Nammude Arogyam
General

ലഹരിയിലോടുന്ന ജനറേഷൻ

ഹലൊ…..ഇത് നീതുവിൻ്റെ വീടല്ലെ ? ഞാൻ നീതുവിൻ്റെ ക്ലാസ്സ് ടീച്ചറാണ് സംസാരിക്കുന്നത്.

എന്തു പറ്റി ടീച്ചർ , മോൾ ഇന്ന് സ്കൂളിലേക്ക് വന്നിട്ടുണ്ടല്ലോ.

മോൾ സ്കൂളിൽ വെച്ച് ഒന്നു വയ്യാണ്ടായി. ഞങ്ങൾ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. നിങ്ങളെ വിവരം അറിയിച്ചതാണ്. കൂടാതെ ഡോക്ടർക്ക് നീതുവിൻ്റെ രക്ഷിതാക്കളയൊന്ന് കാണണം പറഞ്ഞു.

ഞാനിപ്പോൾ തന്നെ വരാം ടീച്ചറെ……

ഡോക്ടർ ഞാൻ നീതുവിൻ്റെ അച്ഛനാണ് , സാറെ കാണാൻ പറഞ്ഞിട്ടുണ്ട് പറഞ്ഞു.

ഹാ….വരൂ ഇരിക്കൂ. നിങ്ങളുടെ മകളുടെ കാലിൻ്റെ അടിയിലെ മുറിവുകൾ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ ? ആ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് , അതിന് തെളിവുകളാണ് ആ മുറിവുകൾ. മയക്കുമരുന്ന് കിട്ടാതായപ്പോൾ ആ കുട്ടിയുടെ ശരീരം പ്രതികരിച്ചതാണ് ഇന്ന് സ്കൂളിൽ ഉണ്ടായ സംഭവം.

ഏയ് ഒരിക്കലുമില്ല , എൻ്റെ മകൾ ഒരിക്കലും അങ്ങനെ ചെയില്ല സാറെ………

ഇത് പോലെ മക്കളെ പൂർണ്ണമായും വിശ്വസിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എൻ്റെ മകൻ അല്ലെങ്കിൽ മകൾ ഒരു തെറ്റിലേക്കും പോകില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. മുക്കിനും മൂലയിലും ലഭിക്കുന്ന കഞ്ചാവ് പൊതികൾ , ഓൺലൈനിലും അല്ലാതെയും ലഭ്യമാകുന്ന മയക്കുമരുന്നുകൾ അവർ കൂട്ടം കൂടിയും അല്ലാതെയും ഉപയോഗിക്കുന്നു. കുട്ടികൾ മുതൽ മധ്യവയസ്കർ വരെ മയക്കുമരുന്നിന്റെ അടിമകളായിട്ടുണ്ട്.

മയക്കുമരുന്നുകളുടെ ദുരുപയോഗം വരും നൂറ്റാണ്ടിൽ ലോകത്തിനു തന്നെ വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കുന്നത്. ലോകത്താകമാനം മയക്കുമരുന്നുകളുടെ ഉപയോഗം അതുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങൾ എന്നിവയില്ലെല്ലാം വൻ വർധനയാണ് കണ്ടുവരുന്നത്. മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ മയക്കുമരുന്നിന് അടിമപ്പെടുന്നത് ഒരു മാനസിക, സാമൂഹിക പ്രശ്നമാണ്, ഇത് ലോകത്തെ വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെയും അവരടങ്ങുന്ന സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നു. വ്യക്തികളെയും സമൂഹത്തെയും ഇത് പലവിധത്തിലാണ് നശിപ്പിക്കുന്നത്.- സാമൂഹികമായും ശാരീരികമായും സാംസ്കാരികമായും വൈകാരികമായും സാമ്പത്തികമായും.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്ന ഈ ലഹരി പദാർത്ഥങ്ങൾ ഭയം, ഉത്കണ്ഠ, അരക്ഷിതാവസ്ഥ എന്നിങ്ങനെയുള്ള പലതരം വൈകല്യങ്ങൾക്ക് കാരണമാകുന്നു. നിക്കോട്ടിൻ, കൊക്കെയ്ൻ, കഫീൻ, മോർഫിൻ, കഞ്ചാവ്, മെത്ത് തുടങ്ങിയ ചില മരുന്നുകൾ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. അത്തരം മയക്കുമരുന്നുകളോടുള്ള ആസക്തി വിശപ്പും ശരീരഭാരവും, മലബന്ധം, വർദ്ധിച്ച ഉത്കണ്ഠ, ക്ഷോഭം, ഉറക്കമില്ലായ്മ, ബൗദ്ധിക പ്രവർത്തനത്തിന്റെ ക്രമേണയുള്ള ക്ഷതം എന്നിവയ്ക്ക് കാരണമാകുന്നു. ചില ലഹരിമരുന്നുകൾ മനുഷ്യരുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. വീണ്ടും വീണ്ടും ഉപയോഗിക്കണമെന്ന പ്രേരണ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനായുമാണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നത്. രാജ്യത്ത് ലഹരിക്കടിമകളായവര്‍ 7.3 കോടിയിലേറെയുണ്ടെന്നാണ് കണക്ക്.

മയക്കുമരുന്ന് പ്രശ്നം ഇല്ലാക്കുന്നത് അത്ര എളുപ്പമല്ല. എങ്കിലും നമ്മുടെ സമൂഹത്തിൽ ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളാൻ കഴിയും. മയക്കുമരുന്നിൽ നിന്നുള്ള ഭീഷണി അവഗണിക്കാനാവാത്തവിധം വലുതാണ്. ഇതിനുള്ള പരിഹാരം ലഹരിയ്‌ക്കെതിരായ ചെറുത്തുനിൽപ്പും ശക്തമായ അവബോധവുമാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെയോ ഏറ്റവും അടുത്ത സുഹൃത്തക്കൾക്കിടയിൽ ഇതിനെപ്പറ്റി ആരോഗ്യകരമായ രീതിയിൽ ചർച്ച ചെയ്യുന്നതിലൂടെയും നാം ഓരോരുത്തർക്കും ഇതിൽ പങ്കുചേരാവുന്നതേയുള്ളു.

നിങ്ങളുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിക്കുന്നുണ്ടെങ്കിൽ സഹായിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഇവരെ പരിചരിക്കുന്നതോ ആവശ്യമായ ചികിത്സയും റീഹാബിലിറ്റേഷൻ സേവനങ്ങളും നൽകുന്നതും അത്ര എളുപ്പമായിരിക്കില്ല. എന്നാൽ ഓർക്കുക, നിങ്ങൾ തനിച്ചല്ല. നിങ്ങൾക്കും നിങ്ങൾ പരിപാലിക്കുന്ന വ്യക്തിക്കും പിന്തുണ ലഭ്യമാണ്. ഇതിനെക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കാൻ ചിലപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ചും അവർക്ക് നിങ്ങളെപ്പോലെ സമാന അനുഭവം ഇല്ലെങ്കിൽ. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളുടെ കുടുംബങ്ങളെയും പരിപാലകരെയും പിന്തുണയ്ക്കുന്ന പ്രാദേശിക, ദേശീയ സംഘടനകളുണ്ട്. നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം അവരെ ഒരു ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നതാണ്.

ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. പരാമവധി മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിച്ചേക്കാം.

Related posts