Nammude Arogyam
Diabetics

പ്രമേഹം പാദങ്ങളെ ബാധിക്കുമ്പോൾ

ലേഖകൻ: Dr Ajay Kumar

ശരീരത്തിലെ വിവിധ അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. മറ്റ് അവയവങ്ങളെപ്പോലെത്തന്നെ പ്രമേഹം പാദങ്ങളെയും വളരെ ഗുരുതരമായി ബാധിക്കുന്നു.കാലദൈർഘ്യമുള്ള പ്രമേഹരോഗികളുടെ കാലിലെ ചെറുനാഡികൾക്ക് കേടുവരികയും (Diabetic Neuorapathy)അങ്ങനെ സ്പർശന ശേഷി കുറയുകയും ചെയ്യുന്നു. രക്തകുഴലുകൾക്കുണ്ടാകുന്ന അടവ് രക്തയോട്ടത്തിനു തടസ്സമുണ്ടാക്കുന്നു. ധാരാളം ചെറിയ എല്ലുകളും, മാംസപേശികളും, ലിഗമെന്റുകളും, പേശികളും ഒത്തുചേർന്ന് സങ്കീർണ്ണമായ ഘടനാ വിശേഷമുള്ള കാലുകൾക്ക് കാലാന്തരത്തിലുള്ള പ്രമേഹ ഘടനാ വൈകല്യങ്ങൾ ഉണ്ടാക്കുന്നു. ഇത് കാൽപ്പാദത്തിൽ സമ്മർദ്ധബിന്ദു!ൾ(Pressure Points) ഉണ്ടാക്കുന്നു. കാലിൽ മുറിവ് വരുമ്പോൾ മേൽപ്പറഞ്ഞ ഘടനകൾ അധികരിച്ച രക്തത്തിലെ പഞ്ചസാരയോടു ചേർന്ന് മുറിവ് പഴുക്കുന്നതിനും മേലോട്ട് കയറുന്നതിനും കാരണമാകുന്നു.

എന്താണ് പ്രമേഹ പാദരോഗത്തിന്റെ ചികിത്സ?

ഡയബറ്റിക് ഫൂട്ടിന്റെ ചികിത്സ തുടങ്ങുന്നത് അത് തടയുന്നതിലൂടെയാണ്. പ്രമേഹപാദരോഗം വരാൻ സാധ്യതയുള്ള കാലുകളെ സംരക്ഷിക്കുകയാണ് ആദ്യപടി. പ്രമേഹ പാദരോഗം വന്നാൽ ഉടൻ തന്നെ ചികിത്സ തുടങ്ങേണ്ടതാണ്. മുറിവ് അല്ലെങ്കിൽ വ്രണം വന്ന ഭാഗത്ത് മർദ്ദം ഒഴിവാക്കുന്നതാണ് ഏറ്റവും പ്രധാനം. കാൽ നിലത്ത് ഊന്നുന്നത് പൂർണ്ണമായും ഒഴിവാക്കണം. അതിന് ആ ഭാഗത്ത് സമ്മർദ്ദം ഒഴിവാക്കുന്നതിനുള്ള ഉപാധികൾ (Off loading devices) ചെരുപ്പിന്റെ രൂപത്തിലും മറ്റും ലഭ്യമാണ്. കർശനമായ പ്രമേഹ നിയന്ത്രണം ഉചിതമായ ആന്റിബയോട്ടിക്കുകൾ, ജീർണ്ണിച്ച മാംസഭാഗങ്ങൾ നീക്കം ചെയ്യൽ, രക്തക്കുറവ്, വിറ്റാമിൻ കുറവ്, പോഷകാംശക്കുറവ് എന്നിവയുണ്ടെങ്കിൽ അതു പരിഹരിക്കൽ, രക്തയോട്ടത്തിന് തടസ്സമുണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെയോ, ആൻജിയോപ്ലാസ്റ്റിയിലൂടെയോ അതു പരിഹരിക്കൽ തുടങ്ങിയവയാണ് ഇതിന്റെ ചികിത്സാ രീതികൾ.

ലക്ഷണങ്ങൾ എന്തൊക്കെയാണ്?

വർഷങ്ങളായി പ്രമേഹരോഗമുള്ളവരിൽ കാലിൽ സൂചി കൊള്ളുന്നതുപോലുള്ള വേദന, മുളകരച്ചുതേച്ചതുപോലുള്ള നീറ്റൽ എന്നിവയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. കുറച്ചു കഴിയുമ്പോൾ കാലിന് മരവിപ്പ് അനുഭവപ്പെട്ടു തുടങ്ങുന്നു. ഞരമ്പുകൾക്ക് കേടുപറ്റുന്നത് പൂർണ്ണമാകുമ്പോൾ കാലിന്റെ സ്പർശനശേഷി അൽപ്പംപോലും കാണുകയില്ല. സ്വന്തം കാലിൽ നിന്ന് ചെരുപ്പ് ഊരിപോകുന്നത് രോഗി അറിയുകയില്ല. ഈ അവസ്ഥയാണ് ഏറ്റവും അപകടകരം. കാലിൽ മുള്ളു കൊണ്ടാലോ, മുറിവ് പറ്റിയാലോ, പൊള്ളലേറ്റാലോ രോഗി അറിയുന്നതേയില്ല. കാലിലെ പാദങ്ങളുടെ അടിഭാഗത്ത് ഉണ്ടാകുന്ന തഴമ്പ് അഥവാ കായ്പ് തൊലിയുടെ വരണ്ട അവസ്ഥകൊണ്ടുണ്ടാകുന്ന വിണ്ടുകീറൽ, വിരലുകൾക്കിടയിലെ പൂപ്പൽ ബാധ (വളംകടി, ഈറൻ കാൽ) തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.

പ്രമേഹരോഗി പാദസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

സ്വന്തം പാദത്തിന്റെ അവസ്ഥ രോഗി മനസ്സിലാക്കിയിരിക്കണം. തന്റെ കാലുകൾക്ക് സ്പർശനശേഷി ഇല്ലെന്നും മുറിവുപറ്റിയാൽ അറിയാൻ കഴിയുകയില്ലെന്നും ഉള്ള ബോധം രോഗിക്ക് എപ്പോഴും ഉണ്ടായിരിക്കണം. പാദരക്ഷ ഉപയോഗിച്ചു മാത്രമേ നടക്കാൻ പാടുള്ളൂ. എല്ലാ ദിവസവും രാത്രി കാലുകളെ ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കിയിട്ട് സൂക്ഷ്മമായി നിരീക്ഷിക്കണം. ചുവന്ന പാടുകൾ, നിറവ്യത്യാസം, വ്രണങ്ങൾ, നീര്, ദുർഗന്ധമുള്ള സ്രവം വരിക തുടങ്ങിയവയുണ്ടോ എന്നു നോക്കണം. ആഴ്ചയിലൊരിക്കലെങ്കിലും പാദങ്ങൾ ശുചിയാക്കണം.(Pedicure) അധികനേരം ഒരേനിലയിൽ നിൽക്കുന്നത്, വളരെ ദുർഘടമായ പാതയിലൂടെയുള്ള നടത്തം തുടങ്ങിയവ ഒഴിവാക്കണം.

എന്താണ് പെഡിക്യൂർ?

പ്രമേഹരോഗി സ്വന്തം കാലുകളെ ശാസ്ത്രീയമായി വൃത്തിയും ശുചിത്വവുമായി സൂക്ഷിക്കുന്ന പ്രക്രിയയാണിത്. ഇതിനു ലളിതമായ ചില ഉപകരണങ്ങൾ മതിയാകും.കാൽ നഖം വെട്ടുന്നതിനുള്ള നഖം വെട്ടി, നഖങ്ങൾക്കിടയിലെ അഴുക്കുകളെ കളയുവാനുള്ള കമ്പ്, ഉപ്പൂറ്റിയും, മറ്റു കട്ടിയുള്ള ഭാഗങ്ങളും നിരപ്പാക്കാനുള്ള(Scrapper) തുടങ്ങിയവ അടങ്ങുന്ന ഒരു കിറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ആദ്യം 20 മിനിറ്റോളം ചെറുചൂടുവെള്ളത്തിൽ ഹൈഡ്രജൻ പെറോക്‌സൈഡ് ലായിനി ഒഴിച്ചിട്ട് അൽപ്പനേരം കാൽ രണ്ടും മുക്കിവയ്ക്കുക. എന്നിട്ട് വെള്ളം തുടച്ച ശേഷം കാലിന്റെ വൃത്തിയാക്കൽ ആരംഭിക്കുക. നഖം വെട്ടുന്നത് മാംസഭാഗം മുറിയാതെ സൂക്ഷിച്ചുവേണം. കുതിർന്നു കഴിയുമ്പോൾ കട്ടിയുള്ള തൊലിയും വിണ്ടുകീറലുമൊക്കെ ശരിയാക്കുവാൻ എളുപ്പമായിരിക്കും. അതുകഴിഞ്ഞ് അൽപ്പം എണ്ണയോ വാസ്‌ലീനോ കാലിൽ പുരട്ടേണ്ടതാണ്. ചുരുക്കത്തിൽ, പ്രമേഹ പാദരോഗം ദീർഘകാലമായുള്ള പ്രമേഹരോഗികളിൽ ഉണ്ടാകുന്നു. കർശനമായ പ്രമേഹ നിയന്ത്രണവും പാദസംരക്ഷണവും കൊണ്ട് ഒരു പരിധിവരെ ഇത് തടയാവുന്നതാണ്. പ്രമേഹ പാദരോഗത്തിന്റെ ലക്ഷണം തുടങ്ങുമ്പോൾ തന്നെ ചികിത്സിച്ച് അതു കഠിനമാകുന്നത് തടയേണ്ടതാണ്. പ്രമേഹത്തിനെക്കുറിച്ചുള്ള അവബോധം, പ്രമേഹ നിയന്ത്രണം, പാദസംരക്ഷണം ഇവയാണ് പ്രമേഹപാദരോഗം തടയാനുള്ള ആണിക്കല്ലുകൾ.

Related posts