Nammude Arogyam
Covid-19

അടച്ചിട്ട അന്തരീക്ഷത്തില്‍ കൊറോണ വൈറസിനെ എങ്ങനെ നേരിടാം

ആഗോളതലത്തില്‍ കോവിഡ് രണ്ടാംതരംഗം അലയടിക്കുന്നതിനിടെ അണുബാധകളും മരണങ്ങളും കുത്തനെ ഉയര്‍ന്നു. ഈ ഘട്ടത്തില്‍, കോവിഡ് വൈറസ് പകരുന്ന രീതി മനസിലാക്കുകയും രോഗത്തിന്റെ വ്യാപനം കുറയ്ക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നേരത്തെ, വൈറസ് പകരാനുള്ള പ്രാഥമിക മാര്‍ഗം ശ്വസന സ്രവങ്ങളിലൂടെയും രോഗബാധിതരായ ആളുകളുമായോ ഉപരിതലങ്ങളുമായോ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമായിരുന്നു. എന്നിരുന്നാലും, വൈറസ്ബാധാ കേസുകളുടെ സമീപകാലത്തെ വളര്‍ച്ച അല്‍പം കഠിനമാണ്. അതിനാല്‍, വായുവിലൂടെ സഞ്ചരിക്കുന്ന ശ്വസന കണങ്ങള്‍ ശ്വസിക്കുന്നത് ഉള്‍പ്പെടുന്ന മറ്റൊരു പകര്‍ച്ചാ സാധ്യതയെക്കുറിച്ച് ഗവേഷകര്‍ ചിന്തിക്കുന്നു.

അണുബാധ പടരാതിരിക്കാന്‍ പ്രതിരോധവും നിയന്ത്രണ നടപടികളും ആവശ്യമാണ്. രോഗം ബാധിച്ച വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന എയറോസോള്‍ വഴി വൈറസ് വായുവിലൂടെ പകരുന്നതിനെക്കുറിച്ചുള്ള കണ്ടെത്തല്‍ നിര്‍ണായകമാണ്. രോഗി ശ്വാസം എടുക്കുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍, എയറോസോള്‍ വഴി പുറത്തെത്തുന്ന വൈറസ് വായുവില്‍ തുടരുന്നു.

കോവിഡ് അണുബാധ ശ്വസനവ്യവസ്ഥയെ സാരമായി ബാധിച്ച് കഠിനമായ രോഗത്തിനും ചിലപ്പോള്‍ മരണത്തിനും ഇടയാക്കുന്നു. ചില ആളുകള്‍ രോഗബാധിതരായ ശേഷം ലക്ഷണമില്ലാതെ തന്നെ തുടരാം. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) റിപ്പോര്‍ട്ട് ചെയ്ത, കോവിഡ് പകരുന്ന വഴികള്‍ ഇനിപ്പറയുന്നവയാണ്.

വായുവിലൂടെയുള്ള പകര്‍ച്ച

രോഗബാധയുള്ള വ്യക്തിയുടെ ശ്വസന കണങ്ങളായ എയറോസോളിന്റെ രൂപത്തില്‍ കോവിഡ് വൈറസ് വായുവിലൂടെ പടരുന്നു. ഈ കണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികളെ വൈറസ് ബാധിക്കുന്നു. ഈ കണികകള്‍ 5µm വ്യാസമുള്ള ചെറിയ കണികകളാണ്. ഇവയക്ക് ദീര്‍ഘനേരം വായുവില്‍ തുടരാനും 1 മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താനും കഴിയും.

സ്രവങ്ങളിലൂടെ

ഒരു വ്യക്തിക്ക് കോവിഡ് വൈറസ് ബാധിച്ചാല്‍, അവരുടെ ഉമിനീര്‍, മറ്റ് ശ്വസന സ്രവങ്ങള്‍ അല്ലെങ്കില്‍ ചുമ, തുമ്മല്‍, സംസാരം എന്നിവയിലൂടെ സ്രവം പുറത്തെത്തുന്നു. ആരോഗ്യവാനായ ഒരാള്‍ക്ക് പോലും രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഇത്തരം ഘട്ടങ്ങളില്‍ വൈറസ് പിടിപെടാം. അവരുടെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയില്‍ വൈറസ് എത്തിച്ചേരുകയും അതുവഴി അണുബാധ പടരുകയും ചെയ്യും. രോഗം ബാധിച്ച വ്യക്തിയുടെ 1 മീറ്ററിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഒരു വ്യക്തിക്ക് സ്രവങ്ങളിലൂടെ വൈറസ് ബാധയേല്‍ക്കാം.

സമ്പര്‍ക്കം

ശ്വസന സ്രവങ്ങളോ തുള്ളികളോ വസ്തുക്കളില്‍ പതിക്കുകയും അവയെ മലിനമാക്കുകയും ചെയ്യും. ആരോഗ്യവാനായ ഒരാള്‍ ഈ ഉപരിതലത്തില്‍ സ്പര്‍ശിക്കുകയും തുടര്‍ന്ന് അവരുടെ വായിലോ അല്ലെങ്കില്‍ മൂക്കിലോ സ്പര്‍ശിക്കുകയും ചെയ്താല്‍, അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. ആശുപത്രികളിലോ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിലോ ഇത്തരം വ്യാപനം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മേശയുടെ ഉപരിതലം, ഡോര്‍ക്‌നോബുകള്‍, സ്റ്റെതസ്‌കോപ്പുകള്‍ മുതലായവയില്‍ ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതര്‍ സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ 5µm ല്‍ താഴെ വലിപ്പമുള്ള എയറോസോളുകള്‍ വായുവില്‍ പടര്‍ന്ന് മറ്റൊരാള്‍ക്ക് രോഗം നല്‍കാന്‍ സാധിക്കും. ആരോഗ്യമുള്ള ആളുകള്‍ ഉയര്‍ന്ന വൈറല്‍ ലോഡുള്ള എയറോസോള്‍ കണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെങ്കില്‍ അവരും രോഗബാധിതരാകാം. ഈ കണങ്ങള്‍ ദീര്‍ഘനേരം വായുവില്‍ തങ്ങിനില്‍ക്കുന്നവയാണ്. എന്നാല്‍, കോവിഡ് ബാധിച്ച വ്യക്തിയുടെ വളരെ അടുത്തുനിന്ന് ഇടപഴകുന്നതിലൂടെയേ ഇത് പ്രശ്‌നം സൃഷ്ടിക്കുകയുള്ളൂ.

വായുവില്‍ അടങ്ങിയിരിക്കുന്ന സബ് മൈക്രോണ്‍ വലുപ്പത്തിലുള്ള എയറോസോള്‍ ഡ്രോപ്പുകള്‍ വഴി കോവിഡിന്റെ ഇന്‍ഡോര്‍ വ്യാപനം വര്‍ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. വീട്ടിനുള്ളില്‍ വ്യാപനതോത് വര്‍ധിക്കാന്‍ കാരണമാകുന്നതാണ് ഇത്. ഡേകെയര്‍ സെന്ററുകള്‍, സര്‍വ്വകലാശാലകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍ അല്ലെങ്കില്‍ ആശുപത്രികള്‍ എന്നിവ പോലുള്ള അടച്ചിട്ട അന്തരീക്ഷത്തില്‍ ഈ രീതിയിലുള്ള വൈറസ് വ്യാപനം നടക്കുന്നു. അത്തരം ഇടങ്ങളില്‍ ആളുകള്‍ പരസ്പരം അടുത്ത ബന്ധം പുലര്‍ത്തുന്നു. മറുവശത്ത്, പുറത്തെ അന്തരീക്ഷത്തില്‍ വൈറസ് വായുവിലും മലിനജലങ്ങളിലും വ്യാപിച്ച് അണുബാധ പകരാന്‍ കാരണമാകുന്നു. ഏതെങ്കിലും ഉപരിതലങ്ങളില്‍ വൈറസ് മണിക്കൂറുകളും ദിവസങ്ങളും നിലനില്‍ക്കും. രണ്ട് പരിതസ്ഥിതികളും കോവിഡ് വ്യാപനത്തിന് കാരണമാകുമെങ്കിലും പരിമിതമായ സ്ഥലത്ത് തിരക്ക് കൂടുന്നതും വായുസഞ്ചാരം മോശമാകുന്നതും കാരണം അടച്ചിട്ട അന്തരീക്ഷത്തില്‍ വൈറസ് കൂടുതല്‍ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.

ചില ഘടകങ്ങള്‍ കോവിഡ് അണുബാധയുടെ ഇന്‍ഡോര്‍ വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

1.മോശം വെന്റിലേഷന്‍.

2.ആശുപത്രികളിലോ, കെട്ടിടങ്ങളിലോ, റെസ്റ്റോറന്റുകളിലോ ഉള്ള തെറ്റായ വായു ശുദ്ധീകരണ യൂണിറ്റുകള്‍.

3.എയര്‍കണ്ടീഷണറുകളുടെ തെറ്റായ ക്രമീകരണം.

4.തിരക്ക്, ശരിയായ സാമൂഹ്യ അകലം പാലിക്കാത്തത്.

5.ജോലിസ്ഥലങ്ങളിലെ വസ്തുക്കളില്‍ വൈറസ് ബാധിക്കുന്നതിനാല്‍

വീട്ടിലെ അടച്ചിട്ട അന്തരീക്ഷത്തിലെ വൈറസ് വ്യാപനം കുറയ്ക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

1.രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്തുക. ഏതെങ്കിലും അംഗം രോഗബാധിതനാണെങ്കില്‍ കുടുംബത്തിലെ ഓരോ അംഗവും വീട്ടില്‍ പോലും മാസ്‌ക് ധരിക്കണം.

2.അടഞ്ഞതും മോശം വായുസഞ്ചാരമുള്ളതുമായ മുറികളില്‍ താമസിക്കുന്നത് ഒഴിവാക്കുക. മതിയായ വായുസഞ്ചാരത്തിനായി വാതിലുകളും ജനലുകളും തുറന്നിടുക.

3.എയര്‍കണ്ടീഷണറുകളുടെ ഉപയോഗം ഒഴിവാക്കുക. ഇതിന്റെ ഫില്‍ട്ടറുകള്‍ വൈറസ് പകരാന്‍ കാരണമാകും. സാധ്യമാകുന്നിടത്തെല്ലാം പ്രകൃതിദത്ത വെന്റിലേഷന്‍ ഉപയോഗിക്കുക.

4.ഇടയ്ക്കിടെ വീട്ടിലെ വസ്തുക്കള്‍ അണുവിമുക്തമാക്കുന്നതിന് എയര്‍ ക്ലീനിംഗ്, അണുവിമുക്ത ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുക.

5.ഒരു മുറിയില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കുക.

അടച്ചിട്ട അന്തരീക്ഷത്തില്‍ കര്‍ശനമായി കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയാണെങ്കില്‍, കൊറോണ വൈറസ് വ്യാപനം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. വായു നിയന്ത്രണത്തിനും വെന്റിലേഷന്‍ നടപടികള്‍ക്കും പുറമേ, ആളുകള്‍ ആവശ്യമായ ശുചിത്വ മര്യാദകളും പാലിക്കണം. ശരിയായ ശാരീരിക അകലം പാലിക്കല്‍, വ്യക്തിഗത ശുചിത്വം, മാസ്‌കുകളുടെ ഉപയോഗം എന്നിവയും നിര്‍ബന്ധമാണ്.

Related posts