പുറത്ത് നിന്ന് നല്ല രുചികരമായ ഭക്ഷണം കഴിച്ചതിന് ശേഷം പലർക്കും അമിതമായി ക്ഷീണം അനുഭവപ്പെടാറുണ്ട്. പലരും വിചാരിക്കുന്നത്, ഇത് വയര്‍ നിറഞ്ഞതുകൊണ്ടാണെന്നാണ്. എന്നാല്‍, ഇതിനു പിന്നിലെ വില്ലന്‍ അജിനോമോട്ടോയാണ്. ഇന്ന് ഒട്ടുമിക്ക ഹോട്ടലുകളില്‍ പോയാലും ഭക്ഷണങ്ങളില്‍ രുചി കൂട്ടുന്നതിനായി അജിനോമോട്ടോ ചേര്‍ക്കപ്പെടുന്നുണ്ട്. ചിലര്‍ പറയും ഇത് ചേര്‍ത്തതുകൊണ്ട് പ്രശ്നമില്ലെന്ന്. എന്നാല്‍, അജിനോമോട്ടോ( Ajinomoto) കഴിച്ചാൽ നമ്മളുടെ ശരീരത്തില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
ഭക്ഷണങ്ങള്‍ക്ക് രുചി കൂട്ടുവാന്‍ സഹായിക്കുന്ന ഒന്നാണ് മോണോസോഡിയം ഗ്ലൂട്ടമേറ്റ് അഥവാ അജിനോമോട്ടോ (എംഎസ്ജി). എത്ര നാടന്‍ രുചി എന്ന് പറഞ്ഞാലും കസ്റ്റമേഴ്സിനെ പിടിച്ചിരുത്താന്‍ ഭക്ഷണത്തില്‍ അജിനോമോട്ടോ ചേര്‍ക്കുന്നവരാണ് അധികവും. അത്കൊണ്ട് തന്നെ പുറത്തു നിന്നും ഭക്ഷണം സ്ഥിരമാക്കുന്നവർ, ഇതിലൂടെ പലതരത്തിലുള്ള അസുഖങ്ങള്‍ വിളിച്ച് വരുത്തുക കൂടിയാണ് ചെയ്യുന്നത്.
ഇന്ന് പല ചൈനീസ് റസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന ഒന്നാണ് അജിനോമോട്ടോ. പ്രത്യേകിച്ച് നൂഡില്‍സ് തയ്യാറാക്കുമ്പോള്‍. ചൈന, ജപ്പാന് എന്നിവിടങ്ങളില്‍ അജിനോമോട്ടോ ഉപയോഗിച്ചിട്ട് അവര്‍ക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ എന്ന വാദം ഉന്നയിക്കുന്നവരും വിരളമല്ല. എന്നാല്‍, അറിയണം ഇത് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷവശങ്ങള്‍.
തലച്ചോറിലേയ്ക്കുള്ള ന്യൂറോട്രാന്സ്മിറ്ററായാണ് ഗ്ലൂട്ടമേറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത് ഞരമ്പുകളിലെ കോശങ്ങളുടെ ആരോഗ്യത്തിനെല്ലാം വളരെ നല്ലതാണെങ്കിലും നമ്മള് അമിതമായി എംഎസ്ജി അടങ്ങിയ ആഹാരം ശീലമാക്കിയാല്‍ ഇത് തലച്ചോറില്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. അതുപോലെ, ചിലപ്പോള്‍ ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് മൊത്തത്തില്‍ ഒരു കുഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍, നടക്കുമ്പോഴെല്ലാം കാല് കുഴഞ്ഞു പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം കഴിച്ച ഭക്ഷണത്തില്‍ അജിനോമോട്ടോ ചേര്‍ത്തിട്ടുണ്ട് എന്നതാണ്. കൂടാതെ അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലവേദന ഉണ്ടാകുന്നതിലേയ്ക്കും മാനസികപിരിമുറുക്കം, ശ്വസനതടസ്സങ്ങള്, ഉറക്കത്തിനായി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം തന്നെ നേരിടണം. ചിലപ്പോള്‍ ക്യാന്‍സര്‍ വരെ വരുവാന്‍ സാധ്യത കൂടുതലാണ്.
അലഹബാദ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം പ്രകാരം അജിനോമോട്ടോ ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ആ വ്യക്തിയ്ക്ക് മാനസിക സമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ അതുപോലെ, വേഗത്തില്‍ പ്രായമാകുന്ന അവസ്ഥ എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും എന്നാണ് പറയുന്നത്.
എംഎസ്ജിയിലെ വിഷകരമായ വശത്തെക്കുറിച്ച് ഇവര്‍ നടത്തിയ പഠനം ഇന്ത്യന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിലാണ് പ്രസിദ്ധീകരിച്ചത്. ഇതിനു മുന്‍പും അജിനോമോട്ടയുടെ പാര്ശ്യഫലങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ നടന്ന പഠനത്തിലും ഇതിന്റെ ദോഷഫലങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ തെളിഞ്ഞിരിക്കുകയാണ്.
പുറത്തു നിന്നും അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം തന്നെ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ വരുവാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചൈനീസ് വിഭവങ്ങളോട് പ്രിയം കാണിക്കുന്നവര്‍ക്ക്. ഇവര്‍ക്ക് പെട്ടെന്ന് തന്നെ പ്രായം തോന്നുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകും.
അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനപ്രകാരം, മൂന്ന് ആഴ്ച്ച അടുപ്പിച്ച് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചവരുടെ തലച്ചോറില്‍ തന്നെ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കൂടാതെ, 30 മില്ലിഗ്രാം വീതം അജിനോമോട്ടോ ശരീരത്തില്‍ എത്തുന്നവരില്‍ അധികം പ്രശ്നം കണ്ടില്ലെങ്കിലും 100 മില്ലിഗ്രാം വീതം അജിനോമോട്ടോ ശരീരത്തില്‍ എത്തുന്നവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നതായും പഠനത്തില്‍ വ്യക്തിമാക്കുന്നു.
മുകളിൽ പറഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ തന്നെ പുറത്തു നിന്നും ഭക്ഷണം വാങ്ങി ഉപയോഗിക്കുന്നത് കഴിവതും കുറക്കുക.