Nammude Arogyam
Maternity

പ്രസവവേദനയും അല്ലാത്ത വേദനയും എങ്ങനെ തിരിച്ചറിയാം

പ്രസവം അടുക്കുമ്പോള്‍ ശരീരത്തിന് ഉണ്ടാകുന്ന ഏത് വേദനയും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും ആദ്യമായി ഗര്‍ഭിണിയാകുന്നവര്‍. പ്രസവവേദനയും അല്ലാത്ത വേദനയും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. ഗര്‍ഭകാലത്ത് ശരീരത്തിന് പല വിധത്തിലെ വേദനകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതാണ് പലപ്പോഴും പ്രസവവേദനയായി തെറ്റിദ്ധരിയ്ക്കപ്പെടുന്നത്. ഫോള്‍സ് പ്രസവ വേദനയും അല്ലാത്ത വേദനയും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണെന്ന് നോക്കാം.

ആര്‍ത്തവ ദിവസം മുതല്‍ 280 ദിവസത്തെ കണക്കെടുത്തിട്ടാണ് പ്രസവ തിയതി കണക്കാക്കുന്നത്. യൂട്രസിലെ മാംസമപേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെയാണ് പ്രസവം നടക്കുന്നത്. ഈ ചുരുങ്ങലും വികസിക്കലുമാണ് പ്രസവ വേദനയുണ്ടാക്കുന്നത്. പലര്‍ക്കും ഏഴാം മാസം മുതല്‍ നടുവിനോ വയറിനോ ഒക്കെ വേദന വരും. ഇത് പ്രസവ വേദന എന്നു കരുതി പലരും പല വട്ടം ആശുപത്രയിലേക്ക് ഓടുകയും ചെയ്യും.

ഫോള്‍സ് ലേബര്‍ പെയിന്‍ എന്നതാണ് ഇത്. അതായത് ബ്രക്‌സണ്‍‌ കണ്‍ട്രാക്ഷന്‍ എന്നും പറയും. ചിലര്‍ക്ക് 7-ാം മാസം മുതല്‍ ഇതുണ്ടാകും. മറ്റു ചിലർക്കാകട്ടെ നാലുമാസം മുതലേ ഉണ്ടാകും. ഇതിനുള്ള സാധ്യത ഗര്‍ഭകാലത്തുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ ആണ്. അതായത് വെള്ളം കുറയുമ്പോള്‍, കുഞ്ഞ് നല്ലപോലെ അനങ്ങളുമ്പോള്‍, ഭര്‍ത്താവുമായി ബന്ധപ്പെട്ട ശേഷം, മൂത്രസഞ്ചി നിറഞ്ഞ സമയം, വ്യായാമ ശേഷം എല്ലാം ഇത്തരത്തിൽ വേദന ഉണ്ടാകാം. ഇതു പോലെ സ്‌ട്രെസ് ഉണ്ടായാലും ഈ പ്രശ്‌നമുണ്ടാകും.

വേദന വരുമ്പോൾ വയറിന് ഒരു മുറുക്കം തോന്നാം. എന്നാൽ പുറംഭാഗത്ത് വേദനയുണ്ടാകില്ല. ഇത് ഫോള്‍സ് വേദനയാണ്. ഇതിന് പ്രത്യേകിച്ചൊരു പാറ്റണ്‍ ഇല്ല. ജോലി ചെയ്യുമ്പോള്‍ ഇത്തരം വേദനയുണ്ടായാല്‍ വിശ്രമിച്ചാല്‍ ഈ വേദന കുറയും. പിന്നെ ഇല്ലാതാകും. ഇത്തരം വേദന ഏഴാം മാസമാണ് തുടങ്ങുക. ഇത് എത്ര നേരം എന്നത് പ്രധാനമാണ്. 30 സെക്കന്റില്‍ താഴെ മാത്രമേ ഫോള്‍സ് പെയിന്‍ നീണ്ടു നില്‍ക്കുകയുള്ളു.

എന്നാല്‍ യഥാര്‍ത്ഥ പ്രസവ വേദന 37-38 ആഴ്ചകളില്‍ ഉണ്ടാകും. പ്രസവവേദന കൃത്യമായ ഇടവേളയില്‍ വരുന്നു. ഇത് കൂടി വരും. എന്നാല്‍ ഫോള്‍സ് പെയിന്‍ സമയം ചെല്ലുമ്പോള്‍ കുറയും. സാധാരണ പ്രസവവേദന എങ്കില്‍ 60 സെക്കന്റ് വരെ നീണ്ടു നില്‍ക്കാം. ഇതു പോലെ പൊസിഷന്‍ മാറുമ്പോള്‍ കണ്‍ട്രാക്ഷന്‍ കുറയില്ല. അതാണ് പ്രസവമടുത്തവരോട് അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ പറയുന്നത്.

ഫോള്‍സ് വേദനയ്ക്ക് വയറാകെ മുറുകി വലിയുന്നത് സാധാരണയാണ്. പുറകില്‍ വേദനയുണ്ടാകില്ല. എന്നാല്‍ പ്രസവ വേദനയ്ക്ക് നടുവേദനയുണ്ടാകും. ഇത് ശരിയ്ക്കും വേദനയുണ്ടാകും. പുറകില്‍ നിന്നും മുന്നോട്ടാണ് വേദനയുണ്ടാകുക. വേദന ഇടുപ്പിലും മറ്റും ഉണ്ടാകും. കൂടാതെ മ്യൂകസ് പുറത്തേയ്ക്ക് വരും. അതായത് വജൈനല്‍ ഡിസ്ചാര്‍ജ്. ഇത് കഫം പോലെ ബ്ലഡ് സഹിതമാകും. ഫോള്‍സ് പെയിനില്‍ ഇത്തരം ഡിസ്ചാര്‍ജ് ഉണ്ടാകില്ല. പ്രസവം നടക്കാന്‍ സമയമായെങ്കില്‍ ഉള്‍പരിശോധനയിലൂടെ ഇത് കണ്ടെത്താല്‍ സാധിയ്ക്കും. ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക.

ഗർഭിണികൾക്ക് ചെറിയ വേദന വരുമ്പോഴേക്കും ഹോസ്പിറ്റലിലേക്ക് ഓടിപ്പോകാതെ, ഏതു തരത്തിലുള്ള വേദനയാണെന്ന് നോക്കിയ ശേഷം വൈദ്യസഹായം ഉറപ്പാക്കുന്നതാണ് നല്ലത്.

Related posts