രാവുണ്ണിയേട്ടാ നിങ്ങൾക്കു കിഡ്നിസ്റ്റോണ് ആയിട്ട് തീരെ വയ്യേർന്നു കേട്ടു. ഇപ്പോ സുഖായോ, കല്ല് പൊടിച്ച് കളയണം പറഞ്ഞോ ഡോക്ടർ ?
കല്ലിൻ്റെ സ്ഥാനം, വലുപ്പം, അത് വൃക്കയിൽ ഉണ്ടാക്കിയിട്ടുള്ള ക്ഷതം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുക. 5 മില്ലിമീറ്ററോ അതിൽ താഴെയുള്ളതോ ആയ കല്ലാണ് എങ്കിൽ, വ്യക്കയ്ക്ക് ബ്ലോക്കില്ല എങ്കിൽ അത് മൂത്രത്തിലൂടെ പോകുന്നുണ്ടോ എന്ന് 4 ആഴ്ചവരെ നോക്കാം. അപ്പോൾ ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം നിയന്ത്രണത്തിനും നിർദേശിക്കും. ഇതോടൊപ്പം മൂത്രവാഹിനിക്കുഴൽ അല്പം വികസിപ്പിക്കാൻ സഹായിക്കുന്ന ചില മരുന്നുകൾ (ആൽഫ ബ്ലോക്കറുകൾ) നൽകാറുണ്ട്. കല്ല് തടസ്സം കൂടാതെ മൂത്രവാഹിനിക്കുഴലിലൂടെ കടന്നുപോകാൻ ഇത് സഹായിക്കും. കല്ല് തടസ്സപ്പെടുന്ന ഭാഗത്തെ നീർക്കെട്ട് ഒഴിവാക്കാനും മരുന്നുകൾ നിർദേശിക്കാറുണ്ട്.
കല്ല് നീക്കാൻ ഓപ്പൺ സർജറി ഇപ്പോൾ ആവശ്യമായി വരുന്നില്ല എന്നു തന്നെ പറയാം. പുതിയ രീതികൾ നിലവിലുണ്ട്.
ഇ.എസ്.ഡബ്ല്യു.എൽ
കല്ലുള്ള ഭാഗത്തേക്ക് ഷോക്ക് തരംഗങ്ങൾ കടത്തിവിട്ട് അത് പൊടിച്ച് കളയുന്ന ചികിത്സയാണ് എക്സ്ട്രാ കോർപോറിയൽ ഷോക് വേവ് ലിത്തോട്രിപ്സി (ESWL). 2 സെന്റ്റി മിറ്റർ വരെയുള്ള കല്ലുകൾ ഇങ്ങനെ പൊടിക്കാം. വൃക്കകളുടെ പ്രവർത്തന വൈകല്യം കാര്യമായി ഉണ്ടാകാത്ത അവസ്ഥയിൽ മാത്രമേ ഈ രീതിയിൽ കല്ല് പൊടിച്ച് നീക്കാനാകൂ. മാത്രമല്ല കല്ലിന്റെ കെമിക്കൽ ഘടകങ്ങൾ അനുസരിച്ചും പൊടിച്ചെടുക്കാൻ പ്രയാസം നേരിടും. ഉദാഹരണമായി സിസ്റ്റീൻ കല്ലുകൾ പൊട്ടില്ല.
ചിലരിൽ കല്ല് മുഴുവനായും പൊടിയണമെങ്കിൽ രണ്ടോ മൂന്നോ തവണ ഷോക് വേവ് ചെയ്യേണ്ടി വരും. വൃക്ക, മൂത്ര വാഹിനിക്കുഴലിൻ്റെ മുകൾവശം എന്നിവിടങ്ങളിലെ കല്ലുകൾ പൊടിക്കാൻ മാത്രമേ ഈ രീതി സഹായിക്കൂ. കല്ലിൻ്റെ പൊടികൾ മൂത്രത്തിലൂടെത്തന്നെ പുറത്തേക്ക് പോവും. ഇതിന് പൊതുവേ നാലു മുതൽ ആറ് ആഴ്ചകൾ വരെ വേണ്ടി വരും. ചിലപ്പോൾ അത് മൂന്ന് മാസം വരെയെടുക്കാം. അത്കൊണ്ട് തുടർ പരിശോധനകൾ ആവശ്യമാണ്.
പി.സി.എൻ.എൽ
ചെറിയ സുഷിരമുണ്ടാക്കി അതിലൂടെ നെഫ്രോസ്കോപ് കടത്തി കല്ല് പൊടിച്ച് പുറത്തേക്ക് എടുക്കുന്ന രീതിയുണ്ട്. പെർക്യൂട്ടേനിയസ് നെഫ്രോലിത്തോട്ടമി (PCNL) എന്നാണ് ഇതിൻ്റെ പേര്. ലേസർ, അൾട്രാസൗണ്ട്, ബാലിസ്റ്റിക്, ലിതോട്രിപ്സി (എയർപവർ) എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. വലിയ കല്ലുകളും ഇതിലൂടെ നിക്കാം.
എൻഡോസ്കോപ്പി
മൂത്രനാളി വഴി എൻഡോസ്കോപ് കടത്തി മൂത്ര സഞ്ചിയിലെ കല്ലുകൾ പൊടിച്ച് പുറത്തേക്കെടുക്കാം. ഇതിനെ സിസ്റ്റോലിതോട്രിപ്സി എന്നു പറയും. വലിയ കല്ലുകളെയും ഇങ്ങനെ നീക്കാം. അൾട്രാസൗണ്ട്, ബാലിസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് പൊടിക്കുക. വലിയ കല്ലുകളാണെങ്കിൽ കീഹോൾ രീതിയിലും നീക്കം ചെയ്യാം.
യൂറിറ്ററോ റീനോസ്കോപ്പി
മൂത്രനാളി, മൂത്രസഞ്ചി എന്നിവ വഴി യൂറിറ്ററോസ്കോപ്പ് കടത്തി മൂത്രവാഹിനിക്കുഴലിലെ കല്ലുകൾ നീക്കുന്ന രീതിയാണിത്. കല്ലുകൾ നേരിട്ടോ പൊടിച്ചോ എടക്കാനാകും.