Nammude Arogyam
Healthy Foods

ഗ്രീൻ ടീയുടെ കൂടുതൽ അറിയപ്പെടാത്ത ആരോഗ്യ ഗുണങ്ങൾ

മികച്ച ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല. ഗ്രീൻ ടീയുടെ പ്രധാന സവിശേഷത ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ആണ്. അതുകൊണ്ട് തന്നെയാണ് ഈ പാനീയം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പരിഹാരങ്ങളിൽ ഒന്നാകുന്നത്. ഇത് കൂടാതെ ഗ്രീൻ ടീയുടെ പ്രധാന സവിശേഷതകളിൽ ഒന്നായി കണക്കാക്കുന്നത് ചർമ്മ സംരക്ഷണത്തിന് ഇത് നൽകുന്ന പ്രത്യേക ഗുണങ്ങളാണ്.

ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുവാനുള്ള ഒരു ഉത്തമ പാനീയമാണ് ഗ്രീൻ ടീ. ഇത് ശരീരത്തെ ശുദ്ധീകരിക്കുകയും ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളതുമാണ്. ഓക്സിഡൈസ് ചെയ്യാത്ത ഇലകളിൽ നിന്നാണ് ഗ്രീൻ ടീ നിർമ്മിക്കുന്നത്, അതുകൊണ്ട് തന്നെ ഫെർമെന്റേഷൻ പ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. ശരീരത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഗ്രീൻ ടീയിൽ നിലനിർത്തുന്നു. പല്ല് നശിക്കുന്നത് തടയുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങൾ ഗ്രീൻ ടീക്ക് ഉണ്ട്. ഈ പാനീയത്തിന്റെ ഇവ കൂടാതെയുള്ള മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1.പല്ല് നശിക്കുന്നത് തടയുന്നു

തൊണ്ടയിലെ അണുബാധയ്ക്കും പല്ല് നശിക്കുന്നതിനും കാരണമാകുന്ന വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന രാസ ആന്റിഓക്‌സിഡന്റ് ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നതിനാൽ പല്ലുകൾ നശിക്കുന്നത് തടയാൻ സഹായിക്കുന്നു.

2.ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ഗ്രീൻ ടീ ഉപാപചയ പ്രക്രിയകളെ വേഗത്തിലാക്കുന്നു, അതുവഴി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിൽ കൊഴുപ്പ് ഓക്സീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോൾ ഇതിൽ അടങ്ങിയിരിക്കുന്നു.

3.ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു

മിക്ക ഹൃദ്രോഗങ്ങളും ഉണ്ടാകുന്നത് സമ്മർദ്ദവും പിരിമുറുക്കവും മൂലമാണ്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് രക്തക്കുഴലുകളെ ശാന്തമായി നിലനിർത്താനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്നു.

4.മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

വിഷാദത്തിനെതിരെ പോരാടുന്നതിനും മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഗ്രീൻ ടീ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. മനസ്സിനെ ശാന്തമാക്കുകയും ശാന്തത അനുഭവപ്പെടുത്തുകയും ചെയ്യുന്ന തിയനൈൻ ഇതിൽ അടങ്ങിയിരിക്കുന്നു.

5.ക്യാൻസർ സാധ്യത കുറയ്ക്കുന്നു

മൂത്രസഞ്ചി, വൻകുടൽ, ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനം, ചർമ്മം, ആമാശയം, അണ്ഡാശയം മുതലായ ഇടങ്ങളിൽ ഉണ്ടാവുന്ന വിവിധതരം അർബുദങ്ങളെ തടയാൻ ഗ്രീൻ ടീ സഹായിക്കുന്നു. കാൻസർ കോശങ്ങളെ നശിപ്പിക്കുവാനും അവയുടെ വളർച്ച തടയാനും ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ സഹായിക്കുന്നു.

കാൻസർ തടയുന്നത് മുതൽ പ്രമേഹം നിയന്ത്രിക്കുന്നത് വരെയുള്ള ആരോഗ്യ ആനുകൂല്യങ്ങൾ കാരണം സാധാരണ ചായയ്ക്കു പകരം കുടിക്കാവുന്ന ആരോഗ്യകരമായ ഒരു ബദലാണ് ഗ്രീൻ ടീ എന്നതിൽ യാതൊരു സംശയവുമില്ല.

Related posts