Nammude Arogyam
General

സ്ത്രീകളിലെ വെള്ളപോക്ക്; കാരണങ്ങള്‍ എന്തെല്ലാം?

സ്ത്രീകളിലെ വെള്ളപോക്ക് അല്ലെങ്കില്‍ അസ്ഥിയുരുക്കം എന്ന അവസ്ഥ പുറത്ത് പറയാന്‍ മടിയ്ക്കുന്ന സ്ത്രീജന്യ രോഗങ്ങളില്‍ ഒന്നാണ്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് വഴിവെക്കുന്നതിനാല്‍ അല്പം ശ്രദ്ധിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് ഈ പ്രശ്നം രൂക്ഷമായ രീതിയില്‍ കാണപ്പെടുന്നത്. വെള്ളപോക്ക് എങ്ങനെ അപകടകരമാകുന്നുവെന്നും അത് തടയാനായി എന്തെല്ലാം ചെയ്യാമെന്നും സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കേണ്ടതുണ്ട്. ഇത് പ്രതിരോധിക്കാനായി വളരെ ലളിതമായ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത ഇത്തരം മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കാം.

യോനിയ്ക്ക് അകത്തു നിന്ന് നശിച്ച കോശങ്ങളും ബാക്ടീരിയകളും സാധാരണഗതിയില്‍ വെള്ള നിറത്തിലുള്ള ദ്രാവക രൂപത്തില്‍ പുറംതള്ളപ്പെടുന്ന അവസ്ഥയാണ് വെള്ളപോക്ക്. മുലയൂട്ടല്‍, ലൈംഗിക ഉത്തേജനം തുടങ്ങിയവയെല്ലാം നടക്കുമ്പോള്‍ യോനിയില്‍ നിന്ന് ഡിസ്ചാര്‍ജ് ഉണ്ടാവാറുണ്ട്. ഇത് തികച്ചും സ്വാഭാവികമായ പ്രക്രിയ തന്നെയാണ്. എന്നാല്‍ ഇത് തുടര്‍ച്ചയായും അമിതമായ അളവിലും കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. മാത്രമല്ല അസ്വാഭാവികമായ നിറമോ മണമോ ഉണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

പല കാരണങ്ങള്‍ കൊണ്ടാകാം സ്ത്രീകളില്‍ വെള്ളപോക്ക് സംഭവിക്കുന്നത്. കാരണങ്ങള്‍ ഗൗരവകരമാണെങ്കിലും വെള്ളപോക്ക് അമിതമായ അളവില്‍ ഉണ്ടെങ്കിലും കൃത്യമായ ചികിത്സ തേടണം. ഡിസ്ച്ചര്‍ജിന്റെ നിറം ബ്രൗൺ കലര്‍ന്ന വെള്ള നിറമോ ഇളം പച്ച, മഞ്ഞ, ബ്രൗൺ നിറങ്ങളില്‍ ആണെങ്കില്‍ ഇത് ഗൗരവകരമായി തന്നെ പരിഗണിക്കണം.

യീസ്റ്റ് ഇന്‍ഫെക്ഷന്‍: കട്ടിയുള്ള ഡിസ്ചാര്‍ജ്നൊപ്പം യോനിയില്‍ ചൊറിച്ചില്‍ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ യീസ്റ്റ് ഇന്‍ഫെക്ഷന്‍ ആകാം കാരണം. ഇതിന് ഉടന്‍ പരിഹാരം കാണേണ്ടതുണ്ട്.

ശുചിത്വമില്ലാത്തത്: യോനീ ഭാഗങ്ങളിലെ ശുചിത്വമില്ലായ്മ വെള്ളപോക്കിനു കാരണമാകാം. അതിനാല്‍ എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രമിയ്ക്കുക.

മാനസിക സമ്മര്‍ദ്ദം: ശാരീരിക അവസ്ഥകള്‍ക്ക് പുറമേ മാനസിക നിലയും ഇതിനു കാരണമാകും. അമിത ഉത്കണ്ഠയും പല തരത്തിലുള്ള മാനസിക സംഘര്‍ഷവും തുടര്‍ച്ചയായി അനുഭവിയ്ക്കുന്നുണ്ടെങ്കില്‍ ഇത് വെള്ള പോക്കിന് ഒരു കാരണമായേക്കാം.

ലൈംഗിക രോഗങ്ങള്‍: ഏതെങ്കിലും ലൈംഗിക രോഗങ്ങള്‍ , ഗര്‍ഭാശയമുഖ കാന്‍സര്‍, ഗര്‍ഭ നിരോധന ഗുളികകളുടെ അമിത ഉപയോഗം എന്നിവ കാരണവും വെള്ളപോക്ക് ഉണ്ടാകാം. മഞ്ഞ നിറത്തിലുള്ള വെള്ളപോക്ക് ലൈംഗിക രോഗങ്ങളുടെ തുടര്‍ച്ചയാകാം.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ലൈംഗിക ബന്ധത്തില്‍ വൃത്തിയും സുരക്ഷിതത്വവും പ്രധാനമാണ്. പച്ച അല്ലെങ്കില്‍ മഞ്ഞ നിറങ്ങളില്‍ ഡിസ്ചാര്‍ജ് ഉണ്ടെങ്കില്‍ അത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ കൂടിയാണെന്ന് കണക്കാക്കാം.

പോഷകാഹാര കുറവ്: സ്ത്രീകള്‍ ഏത് പ്രയക്കരയാലും ആവശ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കണം. ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വെള്ളപോക്ക് മാത്രമല്ല, ആര്‍ത്തവ അസ്വസ്ഥതകള്‍ ഉള്‍പ്പെടെ കുറയ്ക്കാന്‍ സഹായിക്കും.

കൂടിയ അളവിലുള്ള വെള്ള പോക്കിനോടൊപ്പം ക്ഷീണം, തളര്‍ച്ച, യോനിയില്‍ ചൊറിച്ചില്‍, ദുര്‍ഗന്ധം, തലവേദന, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവ കാണുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ നേരിട്ട് സമീപിക്കുകയാണ് ഉചിതം.

കുറഞ്ഞ തോതിലുള്ളതും അപകടകരമാല്ലാത്തതുമായ വെള്ളപോക്കിനെ ഭയപ്പെടെണ്ടതില്ല, മറിച്ച് ഇത് യോനിയിലെ ബാക്ടീരിയ, ഫംഗല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയവയെ ഇല്ലാതാക്കാന്‍ സഹായിക്കും.

Related posts