Nammude Arogyam
Maternity

വാ…വാ…വോ…വാവേ

ശരണ്യേ ….. ശരണ്യേ……..

ഇവിടെ നിൽക്കേർന്നോ നീ ? ഞാൻ വന്നിട്ട് എത്ര നേരമായി അറിയോ ? പതിവുള്ള ചായ കിട്ടിയില്ലല്ലോ ഇന്ന്. ഓഫീസിൽ ഭയങ്കര തിരക്കേർന്നു ഇന്ന്. നേരാവണ്ണം ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല. ഇപ്പോഴാണെങ്കിൽ വിശന്നിട്ട് വയ്യ നീ വല്ലതും കഴിക്കാൻ എടുത്ത് വെക്ക്. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്താ പെണ്ണേ ഒന്നും മിണ്ടാത്തെ ?എങ്ങോട്ടാ നീ ഇത്ര കാര്യമായിട്ട് നോക്കി നിൽക്കുന്നത്. ശരണ്യാ ……

എന്താ നിൻ്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്, എന്ത് പറ്റി മോളെ

ഒന്നുമില്ല…….ഞാൻ അപ്പുറത്തെ വീട്ടിലെ കൊച്ചിനെ നോക്കി നിൽക്കേർന്നു. അതിൻ്റെ കളിയും ചിരിയും കാണാൻ എന്തു രസമാ ചേട്ടാ.

കല്യാണം കഴിഞ്ഞിട്ട് 5 വർഷമായില്ലേ, നമുക്ക് ഇത് വരെ ഒരു കുഞ്ഞിൻ്റെ കളിചിരി കാണാൻ കഴിഞ്ഞില്ലല്ലോ………

വിവാഹ ശേഷം ഒരു കുഞ്ഞ്‌ വേണം എന്ന്‌ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍, സ്വാഭാവിക മാര്‍ഗങ്ങളില്‍ ഗര്‍ഭധാരണം സാധ്യമാകാത്തപ്പോള്‍ മറ്റ്‌ മാര്‍ഗങ്ങളെ കുറിച്ചൊന്നും ദമ്പതിമാര്‍ ചിന്തിക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കുട്ടികളില്ലാത്തവര്‍ അന്ന്‌ പൂജകളിലൂടെയും വഴിപാടുകളിലൂടെയും ദൈവങ്ങളെയും പിതൃക്കളെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടാനാണ്‌ ശ്രമിച്ചിരുന്നത്‌ . എന്നാല്‍ , ഇന്ന്‌ സാങ്കേതിക വിദ്യ വന്‍ പുരോഗതി കൈവരിച്ചിരിക്കുന്ന കാലയളവാണ്‌. കുട്ടികള്‍ ഇല്ലാത്തവര്‍ വിധിയെ പഴിക്കേണ്ട ആവശ്യമില്ല ഇത്‌ ഒരു വെല്ലുവിളിയായി സ്വീകരിച്ച്‌ പുതിയ വഴികള്‍ കണ്ടെത്താന്‍ അവസരമുണ്ട്‌ ഇവിടെ. ഐവിഎഫ്‌ അഥവ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ സ്വീകരിക്കാവുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ്‌. ഒരു പ്രത്യേക പങ്കാളിയുടെ സഹായം ഇല്ലാതെ തന്നെ കുഞ്ഞിനെ വേണം എന്നാഗ്രഹിക്കുന്ന സ്‌തീകളും ഇപ്പോള്‍ ഐവിഎഫ്‌ മാര്‍ഗം സ്വീകരിക്കുന്നുണ്ട്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.

സ്‌ത്രീകളുടെ അണ്ഡം എടുത്ത്‌ പങ്കാളിയുടെയോ അല്ലെങ്കില്‍ ലബോറട്ടറിയില്‍ നിന്നുള്ള ദാതാവിന്റെയോ ബീജവുമായി സംയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ്‌ ഐവിഎഫ്‌. ഇത്തരത്തില്‍ ബീജസങ്കലനം നടന്ന ഭ്രൂണം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തിരിച്ച്‌ നിക്ഷേപിക്കും. ഈ ഭ്രൂണം പിന്നീട്‌ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച പൂര്‍ത്തിയാക്കും. ഐവിഎഫിന്റെ വിവിധ ഘട്ടങ്ങള്‍ എന്താണന്നും ഐവിഎഫില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ എന്താണന്നും നോക്കാം.

ഐവിഎഫ്‌ ചെയ്യാന്‍ നിങ്ങള്‍ യോഗ്യരാണോ എന്ന്‌ തീരുമാനിക്കുകയാണ്‌ ആദ്യം ചെയ്യുന്നത്‌. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക്‌ നിങ്ങള്‍ അനുയോജ്യരല്ല എങ്കില്‍ ഈ ചികിത്സ നേടാന്‍ നിങ്ങളെ അനുവദിക്കില്ല. ഗര്‍ഭധാരണത്തിനായി മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കും.

സ്വാഭാവികമായ മാര്‍ഗത്തിലൂടെ ഗര്‍ഭധരിക്കാനായി രണ്ട്‌ വര്‍ഷത്തില്‍ കൂടുതല്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ദമ്പതികള്‍. കൃത്രിമ ബീജസങ്കലനത്തിന്‌ ശ്രമിച്ച്‌ പരാജയപ്പെട്ടവര്‍. അണ്ഡവാഹിനി കുഴല്‍ ഇല്ലാത്ത അല്ലെങ്കില്‍ അണ്ഡവാഹിനി കുഴല്‍ അടഞ്ഞിരിക്കുന്ന സ്‌ത്രീകള്‍. ഇത്തരം സാഹര്യത്തില്‍ ഐവിഎഫ്‌ തീര്‍ച്ചയായും സഹായിക്കും. ഐവിഎഫ്‌ ചെയ്യുമ്പോള്‍ അണ്ഡവാഹിനി കുഴല്‍ ആവശ്യമായി വരില്ല. എന്‍ഡോമെട്രിയോസിസ്‌, പോളിസിസ്‌റ്റിക്‌ ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്‌) പോലുള്ള ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ നേരിടുന്ന സ്‌ത്രീകള്‍

അണ്ഡോത്‌പാദന ചക്രം ക്രമരഹിതമായുള്ള സ്‌ത്രീകള്‍. ഇത്തരം സാഹചര്യത്തില്‍ മരുന്നുകളിലൂടെ അണ്ഡോത്‌പാദനം ശരിയായ രീതിയില്‍ ക്രമീകരിക്കാറുണ്ട്‌. ആരോഗ്യമുള്ള അണ്ഡം ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത സ്‌ത്രീകളില്‍ ദാതാവില്‍ നിന്നുള്ള അണ്ഡം പങ്കാളിയുടെ ബീജവുമായി സംയോജിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്‌. പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ്‌ കുറവാണെങ്കില്‍

ഐവിഎഫ്‌ ചികിത്സ നടപടികള്‍ ഘട്ടം ഘട്ടമായാണ്‌ ചെയ്യുന്നത്‌ ഐവിഎഫ്‌ സൈക്കിള്‍ എന്നും ഇതറിയപ്പെടുന്നുണ്ട്‌. ആര്‍ത്തവത്തിന്റെ ആദ്യ ദിവസമാണ്‌ ഐവിഎഫ്‌ സൈക്കിള്‍ തുടങ്ങുന്നത്‌. ആര്‍ത്തവത്തിന്‌ മുമ്പായി മരുന്നുകള്‍ കുത്തി വയ്‌ക്കുന്നത്‌ ഉള്‍പ്പടെ ഗര്‍ഭധാരണത്തിനായുള്ള കാര്യങ്ങള്‍ പിന്തുടരണം.

ആര്‍ത്തവത്തിന്റെ ആദ്യ ദിവസമാണ്‌ ചികിത്സയുടെയും ആദ്യ ദിനമായി കണക്കാക്കുന്നത്‌. മരുന്നിനോട്‌ പലരുടെയും ശരീരം പ്രതികരിക്കുന്നത്‌ പല തരത്തിലായിരിക്കും. നിങ്ങളുടെ ആദ്യ ദിവസം നിര്‍ണയിക്കാന്‍ ഡോക്ടര്‍ സഹായിക്കും

ഒന്നാം ദിവസം നിങ്ങളുടെ ഉത്തേജന ഘട്ടത്തിന്റെ ആരംഭമായിട്ടാണ്‌ കണക്കാക്കുന്നത്‌. ഈ ഘട്ടത്തില്‍ , നിങ്ങളുടെ അണ്ഡാശയം ഉത്തേജിക്കപ്പെടുകയും ഫോലിക്കിളുകള്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉത്‌പാദിപ്പിക്കുകയും ചെയ്യും. മരുന്ന്‌ നല്‍കുന്നതിനാല്‍ ഇത്‌ 8 മുതല്‍ 14 ദിവസം വരെ നീണ്ട്‌ നില്‍ക്കും. സാധാരണ ആര്‍ത്തവ ചക്രത്തില്‍ നിങ്ങളുടെ ശരീരം എല്ലാ മാസവും ഒരു അണ്ഡം വീതമാണ്‌ ഉത്‌പാദിപ്പിക്കുക. ആവശ്യം അനുസരിച്ച്‌ ഓരോ വ്യക്തികള്‍ക്കും മരുന്ന്‌ നല്‍കുന്നത്‌ വ്യത്യസ്‌തമായിരിക്കും. ഓരോ ചക്രത്തിലും ഓന്നോ രണ്ടോ പ്രാവശ്യം അല്ലെങ്കില്‍ ഓരോ ദിവസവും ഓന്നോ രണ്ടോ പ്രാവശ്യം എടുക്കുന്ന ഇഞ്ചക്ഷന്‍ ആണിത്‌. എപ്പോള്‍ എങ്ങനെയാണ്‌ ഇഞ്ചക്ഷന്‍ ചെയ്യേണ്ടത്‌ എന്ന്‌ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കും. ഈ പ്രക്രിയയില്‍ നിങ്ങളുടെ പങ്കാളിയും ഉള്‍പ്പെടും. തുടര്‍ന്ന്‌ നിങ്ങളിലെ അണ്ഡത്തിന്റെ വളര്‍ച്ച ശ്രദ്ധാപൂര്‍വം നിരീക്ഷിക്കും. ഇക്കാലയളവില്‍ ചില രക്തപരിശോധനകളും അള്‍ട്രസൗണ്ട്‌ സ്‌കാനിങ്ങുകളും നടത്തും. അവസാനം നിങ്ങളില്‍ ഒരു ഉത്തേജന കുത്തിവയ്‌പ്പ്‌ നടത്തും. അണ്ഡത്തെ അണ്ഡവിക്ഷേപത്തിന്‌ തയ്യാറാക്കാന്‍ ഇത്‌ സഹായിക്കും. അണ്ഡവിക്ഷേപത്തിന്‌ മുമ്പായി അണ്ഡം പുറത്തെടുക്കും.

ഇതിനായി അരമണിക്കൂറോളം നിങ്ങളെ ബോധം കെടുത്തേണ്ടി വരും. അള്‍ട്രാസൗണ്ട്‌ ടെക്‌നോളജി ഉപയോഗിച്ച്‌ അണ്ഡാശയത്തിലേക്ക്‌ ഒരു സൂചിയിറക്കി ഫോളിക്കിളുകളില്‍ നിന്നും അണ്ഡം പുറത്തെടുക്കും. ഒരു സമയം എട്ട്‌ മുതല്‍ പതിനഞ്ച്‌ വരെ അണ്ഡങ്ങള്‍ ഇത്തരത്തില്‍ പുറത്തെടുക്കാന്‍ കഴിയും. ഈ പ്രക്രിയ കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ വേദന അനുഭവപ്പെടില്ല , ഹോസ്‌പിറ്റലില്‍ നിന്നും സ്വയം നടന്നു പോകാം. വീട്ടില്‍ പോകുന്നതിന്‌ മുമ്പ്‌ അരമണിക്കൂര്‍ വിശ്രമിക്കണം. സഹായത്തിന്‌ ഒരാളെ ഒപ്പം കൊണ്ടുവരുന്നത്‌ നല്ലതായിരിക്കും.

നിങ്ങളില്‍ നിന്നും അണ്ഡം എടുക്കുന്ന അതേ ദിവസം രാവിലെ നിങ്ങളുടെ പങ്കാളിയുടെ ബീജം ഹോസ്‌പിറ്റലിന്‌ കൈമാറണം. ദാതാവില്‍ നിന്നുള്ള ബീജമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ , ശീതീകരിച്ച ബീജം അവരുടെ കൈവശം ഉണ്ടാകും. ബീജത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ പലതരത്തില്‍ വേര്‍തിരിക്കും. ഒരു പ്രത്യേക മിശ്രിതം ഉപയോഗിച്ച്‌ ബീജം വൃത്തിയാക്കി എടുക്കും. ഇത്‌ ബീജത്തിന്റെ വേഗത കുറയ്‌ക്കും .ഇങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യമുള്ള ബീജം കണ്ടെത്താന്‍ ഡോക്ടര്‍ക്ക്‌ എളുപ്പമാകും. അതിന്‌ ശേഷം അണ്ഡവുമായി സംയോജിപ്പിക്കുന്നതിനായി ബീജം തയ്യാറാക്കി വയ്‌ക്കും.

Related posts