Nammude Arogyam
General

രാത്രികാലത്ത് ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നതിന്റെ ദോഷങ്ങളെക്കുറിച്ചറിയാം

ഫാനിടാതെ അല്ലെങ്കില്‍ ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഒരു രാത്രി പോലും ഉറങ്ങാന്‍ കഴിയാത്തവരെ നാം കണ്ടിട്ടുണ്ടാവും. എത്ര തണുപ്പായാലും ഇവര്‍ ഫാന്‍ ഓണാക്കി മാത്രമേ ഉറങ്ങൂ. എന്നാല്‍ രാത്രി മുഴുവന്‍ ഫാനിനു ചുവട്ടില്‍ കിടന്നുറങ്ങുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എല്ലാവര്‍ക്കും ഇത് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ചില ആളുകള്‍ക്ക് ഇത് നേരിയ തോതില്‍ ആരോഗ്യ അസ്വസ്ഥതകള്‍ കാണിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

1.ഫാനിന്റെ തണുപ്പ്

മുറിയില്‍ ആവശ്യത്തിന് കാറ്റ് നല്‍കുക മാത്രമാണ് ഫാന്‍ ചെയ്യുന്നത്. ഫെബ്രുവരി-മെയ് മാസങ്ങളില്‍ മാത്രമാണ് അധികമായി ചൂട് അനുഭവപ്പെടാറ്. ചൂടുകാലത്ത് ശരീരത്തില്‍ വിയര്‍പ്പ് വര്‍ധിക്കും. ഈ വിയര്‍പ്പിനുമേല്‍ കാറ്റടിക്കുമ്പോള്‍ ജലാംശം ബാഷ്പീകരിക്കുന്നതിനാലാണ് നമുക്ക് തണുപ്പ് അനുഭവപ്പെടുന്നത്.

2,വായ, മൂക്ക്, തൊണ്ട പ്രശ്‌നങ്ങള്‍

ഫാനില്‍ നിന്ന് വരുന്ന കാറ്റ് വായ, മൂക്ക്, തൊണ്ട എന്നിവ വരണ്ടതാക്കുന്നു. ഇത് അമിതമായി കഫം ഉല്‍പാദിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കാലക്രമേണ ഇത് തലവേദന, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകാം. ഒരു ഫാന്‍ രോഗിയാക്കില്ലെങ്കിലും കാലാവസ്ഥ പണിതന്നേക്കാം. തണുത്ത കാലാവസ്ഥയിലാണെങ്കില്‍ ഇത് രോഗലക്ഷണങ്ങളെ കൂടുതല്‍ വഷളാക്കിയേക്കാം. കൂടുതല്‍ വെള്ളം കുടിച്ചും ഫാനിനൊപ്പം ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിച്ചും ഇത്തരം അവസ്ഥകളില്‍ നിന്ന് രക്ഷനേടാം.

3.അലര്‍ജികള്‍

മുറിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഫാന്‍ ഓണാക്കുന്നതിലൂടെ വായുവില്‍ പൊടിയും മറ്റും നിറയാന്‍ കാരണമാകുന്നു. ഇത് ചിലരില്‍ അലര്‍ജികള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ലീഫുകളും പൊടിപടലത്തിന്റെ മറ്റൊരു ഉറവിടമാണ്. ഇത് ശ്വസിക്കുന്നതിലൂടെ മൂക്കൊലിപ്പ്, തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, കണ്ണുകളില്‍ വെള്ളം, അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഫാനിന്റെ ലീഫിന്റെ ഇരുവശവും ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍, കടലാസുകള്‍, പുസ്തകങ്ങള്‍, ചാക്കുകെട്ടുകള്‍, ബോക്‌സുകള്‍ എന്നിവയൊന്നും വലിച്ചുവാരിയിടരുത്. കിടപ്പുമുറി എപ്പോഴും ശുചിയാക്കി സൂക്ഷിക്കുക.

4.ചര്‍മ്മം, കണ്ണ് എന്നിവ വരളുന്നു

രാത്രി മുഴുവന്‍ ഫാനിട്ട് ഉറങ്ങുന്നതിലൂടെ ഫാനില്‍ നിന്നുള്ള കാറ്റ് ചര്‍മ്മത്തെയും കണ്ണുകളെയും വരണ്ടതാക്കും. ഇത് തടയാനായി ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസറും കണ്ണില്‍ ഐ ഡ്രോപ്പും ഉപയോഗിക്കാം.

5.പേശിവേദന

കൂടുതല്‍ സമയം ഫാനിന്റെ കാറ്റ് കൊള്ളുന്നതിലൂടെ രക്തചംക്രമണത്തില്‍ തടസം നേരിട്ട് പേശികളില്‍ പിരിമുറുക്കമുണ്ടാകുന്നു. ഇത് കുറയ്ക്കാനായി ഫാനിന്റെ കാറ്റ് നേരിട്ട് വീഴാത്തവിധം ഫാന്‍ ക്രമീകരിച്ചു വയ്ക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

രാത്രി മുഴുവന്‍ ഫാനിട്ട് കിടക്കുന്നവര്‍ മുറിയില്‍ ആവശ്യത്തിന് വെന്റിലേഷന്‍ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ശരീരം മുഴുവന്‍ മൂടുന്നവിധത്തിലുള്ള വസ്ത്രം ധരിച്ചുവേണം രാത്രിയില്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍. തുണിയെത്താത്ത ശരീര ഭാഗത്ത് കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം അമിതമായി വരളുന്നു. ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണവും ഉണ്ടാകുന്നു. ഇതാണ് ഉറക്കമുണരുമ്പോള്‍ പലര്‍ക്കും ക്ഷീണം അനുഭവപ്പെടുന്നത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും മുതിര്‍ന്നവരും രോഗികളും ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും രാത്രി മുഴുവന്‍ ഫാനിന്‍ കീഴില്‍ കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫാനിട്ടു തന്നെ ഉറങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിച്ച ശേഷം കിടന്നുറങ്ങുക. കൂടാതെ കിടപ്പു മുറിയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഇടുന്നതും ഒഴിവാക്കുക.

Related posts