ഗര്‍ഭകാലമെന്നത് അതീവ ശ്രദ്ധ അത്യാവശ്യമുള്ള കാലമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പ്രധാനമാകുന്നു. അമ്മ വരുത്തുന്ന തെറ്റുകള്‍ കുഞ്ഞിന്റെ ജീവിതകാലം മുഴുവന്‍ ബാധിയ്ക്കുന്ന തെറ്റുകളുമാകാം. ഗര്‍ഭകാല ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണ കാര്യവും പ്രധാനമാണ്. ആരോഗ്യകരമായ ഗര്‍ഭത്തിന്, കുഞ്ഞിന്റെ ആരോഗ്യത്തിന് കഴിയ്‌ക്കേണ്ട, ഒഴിവാക്കേണ്ട പല ഭക്ഷണങ്ങളുമുണ്ട്. ഇവ കൃത്യമായി തെരഞ്ഞെടുത്ത് കഴിക്കണം.
എല്ലാവര്‍ക്കും പ്രിയപ്പെട്ട ഭക്ഷണങ്ങളുണ്ടാകും. അതിൽ തന്നെ പലർക്കും പുറത്ത് നിന്ന് വാങ്ങുന്ന ഭക്ഷണങ്ങളോട് ചില പ്രത്യേക താല്പര്യമാണ്. എന്നാല്‍ ഗര്‍ഭ കാലത്ത് പുറത്ത് നിന്നും വാങ്ങിക്കഴിയ്ക്കുന്ന അത്തരം ഭക്ഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും വേണം. പ്രത്യേകിച്ചും ചൈനീസ് ഭക്ഷണങ്ങള്‍. ചൈനീസ് എന്ന് എടുത്തു പറയാന്‍ കാരണമുണ്ട്. പല ചൈനീസ് വിഭവങ്ങളിലും രുചിയ്ക്കായി ഉപയോഗിയ്ക്കുന്ന ഒന്നാണ് അജിനോമോട്ടോ. ഇത് എംഎസ്ജി അഥവാ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്നറിയപ്പെടുന്ന ഒന്നാണ്. സോഡിയം, ഗ്ലൂട്ടമിക് ആസിഡ് എന്നിവയില്‍ നിന്നുണ്ടാക്കുന്ന ഒന്നാണിത്.
ഈ പ്രത്യേക വസ്തു കുഞ്ഞിന്റെ ബ്രെയിന്‍ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. അതായത് വയറ്റിലെ കുഞ്ഞിന്റെ തലച്ചോര്‍ വികാസത്തെ ഇത് ബാധിയ്ക്കും. ഇതിനാല്‍ തന്നെയും ചൈനീസ് ഭക്ഷണ വിഭവങ്ങളില്‍ രുചിയ്ക്കായി ഉപയോഗിയ്ക്കുന്ന ഈ വസ്തു രുചിയ്ക്കപ്പുറം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയുക. അജിനോ മോട്ടോ ചൈനീസ് ഭക്ഷണ വസ്തുക്കളില്‍ മാത്രമല്ല ഉപയോഗിയ്ക്കുന്നത്. പുറത്തു നിന്നും നാം വാങ്ങിക്കഴിയ്ക്കുന്ന പല വിഭവങ്ങളിലും ഇത് സ്വാദിനായി ഉപയോഗിയ്ക്കുന്നുണ്ട്. ഇത്തരം ഘടകങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കളറുമെല്ലാമാണ് ഇവയെ അനാരോഗ്യകരമാക്കുന്നത്. ഇതിനാല്‍ തന്നെയാണ് ഗര്‍ഭകാലത്ത് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം എന്നു പറയുന്നതും.
സാധാരണ ഗതിയില്‍ ചെറിയ അളവിലെ എംഎസ്ജി നമ്മുടെ ശരീരത്തിന് ദഹിപ്പിയ്ക്കാനാകും. എന്നാല്‍ കൂടിയ അളവില്‍ ഇതെത്തുന്നത് നല്ലതല്ല. ചിലര്‍ക്ക് ഇത് അലര്‍ജിയുണ്ടാക്കുന്നു. തലവേദന, വിയര്‍ക്കുക, മുഖ പേശികള്‍ക്ക് മര്‍ദം അനുഭവപ്പെടുക, പള്‍സ് വ്യതിയാനം, നെഞ്ചുവേദന, മനം പിരട്ടല്‍ തുടങ്ങിയവ എംഎസ്ജി അലര്‍ജിയുള്ളവര്‍ക്ക് അനുഭവപ്പെടും. ഫ്‌ളേവറുള്ള ചിപ്‌സ്, കാനില്‍ ലഭിയ്ക്കുന്ന സൂപ്പുകള്‍, സാലഡ് ഡ്രസിംഗിന് ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍, സോയാ സോസ്, റെഡി ടു ഈറ്റ് കറികളും ഭക്ഷണ വസ്തുക്കളും, ചൈനിസ്, ഫാസ്റ്റ് ഫുഡ്, ഡിപ് മിക്‌സുകള്‍, സീസണ്‍ഡ് സാള്‍ട്ട് എന്നിവയില്‍ പൊതുവേ എംഎസ്ജി ചേര്‍ക്കാറുണ്ട്.
ഇവ ചേര്‍ക്കുന്നതാണ് ഗര്‍ഭകാലത്ത് ചൈനീസ് ഭക്ഷണങ്ങള്‍ റിസ്‌കാകാന്‍ കാരണമാകുന്നത്. ഇവയില്ലാതെ നമുക്ക് ചൈനീസ് ഭക്ഷണങ്ങള്‍ കഴിയ്ക്കാം. വീട്ടില്‍ തന്നെ ഇവ പാകം ചെയ്ത് കഴിയ്ക്കുന്നത് ഇത്തരം അപകട സാധ്യതകള്‍ ഒഴിവാക്കുന്നു. ഇതിനാലാണ് ഗര്‍ഭകാലത്ത് പുറത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് മാത്രം കഴിയ്ക്കാന്‍ പറയുന്നത്. മായം കലരാത്ത ഭക്ഷണമാണ് ഗര്‍ഭകാലത്ത് പ്രത്യേകിച്ചും ഗുണകരം. അല്‍പം സ്വാദ് കുറഞ്ഞാലും ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യം പ്രധാനമെന്നതിനാല്‍ തന്നെയും ഇത്തരം ഭക്ഷണങ്ങളോട് താല്‍പര്യമുണ്ടെങ്കിൽ കൂടിയും എംഎസ്ജി പോലുള്ള കൃത്രിമ ചേരുവകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണകരം.