Nammude Arogyam
Lifestyle

ഒരാൾക്ക് എത്രത്തോളം വ്യായാമം ആവശ്യമാണ് ?

വ്യായാമ ശീലം ഒരാൾക്ക് നൽകുന്ന ഗുണങ്ങൾ എണ്ണിയാലൊടുങ്ങുന്നതല്ല. ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ തുടങ്ങി ഒരാളുടെ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിന് വരെ വ്യായാമം സഹായിക്കുന്നു. ആരോഗ്യകരമായി തുടരാനും കാണാനഴകുള്ള ശരീരാകൃതി നേടിയെടുക്കാനും നല്ല വ്യായാമ ശീലം ആവശ്യമാണ്. ഓരോരുത്തരുടെയും ജീവിതശൈലിയോടനുബന്ധിച്ച് ഇഷ്ടാനുസരണം അനുയോജ്യമായ വ്യായാമ രീതികൾ തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ പേരും. യോഗ, നൃത്തം, നീന്തൽ, ജോഗിംഗ്, സൈക്ലിംഗ്, തുടങ്ങിയവയൊക്കെ ഇത്തരത്തിൽ ശാരീരികാരോഗ്യത്തെ സ്വാധീനിക്കുന്ന മികച്ച വ്യായാമ രീതികളാണ്.

വ്യായാമം ചെയ്യുന്ന കാര്യത്തിൽ ചിലർക്ക് നിയന്ത്രണമൊന്നുമില്ല. ഇഷ്ടാനുസരണം ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം ചിലർ ഇതിനായി മാറ്റിവയ്ക്കുന്നു. വ്യായാമ ശീലം നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഇത് അമിതമായി മാറിയാൽ ശരീരത്തിൽ വിപരീതഫലമായിരിക്കും ഉണ്ടാക്കുക എന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. അധികമായാൽ അമൃതും വിഷം എന്ന് പറയുന്ന തത്വം വ്യായാമത്തിൻ്റെ കാര്യത്തിലും ബാധകമാണ്.

​ഒരാൾക്ക് എത്രത്തോളം വ്യായാമം ആവശ്യമാണ് ?

ഓരോരുത്തരുടെയും വ്യായാമ ആവശ്യകതകൾ നിർണയിക്കപ്പെടുന്നത് അവരുടെ ശരീരഘടന, പ്രായം, മൊത്തത്തിലുള്ള ആരോഗ്യ നില എന്നിവയടക്കമുള്ള ഘടകങ്ങളെ ആശ്രയിച്ചാണ്. എങ്കിലും താരതമ്യേന ഒരു സാധാരണ വ്യക്തിയുടെ ആരോഗ്യനിലയ്ക്ക് അനുസരിച്ച് ഓരോ ആഴ്ചയും 150 മുതൽ 300 മിനിറ്റ് വരെ മിതമായ വ്യായാമ പ്രവർത്തനങ്ങളോ അല്ലെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ തീവ്രവും കഠിനവുമായ വ്യായാമം പ്രവർത്തനങ്ങളോ ആവശ്യമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പേശികളെ ബലപ്പെടുത്തുന്ന വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതും ഒരുപോലെ നിർണായകമാണ്.

​വ്യായാമം അമിതമാകുന്നത് എപ്പോഴാണ്?

ഓരോ വ്യക്തിയുടെയും ശാരീരികസ്ഥിതിയും ആവശ്യകതകളും അനുസരിച്ച് ഇതിന് വ്യത്യസ്ത പരിധികൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന്, അത്ലറ്റുകളുടെ കാര്യമെടുത്താൽ പരിശീലന നടപടികൾ അവരുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായതിനാൽ ദിവസത്തിൽ മണിക്കൂറുകളോളം വ്യായാമം ചെയ്യേണ്ടിവരും. ഇതുപോലെ തന്നെ ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നവരാണെങ്കിൽ മിതമായ രീതിയിൽ മാത്രമാവും വ്യായാമ നിർദ്ദേശങ്ങൾ നൽകുക. എല്ലാവരുടെയും കാര്യത്തിൽ ഇത് ഒരുപോലെയാവണം എന്നില്ല. ശ്രദ്ധയോടെ നിരീക്ഷിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യകതകളെ നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. ശരീരത്തിൻ്റെ ആവശ്യകതകളെ കുത്യമായി തിരിച്ചറിഞ്ഞു കൊണ്ടാവണം നല്ല വ്യായാമ ശീലത്തിലേക്ക് ചുവട് വയ്ക്കേണ്ടത്. അത് മറന്ന് ശരീരത്തിന് ആവശ്യമായതിനേക്കാളേറേ മണിക്കൂറുകൾ ജിമ്മിൽ പോയി വർക്കൗട്ടുകൾ ചെയ്യുന്നത് ചിലപ്പോൾ യാതൊരു രീതിയിലും ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല ഇത് മറ്റ് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

അമിത വ്യായാമ ശീലം നമ്മുടെ ആരോഗ്യസ്ഥിതിയിൽ വരുത്തിവയ്ക്കുന്ന ചില അനാരോഗ്യ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്.

​1.പേശികളിലെ വേദന-വ്യായാമം ചെയ്യുമ്പോൾ സ്വാഭാവികമായും പേശികളിൽ ലഘുവായ വേദനകൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഈ വേദനകൾ കുറച്ചു സമയത്തിനുള്ളിൽ തന്നെ അപ്രത്യക്ഷമാവുന്നതാണ്. വ്യായാമ ശേഷം ദീർഘ നേരത്തേക്ക് അസഹനീയമായ വേദന അതേ തീവ്രതയോടെ ഉണ്ടാകുന്നുണ്ടെങ്കിൽ അതൊരുപക്ഷേ അമിത വ്യായാമത്തിതിൻ്റെ പാർശ്വഫലങ്ങൾ ആയിരിക്കാം. അധിക വ്യായാമത്തിൻ്റെ പ്രതികരണങ്ങളിൽ ഒന്നായ പേശിവേദനകളെ അവഗണിച്ചാൽ ഇത് ദീർഘകാലത്തിൽ കുറഞ്ഞ പേശീബലം, ദുർബലമായ അസ്ഥികൾ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.

2.ക്ഷീണം-അമിത വ്യായാമം ഒരാളുടെ ഊർജ്ജ നിലയിൽ അസന്തുലിതാവസ്ഥകൾ സൃഷ്ടിച്ചുകൊണ്ട് കഠിനമായ ക്ഷീണം ഉണ്ടാക്കുന്നതിന് കാരണമാകും. ക്ഷീണം മൂലം സാധാരണ ചെയ്യുന്ന ജോലികള്‍ പൂർത്തികരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അധിക വ്യായാമമാണ് അതിന് കാരണം

​3.മാനസികാരോഗ്യവും ഉറക്കവും-അധിക വ്യായാമം ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടിയാണ് ബാധിക്കുന്നത്. മോശം മാനസികാവസ്ഥ സമ്മർദ്ദ ലക്ഷണങ്ങളുടെ തോത് വർദ്ധിപ്പിക്കുകയും ഒരാൾക്ക് കൂടുതൽ ഉൽക്കണ്ഠകളും മറ്റും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ മോശം ഉറക്ക നിലവാരത്തിലേക്കും അല്ലെങ്കിൽ ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളിലേക്കുമൊക്കെ നയിച്ചേക്കും. ഒരാളിൽ ഇന്‍സോമ്‌നിയ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ അമിത വ്യായാമം ഒരു പ്രഥമ കാരണമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

​4.ഭക്ഷണ ക്രമക്കേടുകൾ സൃഷ്ടിക്കുന്നു-അമിത വ്യായാമ ശീലം ഒരാളിൽ വിശപ്പു കുറയ്ക്കുകയും മറ്റ് ഭക്ഷണ ക്രമക്കേടുകൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട് എന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അനോറെക്സിയ, ബുളിമിയ തുടങ്ങിയ ഭക്ഷണ ക്രമക്കേടുകൾ ഉണ്ടാവുന്നതിലേക്ക് ഇത് നയിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിത വ്യായാമം മൂലം ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിൽ അമിത ഭക്ഷണ ആസക്തികളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു.

ഇതുകൂടാതെ അധിക വ്യായാമ ശീലം ശരീരത്തിൻ്റെ നിർജലീകരണത്തിനും ഹൃദയതാളത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാവും. അതിനാൽ തന്നെ എന്തും അമിതമാകരുത് എന്നുള്ള പൊതു തത്വം ഇവിടെയും ഓർമിക്കുക. വ്യായാമത്തിനാണെങ്കിൽ പോലും ഒരു പരിധിയിലധികം സമയം ചെലവഴിക്കേണ്ട കാര്യമില്ല. മിതമായതും ശരീരത്തിലെ ആവശ്യകതകളെ നിറവേറ്റുന്നതുമായ വ്യായാമ ശീലം പിന്തുടർന്നാൽ തന്നെ നല്ല ആരോഗ്യമുള്ള ജീവിതശൈലി സ്വന്തമാക്കാനാവും.

Related posts