Nammude Arogyam
General

തലച്ചോർ തിന്നുന്ന അമീബയോ!

തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ച വാര്‍ത്ത നടുക്കത്തോടെയാണ് നമ്മള്‍ കേട്ടത്. ആദ്യമായല്ല ഈ സൂക്ഷ്മാണു മനുഷ്യന്റെ ജീവനെടുക്കുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിലും അടുത്തിയെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് നെഗ്ലേരിയ ഫൗലെറി(പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്).

പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ് എന്ന രോഗം പടരുന്നത് മലിനമായ ജലത്തിലൂടെയാണ്. ചെളി വെള്ളമുള്ള ജലാശയങ്ങളിലാണ് പൊതുവെ ഈ അമീബയെ കണ്ടുവരുന്നത്. ഇത്തരം ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലേരിയ ഫൗളറി അമീബ മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണിത്. ഈ ജലാശയങ്ങളിൽ മുങ്ങി കുളിക്കുമ്പോൾ മൂക്കിലെ നേർത്ത തൊലിയിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. തലച്ചോറിൽ എത്തുന്ന ഈ രോഗാണുക്കൾ തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും മസ്തിഷ്ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. ഒരു ഏകകോശ ജീവിയാണ് ഈ അമീബ, മൈക്രോസ്കോപിലൂടെ അല്ലാതെ കാണാൻ സാധിക്കില്ല.
പ്രധാന രോഗ ലക്ഷണങ്ങൾ:
തലച്ചോറിൽ അണുബാധയുണ്ടായി ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ രോഗലക്ഷണം പുറത്ത് വരാൻ തുടങ്ങും. തലയ്ക്ക് മുൻ വശത്ത് ഉണ്ടാകുന്ന വേദന, പനി, മനംപുരട്ടൽ എന്നിവയാണ് പ്രധാന ലക്ഷണം. മണവും രുചിയും പോകുന്നതും മറ്റൊരു ലക്ഷണമാണ്. ഇത് മാത്രമല്ല, രോഗം മൂർച്ഛിക്കുമ്പോൾ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്നം വിഭ്രാന്തി എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്തെല്ലാം ശ്രദ്ധിക്കാം:
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇതിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴക്കാലമായത് കൊണ്ട് തന്നെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടാറുണ്ട്. അശാസ്ത്രീയപരമായി രൂപപ്പെടുന്ന ഇത്തരം വെള്ളക്കെട്ടുകൾ അപകടകാരികളാണ്. അത് മാത്രമല്ല വീടിൻ്റെ പരിസരങ്ങളിലും മറ്റും മലിന ജലം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Related posts