രാജ്യത്ത് ചൂട് അതികഠിനമായി കൂടി കൊണ്ടിരിക്കുകയാണ്. കേരളത്തിലും സ്ഥിതിയൊട്ടും മോശമല്ല, കഴിഞ്ഞ ദിവസം 45 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയ താപനില. പകൽ സമയത്ത് വെയിൽ ഏൽക്കാൻ പാടില്ലെന്ന് ആരോഗ്യ വിദഗ്ധർ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. അതികഠിനമായി ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് വളരെ പ്രധാനമാണ്. ചൂട് സമയത്ത് കുറച്ചെങ്കിലും ആശ്വാസം ലഭിക്കാനും ആരോഗ്യം സംരക്ഷിക്കാനും ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.
ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഈ ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിനുള്ള ജലാംശം ഇല്ലെങ്കിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിർജ്ജലീകരണമുണ്ടായാൽ അത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. ഇത് കാരണം അമിതമായ ക്ഷീണമുണ്ടാകാനും കാരണമാകും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. സാധാരണയായി എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കണമെന്നാണ് കണക്ക്. അതുപോലെ തന്നെ ചൂട് കാലത്തും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്ക്, തേങ്ങാ വെള്ളം, നാരങ്ങ വെള്ളം, ഫ്രഷ് ജ്യൂസുകൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ കുടിക്കാൻ ശ്രമിക്കുക.
ചൂട് കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളും വളരെ പ്രധാനമാണ്. കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എപ്പോഴും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധരിക്കുന്ന വസ്ത്രമനുസരിച്ചാണ് വേനൽക്കാലത്ത് ശരീരത്തിന് ചൂട് അനുഭവപ്പെടുന്നതെന്ന് മനസിലാക്കുക. ധരിക്കാൻ തിരഞ്ഞെടുക്കുന്ന തുണിത്തരങ്ങൾ പരുത്തി അല്ലെങ്കിൽ ലിനൻ പോലെ ഭാരം കുറഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമാണെന്ന് ഉറപ്പാക്കുക. ചൂട് ആഗിരണം ചെയ്യാൻ കഴിയുന്ന ഇരുണ്ട നിറങ്ങൾ ഉപയോഗിക്കരുത്. കൂടാതെ, അയഞ്ഞ വസ്ത്രങ്ങൾ വായുപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തണുപ്പിക്കാൻ കഴിയും.
പകൽ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രമിക്കുക. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് സൂര്യാഘാതമുണ്ടാകാൻ കാരണമായേക്കും. വെയിലത്ത് പോകുന്ന സാഹചര്യമുണ്ടാകുമ്പോൾ തണലത്ത് നിൽക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ വെയിൽ ഏൽക്കാതിരിക്കാനുള്ള എന്തെങ്കിലും പ്രതിവിധികൾ സ്വീകരിക്കുകയോ ചെയ്യുക. അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. വെയിൽ ഏൽക്കേണ്ട സാഹചര്യമുണ്ടായാൽ മുഖവും കൈകളുമൊക്കെ കൃത്യമായി മറയ്ക്കാനോ അല്ലെങ്കിൽ കുട ഉപയോഗിക്കാനോ ശ്രമിക്കുക.
എസി, കൂളർ പോലുള്ള ഉപകരണങ്ങൾ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് അല്ലെങ്കിൽ കൈയിൽ പിടിക്കാൻ കഴിയുന്ന ഫാനുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങൾ ഒരു പരിധി വരെ ചൂടിനെ നിയന്ത്രിക്കാൻ സഹായിക്കും.
തണുത്ത വെള്ളത്തിലുള്ള കുളി ശരീര താപനില കുറയ്ക്കാനും ഉന്മേഷം നൽകാനും സഹായിക്കും. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ ഒരു പരിധി വരെ ഈ കാര്യങ്ങൾ സഹായിച്ചേക്കും. ജലാംശം നിലനിർത്താനും, നേരിയ വസ്ത്രങ്ങൾ ധരിക്കാനും, തണൽ തേടാനും, കൂളിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും, തണുത്ത ഷവർ എടുക്കാനും, സാധ്യമെങ്കിൽ എയർ കണ്ടീഷനിംഗ് ഉപയോഗിക്കാനും ഓർക്കുക. ഈ ലളിതമായ ഘട്ടങ്ങളിലൂടെ ഒരു പരിധി വരെ ചൂടിനെ പിടിച്ച് നിർത്താൻ സാധിക്കുമെന്ന് തന്നെ പറയാം.