Nammude Arogyam
Cancer

കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗമാണ്. പല അവയവങ്ങളെയും ബാധിക്കുന്ന പല തരം ഗുരുതര ക്യാന്‍സറുകളുണ്ട്. അത്തരം ക്യാന്‍സറുകളിൽ ഒന്നാണ് കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍. ഇതിന്റെ ചില ലക്ഷണങ്ങള്‍, ഇതു തടയാന്‍ വേണ്ടി വരുന്ന കാര്യങ്ങള്‍ തുടങ്ങിയവ എന്തൊക്കെയാണെന്ന് നോക്കാം.

അഡിനോ കാര്‍സിനോമ എന്നതാണ് പൊതുവേ കാണുന്ന കോളന്‍ ക്യാന്‍സര്‍. വന്‍കുടലിന്റെ അററത്തായാണ് പൊതുവേ ഇത് ഉണ്ടാകുക. 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരേയാണ് ഇത് കൂടുതല്‍ ബാധിയ്ക്കുന്നത്. അൾസറൈറ്റിസ് പോലുള്ളവ ഉള്ളവര്‍ക്ക് ഈ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. കുടലിനകത്തുള്ള പോളിപ്‌സും ഇത്തരം കോളന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുള്ളതാണ്. ഇതു പോലെ ഡയറ്റിലെ വ്യത്യാസങ്ങളും ഇത്തരം ക്യാന്‍സറിന് സാധ്യതയുണ്ടാക്കും. നാരുകള്‍ കുറഞ്ഞ ഭക്ഷണം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എന്നിവ കഴിയ്ക്കുന്നത് ഇത്തരം കോളന്‍ ക്യാന്‍സറിനുള്ള പ്രധാന കാരണമാണ്.

പുകവലി പോലുള്ള പ്രശ്‌നങ്ങളെങ്കിലും കോളന്‍ ക്യാന്‍സറിന് സാധ്യത കൂടുതലാണ്. ഇതു പോലെ വ്യായാമമില്ലാതെയുള്ള ജീവിത ചിട്ടയും ഇതിന് മറ്റൊരു കാരണമാണ്. ചുവന്ന ഇറച്ചി ഇതിനുള്ള കാരണമാണ്. ഇതു പോലെ അമിത വണ്ണം, പ്രമേഹം എന്നിവയെല്ലാം തന്നെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പാരമ്പര്യവും ക്യാന്‍സറിന് ഒരു പരിധി വരെ സാധ്യതയുള്ളതാണ്.

ഇത് തിരിച്ചറിയാന്‍ നമുക്ക് തന്നെ സാധിയ്ക്കും. അടിക്കടി വരുന്ന വയറുവേദന, പ്രത്യേകിച്ചും കോച്ചിപ്പിടിക്കുന്ന സ്ഥിരം വയറുവേദന, മലത്തില്‍ രക്തം, മലത്തിന്റെ പോക്കില്‍ വരുന്ന വ്യത്യാസങ്ങള്‍. മലത്തിലെ രക്തത്തിന് ഓറഞ്ച്, കറുപ്പ് നിറം, അമിതമായ ക്ഷീണം, വിളര്‍ച്ച, ടോയ്‌ലറ്റില്‍ പോയാല്‍ ശരിയായില്ല എന്ന തോന്നല്‍ എന്നിവയെല്ലാം തന്നെ കോളന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളായി എടുക്കാം. ഒന്നോ രണ്ടോ തവണ ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ ഇത് കോളന്‍ ക്യാന്‍സര്‍ എന്നു കരുതേണ്ടതില്ല. ഇത് അടുപ്പിച്ച് വരുന്നതെങ്കില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത്.

ഇത് നേരത്തെ കണ്ടു പിടിയ്ക്കാന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്താം. പ്രത്യേകിച്ചും പാരമ്പര്യമായോ അല്ലെങ്കില്‍ പോളിപ്‌സ് പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍. ഇത് തടയാന്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കാം. മാംസം കുറയ്ക്കുക. പ്രത്യേകിച്ചും റെഡ് മീറ്റ്. മദ്യപാനം, പുകവലി ശീലങ്ങള്‍ നിര്‍ത്തുക. നല്ല വ്യായാമ ശീലങ്ങള്‍ സ്വായത്തമാക്കുക. കൃത്യമായി വെള്ളം കുടിയ്ക്കുക. മനസിന് ശാന്തത നല്‍കുക. ഇത്തരം ശീലങ്ങളെങ്കില്‍ കോളന്‍ ക്യാന്‍സര്‍ മാത്രമല്ല, പല മാരക രോഗങ്ങളെയും തടയാന്‍ സാധിക്കും.

തുടക്കത്തില്‍ കണ്ടു പിടിച്ചാല്‍ ചികിത്സിച്ച് മാറ്റാമെങ്കിലും കണ്ടുപിടിയ്ക്കാന്‍ വൈകുന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത്. ഒരു പ്രത്യേക സ്റ്റേജ് കഴിഞ്ഞാല്‍ ഇത് ചികിത്സിച്ച് മാറ്റാന്‍ ബുദ്ധിമുട്ടാണ്. ഇതിനാല്‍ തന്നെ ഇത് വരാതിരിയ്ക്കാനും നേരത്തെ കണ്ടെത്താനും കഴിയുകയെന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

Related posts