Nammude Arogyam
General

മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ..

ഏത് പ്രായത്തിലുള്ളവർക്കും ഉണ്ടാകുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. ഒരു ചെറിയ മുഖക്കുരു മതി പലപ്പോഴും നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാൻ. മുഖക്കുരുവിനേക്കാൾ പ്രശ്നക്കാരനാണ് അത് അവശേഷിപ്പിച്ച് പോകുന്ന പാടുകൾ. മുഖക്കുരു അപ്രത്യക്ഷമായാലും ഈ പാടുകൾ നമ്മുടെ സ്വസ്ഥത നശിപ്പിക്കും. അതിനാൽ അവ നീക്കേണ്ടത് അത്യാവശ്യമാണ്. മുഖക്കുരു എടുക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് ഡെർമറ്റോളജിസ്റ്റുകൾ നിങ്ങളോട് പറയുന്നതിന് പല കാരണങ്ങളുണ്ട്. കാരണം ഇത്തരം പ്രവൃത്തികൾ പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും. മുഖക്കുരു ഭേദമായതിന് ശേഷം അവശേഷിക്കുന്ന കറുത്ത പാടാണിത്. മുഖക്കുരു പൊട്ടിക്കുമ്പോൾ വീക്കം വഷളാക്കും, മുഖക്കുരു മാറി , ചർമ്മം സുഖപ്പെടുമ്പോൾ, ഇവിടെ വളരെയധികം മെലാനിൻ ഉത്പാദിപ്പിക്കുകയും കറുത്ത പാടുകൾ ഉണ്ടാകുകയും ചെയ്യും.

മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ പല ഉത്പന്നങ്ങളും വിപണിയിൽ ഉണ്ടെങ്കിലും നിങ്ങൾക്ക് എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.

അര കഷ്ണം ജാതിക്ക അല്ലെങ്കിൽ 8-10 ഞാവൽ വിത്തുകൾ എടുത്തു പൊടിച്ച ശേഷം അതിലേക്ക് റോസ് വാട്ടർ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക, 20 മിനിറ്റ് വച്ച ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. ഉരുളക്കിഴങ്ങും കറ്റാർ വാഴ ജെല്ലും മുഖത്തെ കറുത്ത പാടുകൾ മാറ്റാനുള്ള മറ്റൊരു എളുപ്പവഴിയാണിത്. കുറച്ച് ഉരുളക്കിഴങ്ങ് ജ്യൂസ് എടുത്ത് അതിലേക്ക് ഓർഗാനിക് കറ്റാർ വാഴ ജെൽ ചേർക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. ഇത് മുഖത്തെ ഈർപ്പമുള്ളതാക്കുകയും, കറുത്ത പാടുകൾ മായ്‌ക്കുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ചർമ്മം ദീർഘകാലാടിസ്ഥാനത്തിൽ പാടുകളില്ലാതെ നിലനിൽക്കും.

മഞ്ഞളിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ബയോ ആക്റ്റീവ് ഘടകമായ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു. ചർമ്മത്തിലെ കറുത്ത പാടുകളും മുറിവുകളും മാറ്റാൻ മഞ്ഞൾ അത്ഭുതകരമായി പ്രവർത്തിക്കുന്നു. മഞ്ഞൾ തേനുമായി സംയോജിപ്പിച്ചു മുഖത്ത് പുരട്ടിയാൽ മുഖക്കുരു പാടുകളും കറുത്ത പാടുകളും വേഗത്തിൽ മായ്‌ക്കും. ഒരു ടേബിൾ സ്പൂൺ തേൻ ഒരു നുള്ള് മഞ്ഞളുമായി യോജിപ്പിച്ചു മുഖത്ത് പുരട്ടുക. അല്ലെങ്കിൽ കറുത്ത പാടുകളിൽ മാത്രം പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക. ഇത് ദിവസവും രണ്ടു തവണ പുരട്ടാവുന്നതാണ്.

കറ്റാർ വാഴ ജെൽ വേർതിരിച്ചെടുക്കുക. ഇത് ഐസ് ക്യൂബുകളായി ഫ്രീസ് ചെയ്യുക. അതിനു ശേഷം മുഖം മുഴുവൻ മസാജ് ചെയ്യുക. രാത്രി മുഴുവൻ അങ്ങനെ വച്ച ശേഷം രാവിലെ കഴുകുക. എല്ലാ രാത്രിയും ഇത് ആവർത്തിക്കാവുന്നതാണ്.

നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ പൊടിച്ച മസൂർ ദാൽ, തണുത്ത പച്ച പാലിൽ യോജിപ്പിച്ചു ഉപയോഗിക്കുക. എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയിൽ സ്‌ക്രബ് ചെയ്യുക. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ദിവസവും ഇത് ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുക മാത്രമല്ല, ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് സമ്മാനിക്കുകയും ചെയ്യും.

Related posts