Nammude Arogyam
General

ഇപ്പോൾ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതൽ തിരയുന്ന മയോസിറ്റിസ് എന്ന രോഗത്തെക്കുറിച്ചറിയാം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സമാന്തയുടെ രോഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗത്തിന് ചികിത്സയിലാണെന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരക്കുന്നത്. ഗുരുതരമായ ഈ രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ കുറച്ച് സമയമെടുക്കുമെന്നും താരം പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എന്താണ് മയോസിറ്റിസ് രോഗം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഒരു ലക്ഷം പേരില്‍ നാലു മുതല്‍ 22 പേര്‍ക്ക് വരാവുന്ന രോഗമാണ് പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന മയോസൈറ്റിസ്. ഒരു കൂട്ടം അപൂര്‍വ രോഗങ്ങളുടെ കൂടിച്ചേരലാണ് മയോസിറ്റ്‌സ് എന്ന രോഗം. പേശികളിലെ ബലഹീനത, വേദനം എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കാലക്രമേണയാണ് ഈ രോഗം വഷളാകുന്നത്. ഒരു ലക്ഷത്തില്‍ നാല് മുതല്‍ 22 പേര്‍ക്ക് മാത്രമേ ഈ രോഗം വരാന്‍ സാധ്യതയുള്ളു. മിക്ക കേസുകളിലും മയോസിറ്റിസിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. ഡെര്‍മറ്റോമിയോസിറ്റിസ്, പോളിമയോസിറ്റിസ്, ജുവനൈല്‍ മയോസിറ്റിസ്, ടോക്സിക് മയോസിറ്റിസ്, തുടങ്ങിയ കോശജ്വലന അവസ്ഥകള്‍ കഠിനമായ മയോസിറ്റിന് കാരണമാകും. ചില മരുന്നുകള്‍, ഗുരുതരമായ ശാരീരിക പരിക്കുകള്‍ എന്നിവയ്ക്കൊപ്പം വൈറല്‍ അണുബാധകളും മയോസിറ്റിസിന് കാരണമാകാറുണ്ട്.

കൈകള്‍, കാലുകള്‍, തോളുകള്‍, നാഡിഞ്ഞരമ്പിലെ മസിലുകളെ എന്നിവയെയാണ് ഇവ ബാധിക്കുക. ശ്വാസ തടസ്സം, തളര്‍ച്ച, പേശിവേദന, എന്നിവയെല്ലാം മയോസിറ്റിസ് ഉള്ളവരില്‍ കണ്ടുവരാറുണ്ട്. കൈകള്‍, തോള്‍, ഇടുപ്പ്, വയര്‍, പേശികള്‍ എന്നിവയെ എല്ലാം ഇവ ബാധിക്കാറുണ്ട്. രോഗം മൂര്‍ച്ഛിച്ചാല്‍ അത് കണ്ണുകളെ അടക്കം ബാധിക്കും. നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ച് ദൂരം നടക്കുമ്പോഴേക്കും വല്ലാതെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നതും മയോസിറ്റിസിന്റെ പ്രധാന ലക്ഷണങ്ങളാണ്.

പ്രധാനമായും രണ്ടു തരത്തിലുള്ള മയോസൈറ്റിസുകളാണ് ഉള്ളത്. പോളി മയോസൈറ്റിസും ഡെർമാമയോസൈറ്റിസുമാണ് അവ.

1.പോളി മയോസൈറ്റിസ്-തോൾ, ഇടുപ്പ്, തുട എന്നീ പേശികളെയാണ് പ്രധാനമായും പോളിമയോസൈറ്റിസ് ബാധിക്കുക. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഈ രോഗം 30 വയസിനും 60 വയസിനുമിടയിലാണ് കൂടുതലായും കണ്ടുവരുന്നത്.പേശിക്കുണ്ടാകുന്ന ബലക്കുറവ്, പേശി വേദന, ക്ഷീണം, വീണതിന് ശേഷം എഴുനേൽക്കാനും ഇരിക്കാനും ബുദ്ധിമുട്ട് തോന്നുക, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട് തോന്നുക, സന്തോഷക്കുറവും വിഷാദവും അനുഭവപ്പെടുക എന്നിവയാണ് പോളി മയോസൈറ്റിസിന്‍റെ ലക്ഷണങ്ങള്‍.

2.ഡെർമാ മയോസൈറ്റിസ്-ശരീരത്തിലെ നിരവധി പേശികളെ ബാധിക്കുന്ന ഡെർമാമയോസൈറ്റിസ് ത്വക്കിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. സ്ത്രീകളിലും കുട്ടികളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പോളി മയോസൈറ്റിസിന് സമാനമാണ് ഡെർമാ മയോസൈറ്റിസിന്‍റെയും ലക്ഷണങ്ങൾ. ഈ രോഗമുള്ളവരുടെ ചര്‍മ്മത്തില്‍ ചുവന്നതും പർപ്പിൾ നിറത്തിലുമുള്ള പാടുകള്‍ പ്രത്യക്ഷപ്പെടും. മുഖം, കൈകൾ, പുറം, നെഞ്ച്, മുട്ട് എന്നിവിടങ്ങളിലാകും ഇത്തരം പാടുകൾ പ്രത്യക്ഷപ്പെടുക. ഈ പാടുകളിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം.

രക്ത പരിശോധനയിലൂടെയും എംആർഐ സ്‌കാൻ, ഇഎംജി എന്നിങ്ങനെയുള്ള പരിശോധനകളിലൂടെയും രോഗം സ്ഥിരീകരിക്കാം. ചികിത്സ കണ്ടെത്തിയിട്ടുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിൽ കൂടി കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് ഈ രോഗത്തെ കീഴ്‌പ്പെടുത്താൻ സാധിക്കും എന്ന് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നു. സ്റ്റിറോയ്ഡുകളും പ്രതിരോധശേഷിയെ അമര്‍ത്തുന്ന മരുന്നുകളും ഉപയോഗിച്ചാണ് മയോസൈറ്റിസ് ചികിത്സിക്കുന്നത്.

Related posts