ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തിൽ 42.5 കോടി ആളുകൾ പ്രമേഹ രോഗികളാണ്. 2045 ഓടെ ഈ എണ്ണം 62.9 കോടിയായി ഉയരുമെന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. ഇത് തികച്ചും ആശങ്കാജനകമാണ്. മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. എന്നാൽ ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും, മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും ഈ അവസ്ഥയെ നിയന്ത്രിക്കാൻ കഴിയും. കാരണം ജീവിതശൈലിയിൽ കൊണ്ട് വരുന്ന മാറ്റം പ്രമേഹത്തെ മാറ്റിമറിക്കുന്നു എന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.
ചർമ്മം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും പ്രമേഹം ബാധിക്കും. അത് നമ്മുടെ ശരീരത്തിൽ പല വിധ മാറ്റങ്ങളും വരുത്തും. അത്തരത്തിൽ പ്രമേഹം ഉള്ളവർക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1.ചർമ്മത്തിൽ മഞ്ഞ, ചുവപ്പ് അല്ലെങ്കിൽ തവിട്ട് പാടുകൾ
ചർമ്മത്തിന്റെ അവസ്ഥയെ നെക്രോബയോസിസ് ലിപ്പോയിഡിക്ക എന്ന് വിളിക്കുന്നു, ഇത് മുഖക്കുരു പോലെ കാണപ്പെടുന്ന ഒരു സോളിഡ് ബമ്പായി ആരംഭിക്കുന്നു. ഇത് പിന്നീട് നമ്മുടെ ശരീരത്തിൽ കഠിനവും വീർത്തതുമായ പാടുകൾ ഉണ്ടാക്കുന്നു. ഇവ ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ തവിട്ട് നിറമായിരിക്കും. കൂടാതെ പാടിന് ചുറ്റുമുള്ള ചർമ്മം തിളക്കമുള്ളതായി കാണപ്പെടുന്നു, ഇത്തരം പാടുകൾ നന്നായി ചൊറിയുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
2.വെൽവെറ്റ് പോലെ തോന്നിക്കുന്ന ഇരുണ്ട ചർമ്മ പാടുകൾ
കഴുത്തിലോ, കക്ഷത്തിലോ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഇരുണ്ട ചർമ്മ പാടുകൾ കണ്ടാൽ, ആ പാടുകൾ നമ്മുടെ രക്തത്തിൽ ധാരാളം ഇൻസുലിൻ ഉണ്ടെന്ന് സൂചിപ്പിക്കുന്നു. പ്രീ ഡയബറ്റിസിന്റെ ലക്ഷണമാണ് ഈ പാടുകൾ. ഈ അവസ്ഥയുടെ മെഡിക്കൽ പേര് അകാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ്.
3.ബ്ലസ്റ്ററുകൾ
ഇത് വളരെ സാധാരണമല്ലെങ്കിലും, ചില സന്ദർഭങ്ങളിൽ, പ്രമേഹ രോഗികൾക്ക് ചർമ്മത്തിൽ പൊള്ളൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഇവ സാധാരണയായി കൈ, കാലുകൾ, കൈത്തണ്ട എന്നിവയിൽ പ്രത്യക്ഷപ്പെടുകയും ഗുരുതരമായ പൊള്ളലിന് ശേഷം പ്രത്യക്ഷപ്പെടുന്ന ബ്ലസ്റ്ററുകൾ പോലെ കാണപ്പെടുകയും ചെയ്യുന്നു. ഇവ വേദനാജനകമല്ല.
4.വളരെയധികം വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മം
പ്രമേഹ രോഗികൾക്ക് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം മൂലമുണ്ടാകുന്ന രക്തചംക്രമണമാണ് ഇതിന് കാരണം.
5.കണ്പോളകളിൽ മഞ്ഞനിറത്തിലുള്ള പാടുകൾ
രക്തത്തിലെ ഉയർന്ന കൊഴുപ്പ് അളവ് കണ്ണുകളിൽ മഞ്ഞനിറമുള്ള പാടുകൾക്ക് കാരണമാകും. കൂടാതെ അനിയന്ത്രിതമായ പ്രമേഹമുണ്ടെന്നതിന്റെ സൂചന കൂടിയാണിത്. ഈ അവസ്ഥയെ സാന്തെലാസ്മ എന്ന് വിളിക്കുന്നു.
മുകളിൽപ്പറഞ്ഞ എന്തെങ്കിലും മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടായാൽ വൈദ്യസഹായം തേടി, ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണ്ട ചികിത്സ കൈ കൊള്ളേണ്ടതാണ്.