എന്താ സ്റ്റോറൂമിൽ നിന്നൊരു ശബ്ദം. പൂച്ചയെങ്ങാനും കയറിയാവോ ? ഷഹല മോളെ ഉമ്മച്ചിൻ്റെ കുട്ടി ഒന്ന് പോയി നോക്കിക്കെ.
ഉമ്മച്ചീ…. നല്ല അസ്സൽ പൂച്ച തന്നെയാ കയറീക്ക്ണത്. ഹ…ഹ…അത് വല്ലിപ്പയാണ് ഹൽവ കഴിക്കാൻ വേണ്ടി കയറീതാണ്.
എന്താ ഉപ്പാ ഇത്, ചെറിയ കുട്ടികളെപ്പോലെ. ഷുഗർ ഉള്ളത് അല്ലേ ഇതൊന്നും കഴിക്കരുത് പറഞ്ഞതല്ലേ ഡോക്ടർ.
ഒരു ചെറിയ കഷ്ണം കഴിച്ചിട്ടുള്ളൂ മോളെ. മരുന്ന് കുടിക്കുന്നുണ്ടല്ലോ പിന്നെ എന്താ കുഴപ്പം.
മരുന്ന് കുടിക്കണ് ഉണ്ടെങ്കിലും സ്വയം നിയന്ത്രിക്കുക കൂടി ചെയ്യണം, എല്ലാ ഭക്ഷണവും കഴിക്കാനൊന്നും പറ്റില്ല.
പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന 25 സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ മനസിലാക്കാം.
1. ഭക്ഷണത്തിലെ അപാകതകൊണ്ട് പ്രമേഹം വരാമോ? പ്രമേഹവും കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ?
വരാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതൽ പ്രമേഹം വരെ ഒഴിവാക്കാൻ സഹായിക്കും.
2. ഭക്ഷണനിയന്ത്രണം കൊണ്ടു പ്രമേഹനിയന്ത്രണം എത്രത്തോളം സാധിക്കാം?
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.
3. പ്രമേഹ പൂർവാവസ്ഥയായ പ്രീഡയബറ്റിസുള്ളവർ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
ഭക്ഷണക്രമം ഒരു സുപ്രധാന പങ്ക് വഹിക്കുന്നതു പ്രീഡയബറ്റിസ് ഘട്ടത്തിലാണ്. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കിൽ പ്രീഡയബറ്റിസ് രോഗിക്കു പ്രമേഹം വരാതെ നോക്കാം. കൂടുതൽ ഊർജമുള്ള കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക ചുവന്നമാംസം ഒഴിവാക്കുക. ഹോട്ടലിൽ നിന്നുള്ള ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. ഷുഗർഫ്രീ ഉപയോഗിക്കുന്നവർ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തിൽ വളരെ നല്ലതാണ്.
4. പ്രമേഹമുള്ളവർ മധുരം ഒഴിവാക്കണമോ? പകരം തേൻ, ശർക്കര എന്നിവ ഉപയോഗിക്കാമോ? പഴങ്ങൾ കഴിക്കാമോ?
പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ് വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്.
തേൻ, ശർക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനിൽ പഞ്ചസാരയെക്കാൾ കുറച്ചു കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. ഏതു മധുരമായാലും അത് എത്ര അളവിൽ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശർക്കരയായാലും സുരക്ഷിതമല്ലെന്നർഥം.
പ്രതിദിനം 100 ഗ്രാം പഴവർഗം പ്രമേഹരോഗി കഴിക്കണമെന്നു നിർദേശമുണ്ട്. ഏതു പഴവർഗം വേണമെങ്കിലും ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഓരോ പഴവർഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമിൽ കൂടരുതെന്നു മാത്രം. എന്നാൽ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോൾ രണ്ടോ മൂന്നോ എണ്ണത്തിൽ നിർത്തണം.
5. പ്രമേഹരോഗിയുടെ ഭക്ഷണക്രമം എങ്ങനെയാവണം? എത്രവട്ടം ഏതളവിൽ കഴിക്കണം?
ഭക്ഷണക്രമത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ്. മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് സാധാരണയായി കണ്ടുവരുന്ന ശീലം. എന്നാൽ പ്രമേഹമുള്ളവർ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉൾപ്പെടുത്തുകയും വേണം. രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം തടയാൻ ഇത് വളരെ സഹായകമാണ്. മധുരം ഒഴിവാക്കുന്നതിനൊപ്പം കൊഴുപ്പിന്റെ നിയന്ത്രണവും ഭക്ഷണത്തിൽ ശ്രദ്ധിക്കുക. പച്ചക്കറികൾ സാലഡായോ, സൂപ്പായോ ദിവസവും ഉൾപ്പെടുത്തുക. ഒരു പഴവർഗം ഇടനേരത്ത് ഉൾപ്പെടുത്തുക. മട്ടൻ, ബീഫ്, പോർക്ക് എന്നീ ചുവന്ന മാംസം ഒഴിവാക്കുക.
6. എന്താണ് ഷുഗർഫ്രീ? അവ സുരക്ഷിതമാണോ?
ഷുഗർഫ്രീ എന്നാൽ പഞ്ചസാരയില്ലാത്തത് എന്നാണ്. പക്ഷേ, പഞ്ചസാരയ്ക്കു പകരമുള്ള മധുരം ചേർത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെ അവയിലും ഊർജമുണ്ട്. ഷുഗർഫ്രീയുടെ അമിത ഉപയോഗം ശരീരഭാരം കൂട്ടാനും പ്രമേഹം, ഹൃദ്രോഗം, മെറ്റാബോളിക് സിൻഡ്രോം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാക്കാനും സാധ്യതയുള്ളതായി പല പഠനങ്ങളും പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗം വളരെ നിയന്ത്രിക്കണം.
7. ചോറുണ്ടാക്കുമ്പോൾ ഒന്നിലേറെ തവണ തിളപ്പിച്ചുവാർത്താൽ പ്രമേഹരോഗിക്ക് നല്ലതാണോ?
ഒന്നിലേറെ തവണ ചോറു തിളപ്പിച്ചു വാർത്താൽ കാർബോഹൈഡ്രേറ്റ്സ് കുറയും. അതാണ് പ്രമേഹരോഗിക്ക് നല്ലതാണ് എന്ന അഭിപ്രായം വരുന്നത്. പക്ഷേ, അരിയിലുള്ള പോഷകങ്ങൾ ഇതുവഴി നഷ്ടമാകും. ഒന്നിലേറെ തവണ വാർത്ത ചോറു പ്രമേഹരോഗി കഴിക്കണമെന്നില്ല. അളവു നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
8. ഗോതമ്പ് അരിയേക്കാൾ നല്ലതാണോ?
അരിയിലും ഗോതമ്പിലുമുള്ള അന്നജത്തിന്റെ (കാർബോഹൈഡ്രേറ്റ്സ്) അളവ് ഏകദേശം ഒരുപോലെയാണ.് പക്ഷേ, ഗോതമ്പിൽ അരിയെക്കാളും നാരംശം (ഫൈബർ) കൂടുതലുള്ളതിനാൽ സാവധാനമേ ദഹിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഗോതമ്പു കഴിക്കുമ്പോൾ വയറുനിറഞ്ഞു എന്ന തോന്നൽ ഉണ്ടാകും. സാവധാനമേ വിശക്കുകയുമുള്ളൂ. അതിനാലാണ് പ്രമേഹരോഗികൾക്ക് ഗോതമ്പ് പ്രിയപ്പെട്ടതാകുന്നത്. എന്നാൽ ഡയബെറ്റിസ് രോഗി ഗോതമ്പ് തന്നെ കഴിക്കണം എന്നു നിർബന്ധമില്ല. നല്ല തവിടുള്ള അരിക്കും സമാനമായ ഗുണമുണ്ട്. ഏതു ധാന്യമായാലും അളവു കുറച്ചു കഴിക്കുക.
9. മധുരം കൂടുതൽ കഴിക്കുന്ന ദിവസം മരുന്നിന്റെ അളവു കൂട്ടിയാൽ പോരേ?
അശാസ്ത്രീയമായി മരുന്നിന്റെ അളവ് കൂട്ടുന്നതു തെറ്റാണ്. അത് അപകടമുണ്ടാക്കും. മരുന്നിന്റെ അളവ് കൂടിപ്പോയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു തീരെ താഴ്ന്നു പോകാനും സാധ്യതയുണ്ട്. മധുരം കഴിക്കുമ്പോൾ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കുക. മധുരം മാത്രം കഴിക്കുന്ന അവസരത്തിൽ അതിന്റെ അളവിൽ പ്രത്യേകം ശ്രദ്ധിക്കുക. അടുത്തഭക്ഷണം കഴിക്കുന്ന സമയത്തു ബ്ലഡ്ഷുഗർ പരിശോധിക്കുകയും വേണം.
10. ഇൻസുലിനും മരുന്നും ഉപയോഗിക്കുന്നവർ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ഓരോ പ്രമേഹരോഗിയും ഡോക്ടറോ ഡയറ്റീഷ്യനോ നിർദേശിക്കുന്ന ചിട്ടയായ ഭക്ഷണക്രമം ശീലമാക്കണം. ഭക്ഷണത്തിന്റെ അളവിലോ, സമയത്തിലോ ഉള്ള മാറ്റം ബ്ലഡ്ഷുഗറിൽ വ്യതിയാനം വരുത്തും. ഇൻസുലിനും മരുന്നുകളും ഉപയോഗിക്കുന്നവർ കഴിവതും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കണം. മാത്രമല്ല ഇൻസുലിൻ ഭക്ഷണത്തിന് എത്രസമയം മുമ്പ് എടുക്കണം എന്നതു കൃത്യമായി മനസിലാക്കണം. ഇൻസുലിൻ എടുത്തശേഷം സമയത്തു ഭക്ഷണം കഴിച്ചില്ലെങ്കിൽ ചിലപ്പോൾ ബ്ലഡ്ഷുഗർ താഴ്ന്നു പോകാനിടയുണ്ട്.
11. ടൈപ് 1 പ്രമേഹം ബാധിച്ച കുട്ടികൾ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
ഓരോ ടൈപ്പ്—1 കുട്ടിയും അവരുടെ പ്രായത്തിനാവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തി വേണം ഭക്ഷണക്രമം തയാറാക്കാൻ. ബ്ലഡ്ഷുഗർ വളരെ കുറഞ്ഞു പോകുന്ന ഹൈപ്പോഗ്ലൈസീമിയ ടൈപ്പ്—1 കുട്ടികളിൽ സാധാരണമാണ്. അതുകൊണ്ടു തന്നെ കൃത്യമായ ഇടവേളകളിൽ കൃത്യമായ അളവിൽ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ അമിതമായി എണ്ണ പലഹാരങ്ങൾ, ബേക്കറി ആഹാരങ്ങൾ മുതലായവ ഉപയോഗിക്കരുത്. മാത്രമല്ല ഓരോ ഭക്ഷണത്തിലുമുള്ള കാർബോഹൈഡ്രേറ്റിന്റ അളവിനു പ്രാധാന്യം നൽകി വേണം ഭക്ഷണക്രമം തീരുമാനിക്കാൻ. ഒരു ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ സഹായം തേടുക.
12. കഴിക്കുന്ന ഭക്ഷണവും ഗ്ലൂക്കോസ് നിലയും തമ്മിൽ ബന്ധമുണ്ടോ? പരിശോധനാഫലം മാറുമോ?
ഭക്ഷണത്തിന്റെ അളവ്, സമയം, ഗ്ലൈസീമിക് ഇൻഡക്സ്, പോഷകങ്ങളുടെ അളവ്, പാകം ചെയ്യുന്ന രീതി തുടങ്ങി പല ഘടകങ്ങളും രക്തത്തിലെ പഞ്ചസാരനിലയെ ബാധിക്കും. ഒരു ഭക്ഷണപദാർഥം എത്ര വേഗത്തിലാണ് ബ്ലഡ്ഷുഗർ കൂട്ടുന്നത് എന്ന് കണക്കാക്കുന്നതു ഗ്ലൈസീമിക് ഇൻഡക്സിലൂടെയാണ്. ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗി വളരെ നിയന്ത്രിച്ച് ഉപയോഗിക്കുക. മധുരം പോലുള്ള റിഫൈൻഡ് ഷുഗർ കഴിച്ചാൽ 15—20 മിനിറ്റിനുള്ളിൽ രക്തത്തിലെ പഞ്ചസാരനില വ്യത്യാസപ്പെടാം. എന്നാൽ ധാന്യങ്ങൾ, നാരടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിച്ചാൽ ഒന്നര— രണ്ടു മണിക്കൂറുകൾക്കുശേഷം രക്തത്തിലെ പഞ്ചസാരനിലയിൽ വ്യതിയാനം ഉണ്ടാകും. ധാന്യങ്ങൾക്കൊപ്പം പയർ—പരിപ്പ് വർഗങ്ങളോ നാരടങ്ങിയ മറ്റു ഭക്ഷണമോ ഉപയോഗിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയിലെ ഏറ്റക്കുറച്ചിലുകൾ കുറവായിരിക്കും. അതിനാൽ ധാന്യങ്ങളും പയറുപരിപ്പ് വർഗങ്ങളും പച്ചക്കറികളും പഴങ്ങളുമടങ്ങിയ സമീകൃതമായ ഭക്ഷണശൈലിയാണു പ്രമേഹരോഗിക്കും വേണ്ടത്.
13. നാരുകൾ കൂടിയ ഓട്സു പോലുള്ള ഭക്ഷണം പ്രമേഹരോഗിക്ക് നല്ലതാണോ? പാചകത്തിൽ ശ്രദ്ധിക്കേണ്ടവ?
ഓട്സ് പോലെ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഓട്സിലുള്ള സോല്യൂബിൾ ഫൈബറായ ബീറ്റാഗ്ലൂക്കൻ ഭക്ഷണാനന്തരം ഗ്ലൂക്കോസ് രക്തത്തിൽ കലരുന്നതു സാവധാനത്തിലാക്കുകയും രക്തത്തിലെ കൊളസ്ട്രോളും മറ്റു കൊഴുപ്പുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓട്സ് വളരെ കുറച്ചു സമയം മാത്രമേ വേവിക്കാവൂ. (ഏകദേശം അഞ്ചുമിനിറ്റ്) കൂടുതൽ വേവുമ്പോൾ ഗ്ലൈസീമിക്സ്
ഇൻഡക്സ് ഉയരുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാൻ കാരണമാകുകയും ചെയ്യും. ഏതെങ്കിലും നേരത്തെ ആഹാരത്തിനു പകരമായിട്ടാണ് ഓട്സ് ഉപയോഗിക്കുന്നതെങ്കിൽ 50 ഗ്രാം ഓട്സ് കാച്ചിയതിനെക്കാൾ നല്ലത് ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ, ഇഡ്ഡലി തുടങ്ങിയവയാണ്. ഓട്സ് വിഭവങ്ങൾ തയാറാക്കുമ്പോൾ കുറച്ച് ഉലുവപ്പൊടി, സോയാമാവ് ഇവ ചേർത്താൽ പോഷകസമൃദ്ധമാക്കാം.
14. പ്രമേഹപാരമ്പര്യമുള്ള ഒരാൾ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
പ്രമേഹപാരമ്പര്യമുള്ളർ ചെറുപ്പം മുതൽക്കേ ജീവിതശൈലിയിൽ മാറ്റംവരുത്തേണ്ടതാണ്. സമീകൃതാഹാരവും വ്യായാമവും വഴി പ്രമേഹം വരുന്നതു തടയാനോ താമസിപ്പിക്കാനോ സാധിക്കും. ഊർജം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച പഴച്ചാറുകൾ, കോളകൾ, കൊഴുപ്പടങ്ങിയ ഭക്ഷണം തുടങ്ങിയവ ഒഴിവാക്കണം. നാരുകൾ ധാരാളമടങ്ങിയ മുഴുധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയറുവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരിയായ ശരീരഭാരം നിലനിർത്തുക. വ്യായാമം ശീലമാക്കിയാൽ ഇൻസുലിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കാം.
15. ഭക്ഷണം നിയന്ത്രിച്ചാൽ മരുന്ന് മാറ്റാമോ?
പ്രമേഹത്തിന്റെ ആദ്യഘട്ടത്തിൽ ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിച്ചുനിർത്താൻ സാധിക്കും. പ്രമേഹം പ്രതിരോധിക്കാനും നിയന്ത്രിക്കാനും ഭക്ഷണത്തിനും വ്യായാമത്തിനും വലിയ പങ്കുണ്ട്. അന്നജം കുറഞ്ഞതും നാരുകൾ ധാരാളമടങ്ങിയതുമായ ഭക്ഷണം കൃത്യസമയത്തുതന്നെ കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉൾപ്പെടെയുള്ള പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തണം. വ്യായാമം ചെയ്തു ശരീരഭാരം നിയന്ത്രിച്ചു നിർത്തണം. എന്നാൽ ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടു മാത്രമായില്ല. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ തുടങ്ങുകയോ നിർത്തുകയോ ചെയ്യാവൂ.
16. പ്രമേഹരോഗിക്ക് പാചകത്തിനു സുരക്ഷിതമായി ഉപയോഗിക്കാവുന്ന എണ്ണ?
ഏത് എണ്ണ എന്നതിനെക്കാൾ പ്രധാനം എത്ര അളവ് എന്നതിലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ എണ്ണയുടെ അളവ് വളരെ കുറവായിരിക്കണം. ഒരു ദിവസം വേണ്ട എണ്ണയുടെ അളവു മൂന്നു മുതൽ നാലു ടീസ്പൂൺ വരെയാണ്. പാം ഓയിൽ, വനസ്പതി തുടങ്ങിയവ ഒഴിവാക്കണം. തവിടെണ്ണ, സൂര്യകാന്തി എണ്ണ, നിലക്കടലഎണ്ണ, വെളിച്ചെണ്ണ തുടങ്ങിയ പലതരം എണ്ണകൾ ഉപയോഗിക്കുക. ദീർഘകാലം ഒരേ എണ്ണ മാത്രം ഉപയോഗിച്ചാൽ നമുക്കാവശ്യമായ പോഷകാനുപാതം ലഭിക്കില്ല. അതിനാൽ രണ്ടോ മൂന്നോതരം എണ്ണകൾ പല കറികൾക്കായി അളവു വളരെ കുറച്ച് ഉപയോഗിക്കാം.
17. ഭക്ഷണത്തിന്റെ കാലറി നിയന്ത്രണം പ്രമേഹരോഗിക്ക് എത്രത്തോളം അനിവാര്യമാണ്?
പ്രമേഹരോഗിക്കു ഭക്ഷണത്തിൽ കാലറി അഥവാ ഊർജ നിയന്ത്രണം അനിവാര്യമാണ്. പ്രമേഹരോഗമുള്ള പുരുഷന്മാർക്ക് (കായികാധ്വാനം കുറഞ്ഞവർ) ഒരു ദിവസത്തേക്കു 1400—1600 കാലറി ഊർജം മതി. സ്ത്രീകൾക്ക് 1200 കാലറി ഭക്ഷണവും. കഴിക്കുന്ന ഭക്ഷണത്തിലെ ഊർജത്തിന്റെ അളവ് അധികമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊഴുപ്പായ ട്രൈഗ്ലിസറൈഡിന്റെ അളവും കൂടും. ഇത് അമിതവണ്ണത്തിലേക്കും, മറ്റു പ്രമേഹസങ്കീർണതകളിലേക്കും നയിക്കും. പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ തവിടുകളയാത്ത ധാന്യങ്ങളും പഞ്ഞപ്പുല്ല്, പയറുവർഗങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തണം.
മൊത്തത്തിൽ ശരീരത്തിനു വേണ്ട കാലറിയെ മൂന്നായി പകുത്തോ (33% പ്രഭാതഭക്ഷണം +ഇടനേരം, 33% ഉച്ചഭക്ഷണം, 33% നാലുമണി പലഹാരം+അത്താഴം) അഞ്ചു തവണയായോ ആഹാരം ചെറിയ അളവിൽ കഴിക്കണം.
18. പ്രമേഹരോഗി ഉപവസിക്കാമോ? എന്തുകൊണ്ട്?
പ്രമേഹരോഗി ഉപവസിക്കാൻ പാടില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപവാസം നിർബന്ധമായും അനുഷ്ഠിക്കുന്നവരുണ്ട്. അതിനുമുമ്പു ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1.പ്രമേഹം നിയന്ത്രണവിധേയമായിരിക്കണം…
2.ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകുന്നവർ ഉപവസിക്കരുത്….
3.ടൈപ്പ്—1 പ്രമേഹമുള്ളവർ തീർത്തും ഉപവസിക്കരുത്….
4.ഇൻസുലിൻ എടുക്കുന്നവർ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുക….
5.വൃക്കരോഗികളും ഡയാലിസിസ് ചെയ്യുന്നവരും പാടില്ല….
ഉപവാസം എടുക്കുന്നവർ അന്നജത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്ന തവിടോടുകൂടിയ ധാന്യങ്ങളും ഒപ്പംതന്നെ പയറുവർഗങ്ങളും പച്ചക്കറികളും ഉപവസിക്കുന്നതിനു മുമ്പു കഴിക്കുക. ഉപവാസം അവസാനിപ്പിക്കുമ്പോൾ ആദ്യം പഴങ്ങൾ കഴിച്ചതിനു ശേഷം മറ്റു ഭക്ഷണം കഴിക്കാം.
19. ഗർഭകാലപ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ഗർഭകാല പ്രമേഹരോഗികളിൽ പലർക്കും ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ടു പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ചിലർക്ക് ഇൻസുലിൻ ആവശ്യമായി വരും. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണം തെറ്റാതെ കൊണ്ടുപോകുകയും എന്നാൽ കുട്ടിയുടെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ട എല്ലാ പോഷകങ്ങളും ലഭ്യമാക്കുകയും ചെയ്യണം. സാധാരണ സമയത്തു വേണ്ടതിലും 350 കിലോ കലോറി ഊർജവും 18 ഗ്രാം കൂടുതൽ പ്രോട്ടീനും ഈ സമയത്തു ലഭ്യമാക്കണം. ആയതിനാൽ മധുരവും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ധാരാളം പാലും (പാട മാറ്റിയത്) പാൽ ഉൽപന്നങ്ങളും ഉപയോഗിക്കണം. മുട്ട, മീൻ/മാംസം ഇവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുളപ്പിച്ച പയറുവർഗങ്ങളും പച്ചക്കറി സലാഡും അധികമായി കഴിക്കണം. പഴവർഗം 150 മുതൽ 200 ഗ്രാം വരെ ഉൾപ്പെടുത്താം.
ഗർഭകാലത്തു പ്രമേഹമുള്ളവരിൽ, 5—10 വർഷത്തിനുശേഷം പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ഭക്ഷണനിയന്ത്രണവും, വ്യായാമവും വഴി ആരോഗ്യകരമായ ജീവിതശൈലി പാലിക്കണം.
20. കിഴങ്ങുവർഗങ്ങളുടെ കാര്യത്തിൽ പ്രമേഹരോഗി സ്വീകരിക്കേണ്ട നിലപാട്?
കിഴങ്ങുവർഗങ്ങൾ പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ മിതമായി ഉൾപ്പെടുത്താം. മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ കിഴങ്ങുവർഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജത്തിന്റെ അളവു വളരെ കൂടുതലാണ്. എന്നാൽ ചേന, ചേമ്പ് തുടങ്ങിയവയിൽ ഫൈറ്റോ ഈസ്ട്രജനുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആർത്തവവിരാമത്തിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും, മധുരക്കിഴങ്ങ്, ചേന തുടങ്ങിയവയിൽ ക്രോമിയവും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ഇൻസുലിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ സഹായിക്കും. എന്നാൽ ഇവ മിതമായി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ. ഏതെങ്കിലും സമയത്തെ ആഹാരത്തിനു പകരമായോ അഥവാ ചോറിന്റെ അളവു കുറച്ച് അതിന്റെ കൂടെയോ കിഴങ്ങുവർഗങ്ങൾ ഉപയോഗിക്കാം. കിഴങ്ങുവർഗങ്ങളുടെ കൂടെ പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങളോ, മീനോ, മാംസമോ ഉൾപ്പെടുത്തിയാൽ ഊർജത്തിന്റെ ആഗിരണം സാവധാനമാക്കാം.
21. പ്രമേഹത്തിന്റെ സങ്കീർണതകൾ തുടങ്ങിയ രോഗി ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
പ്രമേഹത്തിന്റെ സങ്കീർണതകളായ അമിതരക്തസമ്മർദം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ള രോഗികൾ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിന്റെ അളവു പരമാവധി മൂന്നുഗ്രാം ആക്കുകയും സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ (പുറത്തു നിന്നും വാങ്ങുന്ന പലഹാരങ്ങളിൽ മൃദുവാകാൻ വേണ്ടി സോഡാപ്പൊടി ചേർക്കും. ഇതു രക്തസമ്മർദം കൂടാൻ കാരണമാകും) അച്ചാർ, വിവിധതരം പപ്പടങ്ങൾ, ഉണക്കമീൻ തുടങ്ങിയവ ഒഴിവാക്കണം. രക്തത്തിലെ ചീത്ത കൊളസ്ട്രോളുകളുടെ അളവ് കൂടാനുള്ള സാധ്യത ഉള്ളതിനാൽ എണ്ണയുടെയും തേങ്ങയുടെയും അളവു പരമാവധി കുറയ്ക്കുകയും മുട്ടയുടെ മഞ്ഞ, ബീഫ്, മട്ടൺ, ഓർഗൻ മീറ്റ്സ് (അവയവമാംസം) തുടങ്ങിയവ നിയന്ത്രിക്കുകയും വേണം. കൊഴുപ്പിനെ പുറത്തു കളയുന്ന നാരുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
വൃക്കരോഗമായ നെഫ്രോപ്പതി ആരംഭിച്ചവർ, യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് ശ്രദ്ധിച്ച് ഭക്ഷണത്തിൽ പ്രോട്ടീനളവ് കുറയ്ക്കണം. നല്ല പ്രോട്ടീനുകളടങ്ങിയ മത്സ്യം, മുട്ട, പാൽ, തൈര്, കോഴിയിറച്ചി എന്നിവ കുറഞ്ഞ അളവിൽ ഉപയോഗിക്കാം….
22. പ്രമേഹരോഗിയുടെ ദാഹം ശമിപ്പിക്കാൻ നല്ല പാനീയം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
പ്രമേഹരോഗികൾക്കു ദാഹം കൂടുതലായിരിക്കുന്നതിനാൽ ഇടനേരങ്ങളിൽ ഊർജം കുറഞ്ഞ പാനീയങ്ങളോ പഴങ്ങളോ കഴിക്കാം. മോരും വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം, നെല്ലിക്കാ ജ്യൂസ്, പുതിനാ— നാരങ്ങാജ്യൂസ് തുടങ്ങിയവ നല്ലതാണ്. നാരുകൾ കുറവായതിനാൽ പ്രമേഹ രോഗികൾ പഴച്ചാറുകൾ ഒഴിവാക്കി പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം. പേരയ്ക്ക, പപ്പായ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവ ചെറിയ അളവിൽ (100—150 ഗ്രാം) ദിവസേന ഉപയോഗിക്കാം….
23. പൊറോട്ടയും ഗോതമ്പു പൊറോട്ടയും?
പൊറോട്ട പ്രമേഹരോഗിക്കു മാത്രമല്ല ആർക്കും അഭികാമ്യമല്ല. ഗോതമ്പിനെ സംസ്കരിച്ചു നാരുകൾ മുഴുവൻ നീക്കം ചെയ്തെടുക്കുന്നതാണു മൈദ. ബി വിറ്റമിനുകളും ഇതിൽ കുറവാണ്. ആഹാരത്തിൽ നാരുകൾ കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹരോഗിയുടെ ഭക്ഷണത്തിൽ കാലറി നിയന്ത്രണം ആവശ്യമാണ്. ഗോതമ്പുപൊറോട്ടയിലാകട്ടെ ധാരാളം എണ്ണ ഉപയോഗിക്കേണ്ടി വരികയും മൃദുവാകാൻ സോഡാപ്പൊടി ചേർക്കുകയും ചെയ്യും. പൊറോട്ട കഴിക്കുന്നതു മൂലം കൂടുതൽ കൊഴുപ്പും ഊർജവും ശരീരത്തിൽ എത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കുകയും രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയും കൂട്ടും. അതുകൊണ്ടു ഗോതമ്പുപൊറോട്ടയും മൈദ പൊറോട്ടയും നല്ലതല്ല….
24. പ്രമേഹമരുന്നുകൾക്ക് പ്രതിപ്രവർത്തനമുള്ള ഭക്ഷ്യവസ്തുക്കളുണ്ടോ? അവ എങ്ങനെ നിയന്ത്രിക്കണം?
പ്രമേഹമരുന്നിനൊപ്പം സ്ട്രസ് പഴങ്ങൾ (ഓറഞ്ച്, മൂസംബി, നാരങ്ങാവെള്ളം) കഴിക്കരുത് പ്രമേഹ മരുന്നുകളുടെ ദീർഘകാല ഉപയോഗം ഫോളിക് ആസിഡ്, വിറ്റമിൻ ബി 12 എന്നിവ കുറയ്ക്കുന്നതിനു കാരണമാകുന്നതിനാൽ മുട്ട, പാൽ, നട്സ്, പച്ചക്കറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മെറ്റ്ഫോമിൻ തുടങ്ങിയ മരുന്നുകളുടെ ശരിയായ ഫലം ലഭിക്കണമെങ്കിൽ ഭക്ഷണനിയന്ത്രണവും വ്യായാമവും കൂടിയേ തീരൂ….
25. ഗ്ലൈസീമിക് ഇൻഡക്സ് നോക്കി ഭക്ഷണം തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ്?
രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഗ്ലൈസീമിക് ഇൻഡക്സ് എന്നു പറയാം. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണസാധനങ്ങൾ ഗ്ലൂക്കോസിന്റെ അളവിനെ പെട്ടെന്നു വർധിപ്പിക്കും. മാത്രമല്ല ആഹാരത്തിന്റെ ആഗിരണതോതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിർണയിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണം വേണം പ്രമേഹരോഗി തിരഞ്ഞെടുക്കാൻ. കൂടുതൽ വേവിക്കുന്നതും കഞ്ഞി, കുറുക്ക് തുടങ്ങിയ രൂപത്തിലുള്ളതുമായ ഭക്ഷണങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലായിരിക്കും. ഗ്ലൈസീമിക് ഇൻഡക്സ് 55 ഓ അതിൽ കുറവോ ഉള്ള ഭക്ഷ്യവസ്തുക്കളാണ് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സ് ഭക്ഷണങ്ങൾ. ഇലക്കറികൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, മധുരം കുറഞ്ഞ പഴങ്ങൾ, ചേന തുടങ്ങിയവ ഈ ഗണത്തിലുള്ളവയാണ്. 56—69 വരെയുള്ളയാണ് മിതമായവ. ബ്രൗൺ റൈസ്, ബസ്മതിറൈസ് എന്നിവ അതിനുദാഹരണമാണ്. 70—ഓ അതിലധികമോ ഗ്ലൈസീമിക് ഇൻഡക്സ് ഉള്ളവ പ്രമേഹരോഗികൾക്ക് നന്നല്ല. ഉദാ: വൈറ്റ് റൈസ്, ബ്രഡ്, കോൺഫ്ളെക്സ്, ഏത്തയ്ക്ക, തണ്ണിമത്തൻ, കപ്പ, ഉരുളക്കിഴങ്ങ്, മാമ്പഴം. സപ്പോട്ട തുടങ്ങിയവ.