Nammude Arogyam
Healthy Foods

കേമനാര്:ആട്ടയോ,മൈദയോ?

ആട്ടയാണോ മൈദയാണോ ഏറ്റവും ആരോഗ്യപ്രദം എന്നത് അറിയുന്നത് പോയിട്ട്, ഇവ തമ്മിൽ എങ്ങനെ വേർതിരിച്ച് അറിയാമെന്നു പോലും ഇന്നത്തെ യുവതലമുറയിലെ പലർക്കും അറിയില്ല. അതിന് പോലും മിക്കപ്പോഴും അമ്മയുടെ സഹായം വേണ്ടിവന്നേക്കാം.

ആട്ടയും മൈദയും ഗോതമ്പ് ധാന്യങ്ങളിൽ നിന്നാണ് നിർമ്മിക്കുന്നത് എന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. മുഴുവൻ ഗോതമ്പ് ധാന്യങ്ങളിൽ നിന്നും നിർമ്മിച്ച അടിസ്ഥാന മാവാണ് ആട്ട അഥവാ ഗോതമ്പ് മാവ്. മൈദ അല്ലെങ്കിൽ ശുദ്ധീകരിച്ച മാവ് മുഴു ഗോതമ്പ് ധാന്യങ്ങളുടെ എൻഡോസ്‌പെർമിൽ നിന്നാണ് നിർമ്മിക്കുന്നത്.

മൈദ പൊടി മിനുസമാർന്നതും ടാൽക്കം പൗഡർ പോലെ പൊടി രൂപത്തിലും ആയിരിക്കുമ്പോൾ, ആട്ട തൊടുമ്പോൾ കൂടുതൽ പരുക്കനായിരിക്കും. ഗോതമ്പ് ധാന്യങ്ങൾ എളുപ്പത്തിൽ വാങ്ങുവാനും വീട്ടിൽ തന്നെ പൊടിച്ചെടുക്കുവാനും കഴിയുമെങ്കിലും, മൈദയുടെ ശുദ്ധീകരണ പ്രക്രിയ പ്രത്യേക മില്ലുകളിലും ഫാക്ടറികളിലും മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇന്ത്യൻ ഭക്ഷ്യ സംസ്കാരത്തിൽ ആട്ട അഥവാ ഗോതമ്പ് പൊടി ദൈനംദിന ഭക്ഷണം തയ്യാറാക്കുന്നതിൽ സാധാരണമായി കണക്കാക്കാനുള്ള കാരണവും ഒരു പക്ഷെ ഇതായിരിക്കാം, അതേസമയം പ്രത്യേക അവസരങ്ങൾ അല്ലെങ്കിൽ കൂടുതൽ ആകർഷകമായ വിഭവങ്ങൾ തയ്യാറാക്കുന്നതിനായി മൈദയാണ് പലരും ഉപയോഗിക്കാറ്.

പോഷകങ്ങളുടെ പ്രാധാന്യം

പോഷകങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ, ധാന്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. 2013 ൽ ആന്റിഓക്‌സിഡന്റ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് പ്രകാരം, മുഴു ധാന്യങ്ങൾ കൂടുതൽ ആരോഗ്യകരമായ ഒന്നായി കണക്കാക്കപ്പെടുന്നു, കാരണം അവയിൽ ഫൈബർ, പ്രോട്ടീൻ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ, ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ആട്ടയിൽ ഫൈബർ, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, കാർബോഹൈഡ്രേറ്റ് എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്നു.

എല്ലാത്തരം ഫൈബർ, പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നീക്കുന്ന വിശദമായ ഒരു സംസ്കരണ പ്രക്രിയയിലൂടെ കടന്നുവന്നതാണ് മൈദ. മൈദയിൽ ആകെ അവശേഷിക്കുന്നത് ശുദ്ധമായ കാർബോഹൈഡ്രേറ്റ് മാത്രമാണ്. ശുദ്ധീകരിച്ചതോ, ലളിതമായതോ ആയ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ മൈദയിൽ മറ്റ് പോഷകങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്, ഇത് നമ്മുടെ ശരീരത്തിന് ശരിക്കും ദോഷകരമാണ്. ശരീര ഭാരം നിയന്ത്രിക്കുന്നവർ, അമിതവണ്ണമുള്ളവർ, ഹൃദയ സംബന്ധമായ രോഗമുള്ളവർ, പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ളവർ, ഏതെങ്കിലും തരത്തിലുള്ള ഉപാപചയ തകരാറുള്ളവർ തുടങ്ങിയ ആളുകൾ മൈദ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.

സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി 1, ബി 3, ബി 5, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുഴു ഗോതമ്പ് പൊടി. സമ്പുഷ്ടമായ അളവിൽ കാത്സ്യം, ഇരുമ്പ് എന്നിവയും ഇതിലുണ്ട്. അതിനാൽ, ഗോതമ്പ് കഴിക്കുന്നയാളാണെങ്കിൽ, ഉയർന്ന ഫൈബർ അടങ്ങിയ മുഴു ഗോതമ്പ് പൊടി തിരഞ്ഞെടുക്കുക.

മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന പല തരത്തിലുള്ള ബേക്കറി വിഭവങ്ങളും പൊറോട്ടയും കേക്കും പോലെയുള്ള ഭക്ഷണങ്ങളെല്ലാം തന്നെ അതീവ രുചികരമാണ്, പക്ഷേ പോഷക മൂല്യത്തിന്റെ കാര്യം പരോഗണിക്കുമ്പോൾ, എന്തുകൊണ്ടും മൈദയേക്കാൾ വളരെയധികം ഗുണകരം ആട്ടയാണ്. ആട്ടയും മൈദയും മുഴു ഗോതമ്പിൽ നിന്നാണ് തയ്യാറാക്കുന്നതെങ്കിലും, അവ തയ്യാറാക്കുന്ന പ്രക്രിയ പരിഗണിക്കുമ്പോൾ മൈദ ഒഴിവാക്കി ആട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിൻ്റെ നല്ലൊരു പങ്കും ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. അത്കൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൻ്റെ കാര്യത്തിൽ നമ്മൾ ഓരോരുത്തരും അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്.

Related posts