Nammude Arogyam
Cancer

തലച്ചോറിലുണ്ടാകുന്ന മുഴകൾ നിസ്സാരമായി കാണരുത്.. Tumors of the brain should not be taken lightly…

രോഗം നേരത്തെ തിരിച്ചറിയാനും ഉചിതമായി ചികിത്സ ലഭ്യമാക്കാനുമുള്ള അവബോധം സൃഷ്ടിക്കാനാണ് എല്ലാ വർഷവും ജൂൺ എട്ടിന് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. ജർമ്മൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമർ നിസ്സാരമായി പരിഗണിക്കേണ്ട ഒന്നല്ല, പലപ്പോഴും സാധാരണ തലവേദന എന്ന തെറ്റിദ്ധാരണ മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും രോഗം ബാധിച്ചയാളുടെ നില ഗുരുതരമാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തിരിച്ചറിയാൻ വൈകുന്നത് ചികിത്സ ഫലപ്രദമായ രീതിയിൽ ലഭിക്കുന്നതിന് വലിയ വിലങ്ങു തടിയാകാറുമുണ്ട്.

തലച്ചോറിനുള്ളിലെ ന്യൂറൽ സംവിധാനത്തിൽ നിന്നാണ് ബ്രെയിൻ ട്യൂമറുകൾ ഉണ്ടാകുന്നത്. ശ്വാസകോശം, സ്തനങ്ങൾ, വൃക്ക അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ പോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളിൽ ബാധിക്കുന്ന ക്യാൻസറുകളുമായും ഇതിന് ബന്ധമുണ്ടാകും.

ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങൾ

തലവേദന, മാനസിക നിലയിലെ പെട്ടെന്നുള്ള മാറ്റം , ഓക്കാനം, ഛർദ്ദി, ബലഹീനത, അസ്വസ്ഥത, കാഴ്ച പ്രശ്നങ്ങൾ, സംസാരക്കുറവ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ചില ആളുകളിൽ കൈകാലുകളുടെ ബലഹീനത, മരവിപ്പ് എന്നിവയും കടുത്ത തലവേദനയും ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളായി പരിഗണിക്കാവുന്നതാണ്.

ബ്രെയിൻ ട്യൂമറിന്റെ ചികിത്സ, ഫലം കാണണമെങ്കിൽ ശാസ്ത്രീയമായ രീതിയിൽ തന്നെ ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ന്യൂറോ സർജനോ ന്യൂറോ ഫിസിഷ്യനോ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി ചികിത്സ നിർണയിക്കാൻ കഴിയും

രോഗനിർണയം

നേരത്തെയുള്ള രോഗനിർണയം രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു. സി.ടി സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ പോലുള്ള ഇമേജിംഗ് രീതികളാണ് രോഗനിർണയത്തെ സഹായിക്കുന്നത്. ബ്രെയിൻ ട്യൂമർ ചികിത്സയിൽ പരമാവധി സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളും സ്വീകരിക്കാറുണ്ട്. മാരകമായ ട്യൂമറുകൾ കണ്ടെത്തുന്ന ചില സന്ദർഭങ്ങളിൽ, റേഡിയോ തെറാപ്പി, ഓറൽ കീമോതെറാപ്പി എന്നിവയും നടത്തുന്നു.

ഇതുവരെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത് ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുകയും പൂർണ്ണമായി സുഖപ്പെടുത്തുകയും ചെയ്യാം എന്നാണ്. മാരകമായ ട്യൂമറുകളുടെ പല കേസുകളിലും, കൃത്യമായ ശസ്ത്രക്രിയയിലൂടെയും മറ്റ് പരിചരണ രീതികളിലൂടെയും ദീർഘകാല നിലനിൽപ്പ് സാധ്യമാണ്. രോഗിയുടെ പ്രായം, ട്യൂമർ തരം, അത് ദോഷകരമോ മാരകമോ എന്നിവയെ ആശ്രയിച്ചിരിക്കും ഫലവും അതിജീവനവും. മോളിക്യുലാർ മാർക്കറുകളെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ തലച്ചോറിലും നട്ടെല്ല് മുഴകളിലും പുതിയ ചികിത്സാ രീതികൾ തുറന്നു. ട്യൂമറിന്റെ മോളിക്യുലർ സ്റ്റേജിംഗ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ ബ്രെയിൻ ട്യൂമറുകൾ ചികിത്സിക്കുന്നത്. സ്റ്റീരിയോടാക്സി, ന്യൂറൽ മോണിറ്ററിംഗ്, ബ്രെയിൻ മാപ്പിംഗ് എന്നിവ ഉപയോഗിച്ച് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കൂടുതൽ സുരക്ഷിതമായ രീതിയിൽ ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. ശസ്ത്രക്രിയകളില്ലാതെ ബ്രെയിൻ ട്യൂമറുകൾ കൈകാര്യം ചെയ്യാൻ സ്റ്റീരിയോടാക്റ്റിക് റേഡിയോസർജറി ചില കേസുകളിൽ ഉപയോഗിക്കാം.

ബ്രെയിൻ ട്യൂമറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ ബോധവത്കരിക്കുന്നതിനുമായി ലോകമെമ്പാടും ജൂൺ 8 ലോക ബ്രെയിൻ ട്യൂമർ ദിനമായി കണക്കാക്കുന്നു. ജനങ്ങളിൽ ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ധാരാളം മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്, അതുകൊണ്ട് തന്നെ ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

Related posts