Nammude Arogyam
General

കേരളത്തിൽ ഡെങ്കി വൈറസ് വ്യാപനം കൂടുന്നോ !

ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ് എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇത്തരം കൊതുകുകളുടെ സാന്നിധ്യം എല്ലാ സീസണിലും കേരളത്തിൽ ഉണ്ട്. വീടിന് ചുറ്റും അല്ലെങ്കിൽ വീടിനകത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം കിട്ടിയാൽ മാത്രം മതി ഈ കൊതുകിന് മുട്ട ഇടാനും എണ്ണം വർധിപ്പിക്കാനും. കൊതുകുകളുടെ എണ്ണം പെരുകുന്നത് അനുസരിച്ച് ഡെങ്കിപ്പനി ബാധിക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണവും കൂടും.

കാലാവസ്ഥ:

മറ്റു പല സാംക്രമിക രോഗങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഡെങ്കിപ്പനിക്ക് കാലാവസ്ഥയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് ഒരുപാട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വർദ്ധിക്കുന്ന ഊഷ്മാവ്:

അന്തരീക്ഷത്തിലെ ഊഷ്മാവ് വർദ്ധിക്കുന്തോറും കൊതുകുകളിൽ വൈറസ് പെട്ടെന്ന് വികാസം പ്രാപിക്കുന്നത് ആയി കാണപ്പെട്ടു. കുറഞ്ഞ ഊഷ്മാവിൽ ഇതിന് പതിനഞ്ചും ഇരുപതും ദിവസം എടുക്കുമ്പോൾ കൂടിയ ഊഷ്മാവിൽ അഞ്ചോ ആറോ ദിവസം കൊണ്ട് കൊതുകിന്റെ ശരീരത്തിൽ വെച്ച് വൈറസുകൾ പൂർണ്ണ വികാസത്തിൽ എത്തുന്നു. കൊതുകിന്റെ ശരീരത്തിൽ വൈറസിന്റെ വികാസത്തിന് എടുക്കുന്ന സമയം കുറയും തോറും രോഗവ്യാപനത്തിന് ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ചൂട് വർദ്ധിക്കുന്തോറും ഡെങ്കിപ്പനിയുടെ സാധ്യത വർദ്ധിച്ചു വരുന്നു. ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് പഠിച്ചപ്പോൾ കേരളത്തിലെ ഊഷ്മാവ് ആണ് വൈറസ് വികാസത്തിന് ഏറ്റവും അഭികാമ്യമെന്ന് കണ്ടെത്തിയിട്ടുണ്ട് . കഴിഞ്ഞ കുറേ വർഷങ്ങളിൽ ആയിരത്തിൽ ഒരാൾക്ക് ഡെങ്കിപ്പനി വരുന്ന സാധ്യതയുടെ കണക്ക് നോക്കിയാൽ അത് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും കാണാൻ കഴിയും.

മഴ:

മഴക്കാലവും ഡെങ്കി വൈറസ് വ്യാപനവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ശക്തമായ മഴ പെയ്തു തുടങ്ങുന്നതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതായി കാണാറില്ലേ? അതിന് കാരണം മഴ ഉണ്ടാക്കുന്ന വെള്ളക്കെട്ടുകൾ തന്നെ. കൊതുകിന് മുട്ട ഇടാനും പെരുകാനും ഉള്ള ഏറ്റവും നല്ല സാഹചര്യമാണ് മഴക്കാലം നൽകുന്നത്. എന്നാൽ വേനൽക്കാലത്ത് വീടിനകത്ത് ശേഖരിച്ചു വെക്കുന്ന വെള്ളവും പലപ്പോഴും ഈഡിസ് കൊതുകുകൾ മുട്ടയിടാനായി ഉപയോഗിക്കാറുണ്ട്.

കേരളത്തിലെ സാഹചര്യങ്ങൾ ഡെങ്കിപ്പനി വ്യാപനത്തിന് എത്രമാത്രം സഹായകരമാണ് എന്നുള്ളത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം.

  • വലിയ ഒരു രീതിയിലുള്ള അണു വ്യാപനം നടന്ന് കുറച്ചുവർഷങ്ങൾ ആയതിനാൽ രോഗപ്രതിരോധ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജനത,
  • ഇതുവരെ നമ്മുടെ നാട്ടിൽ അത്ര വലിയ രീതിയിൽ വ്യാപിക്കാതിരുന്ന ഡെങ്കി വൈറസ് 4 പോലെയുള്ള ഒരു വൈറസിന്റെ സാധ്യത,
  • വൈറസിന്റെ വികാസം എളുപ്പമാക്കുന്ന വർധിച്ചു വരുന്ന താപനില,
  • കൊതുകിന് മുട്ട ഇടാനും പെരുകാനും വളരെ എളുപ്പത്തിൽ സാധിക്കുന്ന മഴക്കാലം, അതിനുശേഷം വരുന്ന വെള്ളക്കെട്ടുകൾ,

ഈ ഘടകങ്ങളെല്ലാം ഡെങ്കിപ്പനിയുടെ വലിയ രീതിയിലുള്ള വ്യാപനം സാധ്യമാക്കുമെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണ്.

മഴക്കാലത്തിന് മുൻപുള്ള മാസങ്ങളിൽ ഡെങ്കി വലിയ എണ്ണത്തിൽ കാണുകയാണെങ്കിൽ അത് അടുത്ത മഴക്കു ശേഷം വലിയൊരു എപ്പിഡമികിന്റെ സാധ്യത പ്രവചിക്കുന്നു എന്നാണ്. അങ്ങനെ കണക്കാക്കുകയാണെങ്കിൽ ഈ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കണ്ടതിനേക്കാൾ കൂടുതൽ ഡെങ്കിപ്പനി കാണുന്നുണ്ട് എന്നുള്ളത് നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത് അടുത്ത മഴക്കാലത്തിനുശേഷം വലിയ ഒരു എപ്പിഡമിക് വരാനുള്ള ഒരു സൂചനയായി നമ്മൾ കണക്കാക്കുക തന്നെ വേണം

Related posts