഴിക്കുന്നത് വഴി സാധിക്കും.

നിങ്ങളുടെ ഭക്ഷണങ്ങളിലെ ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല മധുരക്കിഴങ്ങ് എന്ന പച്ചക്കറി. ഇത് കഴിക്കുന്നത് വഴി നിങ്ങൾ ആഗ്രഹിക്കുന്ന സൗന്ദര്യ ലക്ഷ്യങ്ങൾ നിറവേറ്റാനും സഹായിക്കുന്നു. ഈ പച്ചക്കറി ബീറ്റാ കരോട്ടിനുകളാൽ നിറഞ്ഞിരിക്കുന്നു. ഇത് ചർമ്മത്തെ ആന്തരികവും ബാഹ്യവുമായ നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തും. കൂടാതെ മധുരക്കിഴങ്ങിലെ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉള്ളടക്കം ചർമ്മത്തിലെ കൊളാജൻ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെറുതും വലുതുമായ ചർമപ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യും. ഈ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ നിങ്ങളുടെ മുഖത്തിൻ്റെ സ്വാഭാവിക തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കും.

ചർമത്തിൻ്റെ ആരോഗ്യസ്ഥിതിയെ പരിപോഷിപ്പിക്കുന്ന പച്ചക്കറികളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ട മറ്റൊന്നാണ് കാരറ്റ്. മധുരക്കിഴങ്ങ് പോലെതന്നെ ഇവയും ബീറ്റാ കരോട്ടിനുകളാൽ സമ്പന്നമാണ്. കാരറ്റിന് ഓറഞ്ച് നിറം നൽകുന്നത് ബീറ്റാ കരോട്ടിനുകളാണ്. ഇത് കഴിക്കുന്നത് ചർമ്മത്തിന് തിളക്കമാർന്ന സ്വഭാവസവിശേഷതകൾ നൽകാനും നിറം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാരറ്റിലുള്ള വിറ്റാമിൻ എ ചർമ്മത്തിലെ കോശങ്ങളെ നന്നാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. പാകം ചെയ്തോ, ജ്യൂസ് രൂപത്തിലോ അല്ലെങ്കിൽ വെറുതെയോ എല്ലാം നിങ്ങൾക്ക് കാരറ്റ് കഴിക്കാം.

നിങ്ങളുടെ കവിളുകൾ ചുവന്നു തുടുത്തിരിക്കണമെന്ന് ആഗ്രഹമുണ്ടോ ? എങ്കിൽ വിറ്റാമിൻ സി പോഷകസമ്പന്നമായ ബീറ്റ്റൂട്ട് കൂടുതൽ കഴിച്ചു തുടങ്ങിക്കോളൂ. ചർമ്മത്തിലെ ഹൈപ്പർപിഗ്മെന്റേഷൻ അടക്കമുള്ള പ്രശ്നങ്ങളെ ചികിത്സിക്കാൻ ഈയൊരു പച്ചക്കറിക്ക് ശേഷിയുണ്ട്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ആയതിനാൽ തന്നെ ഇവ ചർമ്മത്തിലുണ്ടാകുന്ന വരൾച്ചയും അകാല വാർദ്ധക്യവും തടഞ്ഞു നിർത്തും. നിങ്ങൾക്ക് പ്രായം കുറഞ്ഞതും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നൽകാൻ സഹായിക്കുന്ന കൊളാജൻ്റെ ഉൽപ്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. പതിവായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മുഖത്തിന് മൃദുവായ പിങ്ക് കലർന്ന നിറം നൽകാൻ സഹായിക്കും.

മത്തങ്ങ വിത്തുകളിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും ആവശ്യമായ ജലാംശം നിലനിർത്തുകയും ചെയ്യും. ചർമ്മകോശങ്ങളുടെ കേടുപാടുകളെ പരിഹരിച്ചുകൊണ്ട് നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കൂടിയാണ് ഈ വിറ്റാമിൻ. മത്തങ്ങ വിത്തുകളിൽ ഒമേഗ-ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും വരൾച്ചയെ ഇല്ലാതാകുകയും ചെയ്യുന്നു. ഫൈബർ സമ്പുഷ്ടമായതിനാൽ ഈ വിത്തുകൾക്ക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മെച്ചപ്പെട്ട ദഹനത്തിനും വഴിയൊരുക്കാനും കഴിയും. അതിനാൽ തന്നെ നിങ്ങളുടെ ശരീരത്തിന് അകത്തും പുറത്തും മികച്ച ഗുണങ്ങൾ ഇത് നൽകുന്നു.

രുചിയേറിയ ഒരു പച്ചക്കറി വിഭവമാണ് ബീൻസ്. ഇത് കഴിച്ചാൽ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങളും ഒട്ടും കുറവല്ല. ബീൻസ് നിങ്ങളുടെ ചർമ്മത്തിനും ഒട്ടനവധി പോഷകഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ അത്ഭുതകരമായ പച്ചക്കറിയിൽ നിങ്ങളുടെ ആന്തരിക സംവിധാനത്തെ ശുദ്ധീകരിക്കാൻ ആവശ്യമായ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ചർമത്തിൻ്റെ പുറം പാളികളിൽ ആകർഷകമായ തിളങ്ങുന്ന ചർമ്മം കൈവരിക്കാനായി ഇത് നിങ്ങളെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്താം. മുഖത്തെ ചർമത്തിന് തിളക്കം പകരാൻ സഹായിക്കുന്ന മഗ്നീഷ്യം പോലുള്ള ധാതുക്കൾ മുതൽ പ്രധാന അമിനോ ആസിഡുകൾ വരെ ബീൻസിൽ അടങ്ങിയിട്ടുണ്ട്.

ചർമ്മത്തിന് അനുകൂലമായ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒരു സൂപ്പർഫുഡാണ് കാബേജ്. ആരോഗ്യകരമായ ചർമ്മത്തിന് ആവശ്യകമായ കൊളാജൻ രൂപപ്പെടുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളായ സി, കെ, ബി 6 എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മ കോശങ്ങളിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ പ്രതിരോധിക്കുന്നതിന് ഇതിലെ പോഷകങ്ങൾ ഗുണം നൽകുന്നു. ഇവയെ കൂടാതെ, കാബേജിൽ ഉയർന്ന അളവിൽ സൾഫറും അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ എപിഡെർമിസ് പാളികളിൽ ഉണ്ടാവുന്ന ക്ഷതങ്ങളും കേടുപാടുകളും കുറയ്ക്കുന്നതിന് സഹായിക്കും.

നിങ്ങളുടെ ചർമ്മത്തിന് നിറം നൽകുന്ന ഭക്ഷണങ്ങളിലൊന്നാണ് ക്യാപ്സിക്കം. ഈ പച്ചക്കറിയിൽ 100% വിറ്റാമിൻ സി, ഉയർന്ന അളവിലുള്ള കരോട്ടിനോയിഡുകൾ, ബി 6, തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, റെഡ് ബെൽ പെപ്പർ എന്ന് വിളിക്കുന്ന ക്യാപ്സിക്കം കഴിക്കുന്നത് ചർമ്മത്തിന് നല്ല തിളക്കം കൈവരിക്കാനുള്ള മാർഗമാണെന്ന് പറയപ്പെടുന്നു. അകാല ചർമ്മ വാർദ്ധക്യ ലക്ഷങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്.

നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ശുപാർശിതമായ അളവിൽ ഇവ ഉൾപ്പെടുത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത ചർമ്മസ്ഥിതി നൽകും. ഇതോടൊപ്പം മികച്ച ചർമത്തിനായി ധാരാളം വെള്ളം കുടിക്കുകയും പതിവ് ചർമ്മസംരക്ഷണ മാർഗ്ഗങ്ങൾ പിന്തുടരുകയും ചെയ്യുക.

Related posts