Nammude Arogyam
Healthy FoodsGeneral

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ യൂറിക് ആസിഡിനോട് ഗുഡ്ബൈ പറയൂ

നമ്മൾ പതിവായി കഴിക്കുന്ന ഭക്ഷണത്തിലെയും, ശരീരത്തിലെ കോശങ്ങളിലെയും പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂരിൻ എന്ന ഘടകം പല രാസപ്രക്രിയയിലൂടെയും വിഘടിച്ച് ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്. നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് ക്രമീകരിക്കുന്ന ധർമ്മം വഹിക്കുന്നത് വൃക്കകളാണ്. യൂറിക് ആസിഡ് സാധാരണയായി പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയും മലത്തിലൂടെയുമാണ്. എന്നാൽ വൃക്കകളുടെ അനാരോഗ്യകരമായ അവസ്ഥയും ആഹാരത്തിലെ പ്രോട്ടീന്റെ അമിതമായ അളവും യൂറിക് ആസിഡ് കൂടാൻ കാരണമാകുന്നു. ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്‌നം കണ്ടു വരുന്നുണ്ട്. പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ്, മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

രക്തത്തില്‍ യൂറിക് ആസിഡ് അടിഞ്ഞു കൂടുന്നത് ഹൈപ്പര്‍ യൂറിസെമിയ എന്നാണ് അറിയപ്പെടുന്നത്. യൂറിക് ആസിഡ് കൂടുമ്പോള്‍ ഇത് ക്രിസ്റ്റലുകളായി മാറി സന്ധികളിലും മറ്റും അടിഞ്ഞു കൂടി നീരും വേദനയുമെല്ലാം ഉണ്ടാക്കുന്നു. ഗൗട്ട് എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്. കൈകാല്‍ കാല്‍ മുട്ടുകളിലും കണങ്കാലിലുമെല്ലാം നീരു വരുന്ന അവസ്ഥ ഇതു കൊണ്ടുണ്ടാകുന്നു. ഒരു സമയം ഒരു സന്ധിയിലേ സാധാരണയായി ഈ അവസ്ഥ ഉണ്ടാകും. എന്നാൽ രണ്ടു സന്ധികളില്‍ ഒരേ സമയം നീരു വരുന്നത് അപൂര്‍വമാണ്. യൂറിക് ആസിഡ് അളവു കൂടുന്നത് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ മാത്രമല്ല, കരള്‍ രോഗം, ക്യാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് ആവശ്യമാണ്. അതിനാൽ ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് ആവശ്യമാണ്.

യൂറിക് ആസിഡ് ഉയർന്ന നിലയിലാണെങ്കിൽ, അത് സ്വാഭാവികമായി താഴ്ന്ന നിലയിലേക്ക് കൊണ്ടുവരാൻ ഒരു നല്ല ഭക്ഷണക്രമം കൃത്യമായി പിന്തുടരണം. കൂടുതൽ പഴങ്ങളും ധാന്യങ്ങളും ചില പാനീയങ്ങളും കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ, യൂറിക് ആസിഡിനെ സ്വാഭാവികമായി കുറയ്ക്കാൻ കഴിയുന്ന ആറ് ഭക്ഷണങ്ങൾ ഇവയാണ്.

1. വാഴപ്പഴം

ഉയർന്ന യൂറിക് ആസിഡ് കാരണം സന്ധിവാതം പിടിപ്പെട്ടിട്ടുണ്ടെങ്കിൽ, ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡ് നില കുറയ്ക്കുകയും അതുവഴി സന്ധിവാതം പ്രശ്നം സൃഷ്ടിക്കുവാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഏത്തപ്പഴത്തിൽ യൂറിക് ആസിഡായി വിഘടിക്കുന്ന പ്രകൃതിദത്ത സംയുക്തമായ പ്യൂരിൻ സ്വാഭാവികമായും വളരെ കുറവാണ്. അതിനാൽ വാഴപ്പഴം യൂറിക് ആസിഡ് പ്രശ്നം പരിഹരിക്കുവാൻ കഴിക്കാവുന്ന ഒരു നല്ല ഭക്ഷണമായി മാറുന്നു.

2. ആപ്പിൾ

ആപ്പിളിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഫൈബർ രക്തത്തിൽ നിന്ന് യൂറിക് ആസിഡ് വലിച്ചെടുക്കുകയും ശരീരത്തിൽ നിന്ന് അധിക യൂറിക് ആസിഡ് ഒഴിവാക്കുകയും ചെയ്യുന്നു. മാത്രമല്ല, ശരീരത്തിൽ യൂറിക് ആസിഡിന്റെ ഫലങ്ങൾ നിർവീര്യമാക്കുന്ന മാലിക് ആസിഡും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

3. ചെറി

ചെറിയിൽ വീക്കം തടയുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി ഘടകമുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ആർത്രൈറ്റിസ് ആൻഡ് റീമോട്ടോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചെറി കഴിക്കുന്ന ആളുകൾക്ക് സന്ധിവാതം പിടിപ്പെടുവാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിലൂടെ, ചെറി, സന്ധിവാതത്തിന് പിന്നിലെ പ്രധാന കാരണമായ സന്ധികളിൽ യൂറിക് ആസിഡ് ക്രിസ്റ്റലൈസ് ചെയ്യുന്നതിൽ നിന്നും നിക്ഷേപിക്കുന്നതിൽ നിന്നും തടയുന്നു.

4. കാപ്പി

ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പങ്കെടുക്കുത്തവർ കാപ്പി കുടിച്ചപ്പോൾ സന്ധിവാതത്തിനുള്ള സാധ്യത കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നിരുന്നാലും, മറ്റ് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, ഭക്ഷണക്രമത്തിൽ കാപ്പി ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിച്ച് നിർദ്ദേശം സ്വീകരിക്കുക.

5. സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയാൽ സമൃദ്ധമാണ്. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. കാരണം, അവയ്ക്ക് അമിതമായ യൂറിക് ആസിഡ് ഫലപ്രദമായി പുറന്തള്ളാൻ കഴിയും.

6. ഗ്രീൻ ടീ

ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ അത് കൂടാതെ, ഗ്രീൻ ടീ സത്ത് ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് ഉൽപാദനം കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ, സന്ധിവാതം ബാധിച്ചവർ അല്ലെങ്കിൽ രക്തത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് ഒരു ഉത്തമ പാനീയമായി മാറുന്നു.

ഉയർന്ന യൂറിക് ആസിഡ് ഉള്ളവർ പ്രശ്ന.പരിഹാരത്തിനായി ഈ ആറ് ഭക്ഷണങ്ങളും പിന്തുടരുക, അതുവഴി ആരോഗ്യം സസൂക്ഷ്മം കാത്തുസൂക്ഷിക്കാം.

Related posts